അവളാകെ ഒരു ടോപ്പും ലഗ്ഗിന്‍സും മാത്രേ ധരിച്ചിട്ടുള്ളൂ. അതാണെങ്കില്‍ മുഴുവനും നനഞ്ഞ് ദേഹത്തോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു

ഒരു മഴയുടെ സമ്മാനം – രചന:NKR മട്ടന്നൂർ

മഴ പെയ്യുംന്നാ തോന്നണേ… കുട എടുത്തിട്ട് പൊയ്ക്കോളൂ. അമ്മ വിളിച്ചുപറഞ്ഞു. ഒരു നിമിഷം. ഓ..മഴയൊന്നും പെയ്യത്തില്ല, കുടയൊന്നും എടുക്കേണ്ടാന്ന് പറഞ്ഞു മനസ്സ്. പെട്ടെന്ന് എന്തോ തോന്നി നാനോ കുടയെടുത്ത് പാന്‍റിന്‍റെ പോക്കറ്റിലിട്ടു. വേറെ ചെലവൊന്നുമില്ലല്ലോ, അതവിടെ കിടന്നോട്ടെ.

വീട്ടിന്നിറങ്ങി കുറച്ചു ദൂരം നടന്നതേ ഉള്ളൂ. അതാ വരുന്നു മഴ. കൂടെ കാറ്റും. ഒരോട്ടത്തിന്ന് നാണുവേട്ടന്‍റെ കടവരാന്തയിലെത്തി. സമയം ഉച്ച കഴിഞ്ഞതേ ഉള്ളൂ. നാണുവേട്ടന്‍ ഇനി നാലുമണിക്കേ തുറക്കത്തുള്ളൂ കട. സൈഡിലെ അരഭിത്തിയില്‍ ഇരുന്നു. നല്ല മഴ. ശ്ശോ…ഇതിപ്പഴൊന്നും തോരുന്ന ലക്ഷണമില്ല. ആ പോയിട്ട് പ്രത്യേകിച്ചു പണിയൊന്നുമില്ല. ടൗണില്‍ പോയി ഒന്നു കറങ്ങണം. പറ്റുമെങ്കില്‍ മാളില്‍ പോയി പുതിയ കൊള്ളാവുന്ന ഏതെങ്കിലും സിനിമ കാണണം. അങ്ങനെ വെറുതേ മഴ നോക്കി ഇരുന്നു.

പെട്ടെന്ന് കട വരാന്തയിലേക്ക് ഒരു പെണ്ണ് സ്കൂട്ടര്‍ ഓടിച്ചു കയറ്റി. വണ്ടി സൈഡ് സ്റ്റാന്‍ഡില്‍ വെച്ച് അവള്‍ ഇറങ്ങി. ഞാനൊന്ന് നോക്കി. അല്ല ഒന്നേ നോക്കിയുള്ളൂ. പിന്നെ നോക്കാന്‍ വയ്യ. അവളാകെ ഒരു ടോപ്പും ലഗ്ഗിന്‍സും മാത്രേ ധരിച്ചിട്ടുള്ളൂ. അതാണെങ്കില്‍ മുഴുവനും നനഞ്ഞ് ദേഹത്തോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു.

കട വരാന്തയില്‍ ഇപ്പോള്‍ ഞാനും അവളും മാത്രം. അവള്‍ സ്കൂട്ടറിന്‍റെ സീറ്റു തുറന്ന് ഒരു തോര്‍ത്തു കയ്യിലെടുത്തു ദേഹത്തെ വെള്ളം ഒപ്പിക്കളയാന്‍ ഒരു പാഴ്ശ്രമം നടത്തി. ആ തോര്‍ത്തു ആവശ്യമുള്ള വെള്ളം കുടിച്ചു തീര്‍ന്നപ്പോള്‍ അവള്‍ അതൊന്നു പിഴിഞ്ഞു കുടഞ്ഞു വീണ്ടും ദേഹം ഒപ്പി. ഞാന്‍ ഒളികണ്ണാലെ അവളെ ഇടയ്ക്കിടെ ശ്രദ്ധിച്ചു. ഇല്ല എന്നെ നോക്കുന്നേ ഇല്ല. അവള്‍ക്കൊരു ഷോള്‍ കൂടെ എടുക്കാന്‍ തോന്നിയില്ല. പിന്നെ തലയില്‍ ഹെല്‍മെറ്റും ഇല്ല….ഓ…വന്നു വന്നു പെണ്‍ പിള്ളേരും ആണ്‍ കുട്ടികളെ പോലെ ആയോ.

