അവർ ആവശ്യപ്പെടുന്നതൊക്കെ ആവശ്യപ്പെടുന്ന സമയത്ത് വച്ചുണ്ടാക്കി കൊടുക്കാനുള്ള ഒരു യന്ത്രം മാത്രമായി അവൾ മാറി.

രചന : അപ്പു

:::::::::::::::::::::::::

മകന്റെ കാർ തന്നെ ഒരു നോക്ക് തിരിഞ്ഞു പോലും നോക്കാതെ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നിർവികാരതയോടെ അയാൾ നോക്കി നിന്നു.

അവനിൽ നിന്ന് ഒരു തിരിഞ്ഞു നോട്ടം എങ്കിലും താൻ പ്രതീക്ഷിച്ചതാണ്.പക്ഷേ അതിനുള്ള അവസരം പോലും..!

അവനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ റോസ് നിറത്തിലുള്ള ആ കുട്ടികുരുന്നിനെ എത്ര സന്തോഷത്തോടെയാണ് താൻ നോക്കിയത്.. അതിനുശേഷം അവൻ വളർച്ചയുടെ ഓരോ പടവുകളും കയറുമ്പോൾ അവനെക്കാൾ ഏറെ ആവേശം തനിക്കായിരുന്നു.

പഠിക്കുന്ന ഓരോ ക്ലാസുകളിലും അവനായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്.അവനെക്കുറിച്ച് അവന്റെ ടീച്ചർമാരും കൂട്ടുകാരും ഒക്കെ ആവേശത്തോടെ സംസാരിക്കുമ്പോൾ അതൊക്കെ അഭിമാനത്തോടെ ഞാൻ കേട്ടു നിന്നിട്ടുണ്ട്.

സന്തോഷത്തിനു വേണ്ടി അവൻ ആവശ്യപ്പെടുന്നതൊക്കെയും അവന് സമ്മാനിച്ചിരിക്കുന്നു. അതൊക്കെ ഒരു തെറ്റായിപ്പോയി എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.

ആകെയുള്ള ഒരു മകനെ അത്രത്തോളം സന്തോഷത്തിൽ വളർത്തണം എന്നുള്ളത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണല്ലോ..! താനും അതു തന്നെയാണ് ചെയ്തത്.

പലപ്പോഴും തന്റെ ഭാര്യ പറഞ്ഞിട്ടുണ്ട് ഒരിക്കലും കുട്ടികൾക്ക് ഇത്രയും സൗകര്യങ്ങളോ, സ്വാതന്ത്ര്യങ്ങളോ അനുവദിച്ചു കൊടുക്കരുത്. നിയന്ത്രിക്കേണ്ടടത്ത് നിയന്ത്രിച്ചു തന്നെ കുട്ടികളെ വളർത്തണമെന്ന് പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്.

അപ്പോഴൊക്കെയും അവളുടെ പഴഞ്ചൻ ചിന്താഗതിയെ പുച്ഛിക്കുകയാണ് താൻ ചെയ്തത്. എന്നാൽ അതൊക്കെയായിരുന്നു ശരി എന്ന് മനസ്സിലാക്കാൻ ഇപ്പോൾ ഇങ്ങനെയൊരു അവസരം വരേണ്ടി വന്നു .

മകൻ വളർന്നു. നന്നായി പഠിച്ചതു കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിലേക്ക് എത്താൻ അവന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.

സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തന്നെ അവൻ തുടങ്ങി. കഠിന പരിശ്രമവും അവന്റെ കഴിവും കൊണ്ട് പെട്ടെന്ന് തന്നെ കമ്പനി വളർന്നു. അവന്റെ ഓരോ വളർച്ചയിലും അഭിമാനിക്കുന്ന തനിക്ക് അതും അഭിമാനം തന്നെയായിരുന്നു.

കമ്പനി സക്സസ്ഫുൾ ആയി ഒരു വർഷം കമ്പ്ലീറ്റ് ആയി കഴിഞ്ഞപ്പോഴാണ് അവൻ അവന്റെ മനസ്സിൽ ഉള്ള ഒരു പെൺകുട്ടിയെ കുറിച്ച് പറയുന്നത്.