ഞാന്‍ മഴയേനോക്കി വെറുതേ ഇരുന്നു. അവളെന്തെങ്കിലും ചെയ്യട്ടെ. മഴ കൂടുതല്‍ ശക്തമായതെല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. ഇപ്പോള്‍ അവള്‍ തോര്‍ത്തു വണ്ടിയുടെ മേലെ വച്ചിട്ട് കൈകള്‍ മാറില്‍ പിണച്ചു വെച്ചു. എന്നിട്ട് എന്നെ ഒന്നു നോക്കി.

ഓ…..ഇങ്ങനെ ഒരാള്‍ ഇവിടെ ഇരിപ്പുണ്ടെന്ന് ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ. ഞാന്‍ മസിലു പിടിച്ചങ്ങനെ ഇരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടേല്‍ ഇങ്ങോട്ട് വരട്ടെ. എന്‍റെ വീട്ടിലും ഉണ്ട് ഒരെണ്ണം. അത് ഇതുപോലത്തെ അല്ല. ചുരിദാറിടുമ്പോള്‍ ഷോള്‍ ധരിക്കാതെ പുറത്തിറങ്ങാറേ ഇല്ല. എന്നോടാണെങ്കില്‍ മുടിഞ്ഞ സ്നേഹോം ബഹുമാനവുമാ. ഇതേതോ വലിയ വീട്ടിലേതാ. കൂടാതെ മുടിഞ്ഞ അഹങ്കാരവും കാണും. അല്ലെങ്കില്‍ ഈ മഴയത്ത് ഇങ്ങനെ സ്കൂട്ടറില്‍ ഇറങ്ങില്ലാലോ.

ഞാന്‍ പിന്നെയും നോക്കി. അവള്‍ക്ക് തണുത്ത് വിറയ്ക്കുന്നുണ്ട്. പാവം. എനിക്കു സങ്കടം തോന്നി. ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ എന്‍റെ അരികിലേക്ക് വന്നു. ചേട്ടാ ഒരു കൂട്ടുകാരിയെ കൂട്ടാനായി വീട്ടിന്നിറങ്ങിയതാ. അമ്മ പറഞ്ഞതാ മഴ പെയ്യും ഒരു ഓട്ടോയില പൊയ്ക്കോന്ന്. ഞാനതു കേട്ടില്ല. അവളിപ്പോ ബസ്റ്റാന്‍ഡില്‍ എത്തിക്കാണും. ഞാനിപ്പോള്‍ എന്താ ചെയ്യാ? എന്നെ ഒന്നു സഹായിക്കാമോ. ഒരു ഓട്ടോ പിടിച്ചു തരാമോ.

ഓട്ടോയില്‍ ഇങ്ങനെ ആണോ പോവുക ഇയാളാകെ നനഞ്ഞു കുളിച്ചിരിക്കുകയല്ലേ? ഞാന്‍ ചോദിച്ചു. വേറെന്താ ചെയ്യുക. അവള്‍ എന്നെ നോക്കി. ഞാന്‍ ആകെ ചിന്താകുഴപ്പത്തിലായി.

ഒരു പെണ്ണ് , അതും ഒരു സുന്ദരി പെണ്ണ് ആദ്യായിട്ടാ ഇങ്ങനെ ഒരു സഹായം ചോദിച്ചു വരുന്നത്. പോരാത്തതിന്ന് ഇപ്പോഴത്തെ കാലവും അത്ര ശരിയല്ല. ചെറിയൊരു സമയ ദോഷം മതി അകത്താവാന്‍. പീഡനങ്ങളുടെ ഘോഷയാത്രയാ നാട്ടിലെങ്ങും. ഞാന്‍ പിന്നെയും അവളെ നോക്കി. കണ്ടിട്ട് നല്ല കുടുംബത്തില്‍ പിറന്ന ലക്ഷണമാ.

എന്താ ഇയാളുടെ പേര്?

അഞ്ജന.

വീട് ഇവിടെ അടുത്താണോ..? ഇവിടെങ്ങും മുമ്പു കണ്ടതായ് ഓര്‍മ്മ ഇല്ല ഈ മുഖം.

ഒരു പത്തു കിലോമീറ്റര്‍ ദൂരെയാ. അവള്‍ പറഞ്ഞു. ഞാന്‍ ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളൂ. കൂടെ വരുമെങ്കില്‍ കൂട്ടി വീട്ടില്‍ പോയിട്ട് പെങ്ങളുടെ ഒരു ഡ്രസ്സ് മാറാന്‍ കൊടുത്തിട്ട് ഒരു ഓട്ടോയില്‍ കയറ്റി വിടുക. വണ്ടി പിന്നെ വന്നു കൊണ്ടുപോയ്ക്കൊള്ളട്ടെ.

അഞ്ജനേ.., എന്‍റെ വീട് ഇവിടെ അടുത്താണ് ഇയാള്‍ വരുമെങ്കില്‍ വീട്ടില്‍ പോയി ഡ്രസ്സ് മാറ്റി ഒരു ഓട്ടോ വിളിച്ചു തരാം. അവളിപ്പോള്‍ എന്നെയാന്ന് ശരിക്കും നോക്കി. ഞാന്‍ ഒന്നു ചൂളി. പറഞ്ഞത് അബദ്ധായോ?

അല്ല….എങ്ങനെയാ ചേട്ടന്‍റെ വീട്ടിലേക്ക് പോവുക. ഓ…..രക്ഷപ്പെട്ടു…..! അവള്‍ റെഡി ആണല്ലോ. അമ്മയോട് മനസ്സില്‍ നന്ദി പറഞ്ഞ് ഞാന്‍ എഴുന്നേറ്റു. പോക്കറ്റീന്ന് നാനോ കുട എടുത്തു തുറന്നു. വാ, പോകാം. അവള്‍ സ്കൂട്ടറീന്ന് കീ എടുത്തു വന്നു. നല്ല മഴ തന്നെ. അവള്‍ തണുത്തു വിറച്ചു കൊണ്ട് കൂടെ നടന്നു.

രണ്ടു പേരും പരസ്പരം തൊടാതെ നടന്നു. ഞാനും നനഞ്ഞു. അവള്‍ പിന്നെയും നനയുന്നു. ചേര്‍ന്ന് നടന്നോളൂ. ഞാന്‍ വെറുതേ പറഞ്ഞു. അവള്‍ ഇത്തിരി കൂടി അടുത്തു നിന്നു. ആ മഴയിലും അവളിന്നൊരു നല്ല പെര്‍ഫ്യൂമിന്‍റെ മണം വെറുതേ എന്‍റെ മൂക്കില്‍ കയറി വന്നു. വെറുതേ മനുഷ്യന്‍റെ കണ്‍ട്രോള്‍ കളയാന്‍ ഓരോന്ന് മഴയത്തിറങ്ങിക്കോളും. അവള്‍ കേള്‍ക്കാതെ എന്‍റെ മനസ്സ് മന്ത്രിച്ചു.

വീട്ടില്‍ വരാന്തയില്‍ ഉണ്ടായിരുന്നു അമ്മയും പെങ്ങളും. അന്ധാളിച്ചു നിന്ന രണ്ടു പേരേയും അകത്തു കൂട്ടിക്കൊണ്ടുപോയി പെട്ടെന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ട് ഞാന്‍ എന്‍റെ റൂമില്‍ കയറി തല തോര്‍ത്തി. ഏട്ടാ ആ സുരേഷേട്ടന്‍റെ ഓട്ടോ ഒന്നു വിളിക്ക്വോ. പെങ്ങള്‍ വാതിലില്‍ മുട്ടി വിളിച്ചോണ്ട് ചോദിച്ചു. ഞാന്‍ ഫോണുമെടുത്ത് വരാന്തയില്‍ ചെന്നു.