അല്ലെങ്കിലും അവരവരുടെ ലൈഫ് പാർട്ണറെ സ്വന്തമായി തെരഞ്ഞെടുക്കണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹം. ജീവിതാവസാനം വരെ ഒന്നിച്ച് ജീവിക്കേണ്ടവരാണ് അവർ. അങ്ങനെയുള്ളപ്പോൾ തന്റെ പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

അതുകൊണ്ടു തന്നെ അവന്റെ ആ തീരുമാനത്തോട് എനിക്ക് യാതൊരു തരത്തിലുമുള്ള എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ആ പെൺകുട്ടിയെ പരിചയപ്പെടുത്താനായി വീട്ടിലേക്ക് കൊണ്ടുവന്ന ദിവസം തന്നെ തന്റെ അനിഷ്ടം ഭാര്യ തുറന്നു പറഞ്ഞു കഴിഞ്ഞിരുന്നു.

” എനിക്കെന്തോ ആ പെൺകുട്ടിയുടെ സ്വഭാവവും രീതികളും ഒന്നും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല.നമ്മുടെ കുടുംബത്തിന് ചേരുന്ന ഒരു കുട്ടിയല്ല എന്ന് എനിക്ക് തോന്നുന്നു. “

ആശങ്കയോടെ ഭാര്യ അത് പറയുമ്പോൾ അവളെ ആവശ്യത്തിലേറെ താൻ അന്ന് പുച്ഛിച്ചിരുന്നു.

” നീ നിന്റെ പഴഞ്ചൻ ചിന്താഗതിയും കൊണ്ട് നടക്കുന്നതു കൊണ്ട് നിനക്ക് അങ്ങനെ തോന്നുന്നതാണ്. പണ്ട് സ്വന്തമായി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവസരം എന്റെ വീട്ടുകാർ എനിക്ക് തന്നില്ല. അങ്ങനെ തന്നിരുന്നെങ്കിൽ ഒരിക്കലും നീ എന്റെ ഭാര്യയായി ഇവിടെ നിൽക്കില്ലായിരുന്നു. ആ ഒരു നഷ്ടബോധം എനിക്കും ഉണ്ട്. എനിക്ക് കിട്ടാത്ത സൗഭാഗ്യം എന്റെ മകന് കിട്ടുമ്പോൾ അതിൽ സന്തോഷിക്കുകയാണ് ഞാൻ ചെയ്യേണ്ടത്. ഞാനത് നന്നായി ചെയ്യുന്നതും ഉണ്ട്. ആ പെൺകുട്ടിയുമായി നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ നീ വിഷമിക്കേണ്ട. അവരുടെ കാര്യത്തിൽ നീ ഇടപെടാതിരുന്നാൽ മതി. അവരുടെ ലൈഫ് അവർ തീരുമാനിച്ചോളും.”

ഞാനത് പറയുമ്പോൾ സങ്കടത്തോടെയും ദേഷ്യത്തോടെയും ഒക്കെ അവൾ എന്നെ ഒന്ന് നോക്കിയിരുന്നു.

അല്ലെങ്കിലും വിവാഹം കഴിഞ്ഞ് 26 വർഷത്തോളം കഴിഞ്ഞിട്ടും അവളെ കൂടെ കൂട്ടിയത് ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് ഞാൻ പറഞ്ഞാൽ ഏതൊരു ഭാര്യയും അങ്ങനെയേ പ്രതികരിക്കൂ.ഒരുപക്ഷേ അവളുടെ സ്ഥാനത്ത് മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ ഇതിലും മോശമായേനെ പ്രതികരണം.

അന്ന് എന്നെ ഒരു നോട്ടം മാത്രം നോക്കിക്കൊണ്ട് അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി. അന്ന് അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അത് മനസ്സിലാക്കാൻ മകന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം പോലും വേണ്ടി വന്നില്ല.

സർവീസിൽ നിന്ന് റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഞാൻ അവൾക്ക് കണ്ണിൽ കരടായി. എന്റെ ഭാര്യ അവർക്ക് വേലക്കാരിയായി.

അവർ ആവശ്യപ്പെടുന്നതൊക്കെ ആവശ്യപ്പെടുന്ന സമയത്ത് വച്ചുണ്ടാക്കി കൊടുക്കാനുള്ള ഒരു യന്ത്രം മാത്രമായി അവൾ മാറി.

അവരവരുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രം പരസ്പരം സംസാരിക്കുന്ന രീതിയിൽ ആ വീട് മാറിപ്പോയി. ഇടയ്ക്ക് പലപ്പോഴും അവർക്കിടയിൽ കേൾക്കുന്ന പൊട്ടിത്തെറികൾ എന്തിനാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.