ദാ…..നില്‍ക്കുന്നു അഞ്ജന. പെങ്ങളുടെ ചുരീദാറില്‍. ആ ഇപ്പോള്‍ ഷോളുണ്ട് ദേഹത്ത്. അതാ എന്‍റമ്മ….. അവളിവിടാണെങ്കില്‍ നല്ല കുട്ടി ആയേനെ. ഓ……ഈ പെണ്ണിന് ഇത്ര സൗന്ദര്യം ഉണ്ടായിരുന്നോ. ഞാന്‍ മനസ്സിനെ ശ്വാസിച്ചു. വെറുതേ ആരെയെങ്കിലും കാണുമ്പോള്‍, അതും ഇതും ചിന്തിക്കുന്നതിന്. അമ്മയും രണ്ടു പെണ്‍മക്കളും എന്നേ ഇപ്പോള്‍ അവരെ കണ്ടാല്‍ തോന്നൂ.

ഓ മഴയത്ത് കൂട്ടിക്കൊണ്ടു വന്ന ഞാന്‍ ഇപ്പോള്‍ ആരുമല്ല. ഞാന്‍ അഞ്ജനയെ നോക്കി. അവള്‍ എന്നെയും. ഓ…..നന്ദിയൊക്കെയുണ്ട് ആ മുഖത്ത്. സുരേഷിന്‍റെ ഓട്ടോയില്‍ അമ്മ പറഞ്ഞിട്ട് ഞാനും അവളുടെ കൂടെ പോയി ടൗണ്‍ വരെ. കൂട്ടുകാരിയെ കിട്ടിയപ്പോൾ, ചേട്ടാ വളരെ ഉപകാരം കേട്ടോ, മറക്കില്ല ഒരിക്കലും എന്ന ആചാര വാക്കും പറഞ്ഞ് അവള്‍ പോയി. ഫോണ്‍ നമ്പര്‍ അവളായിരുന്നു തരേണ്ടിയിരുന്നത്. അവള്‍ ആ ടൈപ്പ് പെണ്ണൊന്നുമല്ലാന്നും. ന്യൂജെനറേഷനില്‍ പെട്ട ആരോടും ഒന്നിനോടും കടപ്പാടില്ലാത്ത വര്‍ഗ്ഗമാണെന്നും അപ്പോള്‍ തന്നെ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ചു. വീട്ടിലെ അയയിലും പിന്നെ രണ്ടുനാള്‍ പെങ്ങളുടെ റൂമിലും കിടന്നു അഞ്ജനയുടെ ആ ഡ്രസ്സ്. മൂന്നാം നാള്‍ അഞ്ജന വന്നിരുന്നൂന്ന് പെങ്ങള്‍ പറഞ്ഞറിഞ്ഞു….

….റോഡിലൂടെ നടന്നു വരികയായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. പിന്നിലൂടെ പാഞ്ഞു വന്ന കാര്‍ ഇടിച്ചിട്ടു. കാറിനുള്ളീന്ന് ആരോ തല വെളിയിലിട്ട് നോക്കി, നിര്‍ത്തേണ്ട വിട്ടോന്ന് പറയുന്നത് കേട്ടത് മാത്രം ഓര്‍മ്മയുണ്ട്. കണ്ണു തുറക്കുമ്പോള്‍ അമ്മയും പെങ്ങളും അരികിലിരുന്ന് കരയുന്നു.

കാലിലും കയ്യിലും ഭാരം തോന്നി. ആ……രണ്ടും ഒടിഞ്ഞിട്ട് പ്ളാസ്റ്ററിലാ. ഓ……സമാധാനമായി. ചത്തിട്ടില്ല. ഒരു രണ്ടുമാസത്തേക്കുള്ള വഴിയായി. കിടക്കാല്ലോ സുഖായിട്ട്.

ഏട്ടാ…..പെങ്ങള്‍ വിളിച്ചു. എന്താ ഇണ്ടായേ? ഒന്നും ഓര്‍മ്മ വരുന്നില്ല. ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പെങ്ങളുടെ വാക്കുകള്‍ കേട്ടു. വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. കൂടാതെ ആരും എടുക്കാതെ റോഡില്‍ കിടക്കുകയായിരുന്നു. ചുറ്റിലും ആളുകള്‍ കൂട്ടമായി നില്‍ക്കുന്നുണ്ട്. പക്ഷേ ആരും പൊലീസ് കേസ് ഭയന്ന് തൊടുന്നില്ല. ചോരവാര്‍ന്ന് മരിക്കേണ്ടതായിരുന്നു. അപ്പോള്‍ തന്നെ അവള്‍ വന്നതു കൊണ്ട് രക്ഷപ്പെട്ടു. അവിടെ കാഴ്ചക്കാരായി നിന്നവരെയെല്ലാം ശരിക്കും വഴക്കു പറഞ്ഞു പോലും. ഞാന്‍ ആരാന്ന് ചോദ്യഭാവത്തില്‍ പെങ്ങളുടെ മുഖത്തേക്ക് നോക്കി.

അപ്പോഴതാ വാതില്‍ കടന്ന് വരുന്നു ഒരു പെണ്ണ്. അവളെന്‍റെ അരികില്‍ വന്നപ്പോഴാ ആളെ മനസ്സിലായെ. അഞ്ജന…..ഓ…ഇവളാണോ എന്നെ രക്ഷിച്ചെ.

ഏട്ടാ….വേദനയുണ്ടോ…? സ്നേഹത്തോടെയുള്ള ചോദ്യം. ഞാന്‍ വെറുതേ തലയാട്ടി. ഞാന്‍ കോളജ് ഹോസ്റ്റലിലായിരുന്നു. അതാ പിന്നെ കാണാഞ്ഞെ.

ഇപ്പോള്‍ എന്‍റെ പെങ്ങള്‍ക്ക് കൂട്ട് അവളാ, അഞ്ജന. അവര്‍ രണ്ടുപേരും കൂടി എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോവുന്നു, വരുന്നു. ആകെ ഒരു സുഖം. അവളുള്ളപ്പോള്‍ വീട്ടില്‍ കളിയും ചിരിയും ആകെ ബഹളം തന്നെ. രണ്ടുമാസം പോയതറിഞ്ഞിട്ടില്ല.

നാളെയാ കാലിലെ പ്ളാസ്റ്റര്‍ അഴിക്കാന്‍ പോവേണ്ടത്. ഒന്നും ചെയ്തു കൊടുത്തിട്ടില്ല ആ പെണ്ണിന്. ഒരു മഴയത്ത് പെരുവഴീന്ന് ഒന്നു സഹായിച്ചു. അതിന്ന് ഒരു നന്ദി വാക്കുമാത്രം തന്ന് അവള്‍ പോയപ്പോള്‍ ഫോണ്‍ നമ്പര്‍ തന്നില്ലല്ലോ. ഒന്നു വിളിച്ചില്ലല്ലോ. നന്ദി കാണിച്ചില്ലല്ലോ എന്നോര്‍ത്തു എന്തുമാത്രം സങ്കടപ്പെട്ടതാ. പക്ഷേ അവള്‍ തിരികെ തന്നതോ, എന്‍റെ ജീവന്‍ തന്നെ. രക്ഷപ്പെടുത്തിയതും പോരാഞ്ഞ് പിന്നെയും പിന്നെയും പരിചരിക്കുന്നു.

ആരാ…എവിടെയാ…ഉപകരിക്കുക ഒന്നും പറയാന്‍ പറ്റില്ലാന്നെ. ഓ…ഈ ന്യൂജെന്‍പിള്ളേരുടെ ഒരു കാര്യം.