അത് മനസ്സിലാക്കിയെടുക്കാൻ എന്റെ ഭാര്യ ഈ ലോകത്തോട് വിട പറയേണ്ടി വന്നു. അവൾ ഈ ഭൂമിയിൽ ഉണ്ടായിരുന്ന കാലത്തോളം ഞാൻ ഒരു രാജാവിനെ പോലെ തന്നെയാണ് ജീവിച്ചത്. അവളുടെ അസാന്നിധ്യത്തിലാണ് അവൾ എത്രത്തോളം എനിക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന് എനിക്ക് ബോധ്യമായത്.

എന്നോട് ഒന്നു സംസാരിക്കാനോ,എനിക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കാനോ പോലും എന്റെ മകനോ മരുമകളോ തയ്യാറായില്ല.

ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടിയാണ് ഞാൻ കഴിഞ്ഞിരുന്നത്. എന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാൻ അവനോട് തുറന്നു സംസാരിച്ചു.

” എന്നാൽ പിന്നെ അച്ഛന് ഞാൻ പുതിയൊരു ഷെൽട്ടർ കണ്ടുപിടിച്ചു തരാം. അവിടെ അച്ഛനെ പോലെ ഒരുപാട് പേരുണ്ടാകും. അതാവുമ്പോൾ അച്ഛനു ഇങ്ങനെ ഇരുന്നു ബോറടിക്കുന്നു എന്ന് ഒരിക്കലും പറയേണ്ടി വരില്ല.”

അങ്ങനെയായിരുന്നു അവൻ അന്ന് മറുപടി പറഞ്ഞത്.അവന്റെ ആ തീരുമാനം കൃത്യമായി അവൻ നടപ്പിലാക്കുകയും ചെയ്തു.

അതിന്റെ ഫലമായിട്ടാണ് ഇന്ന് ഈ വൃദ്ധസദനത്തിന്റെ മുന്നിൽ, അവൻ തന്നെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

യാത്ര ചോദിക്കാൻ വേണ്ടിയെങ്കിലും അവൻ തന്നെ തിരിഞ്ഞുനോക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതും അസ്തമിച്ചിരിക്കുന്നു.

പണ്ടൊരിക്കൽ ഇതുപോലെ ആയിരിക്കില്ലേ എന്റെ അമ്മയും പ്രതീക്ഷിച്ചിട്ടുണ്ടാവുക..! അമ്മയെ വൃദ്ധസദനത്തിന്റെ പടിവാതിൽക്കൽ കൊണ്ടാക്കി ഞാൻ എന്റെ കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ഒരിക്കലെങ്കിലും ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എന്ന് അമ്മ കരുതിയിട്ടുണ്ടാവില്ലേ..?

അത്രയും കാലവും അമ്മ എനിക്ക് തന്ന സ്നേഹവും ലാളനയും ഒക്കെ ഒരു നിമിഷം കൊണ്ട് അമ്മയുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവില്ലേ..?

ഞാനിപ്പോൾ എന്റെ മകനെ കുറിച്ച് ചിന്തിച്ചതു പോലെയൊക്കെ അമ്മയും ചിന്തിച്ചിട്ടുണ്ടാവില്ലേ..? ഒരിക്കലെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ചു കാണില്ലേ..?

എന്നോടും എന്റെ കുടുംബത്തോടും ഒപ്പം ജീവിക്കണമെന്ന് അമ്മയ്ക്ക് ഒരുപാട് കൊതി ഉണ്ടായിരിക്കില്ലേ..?

തന്റെ അവസാന നിമിഷം തന്റെ മകനെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ എന്നൊരു മോഹം ഏതൊരാൾക്കും ഉണ്ടാകുന്നതാണല്ലോ..!

തന്റെ അമ്മയുടെ സമയമടുത്തു എന്ന്, വൃദ്ധസദനത്തിൽ നിന്ന് ആളുകൾ വിളിച്ചു പറഞ്ഞിട്ട് പോലും അമ്മയെ ചെന്ന് കാണാനുള്ള മനസ്സ് അന്ന് തനിക്ക് ഉണ്ടായിരുന്നില്ല.

അന്ന് തനിക്ക് പല തരത്തിലുമുള്ള തിരക്കുകൾ ഉണ്ടായിരുന്നു. മകന്റെ സ്കൂളിൽ അഭിമാനത്തോടെ അവന്റെ അച്ഛൻ എന്നുള്ള പേരിൽ ആ പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു അന്ന് താൻ.

മീറ്റിംഗ് സമയത്ത് സ്വിച്ച് ഓഫ് ചെയ്തു വച്ച ഫോൺ ഓൺ ആക്കിയപ്പോൾ ആദ്യം വന്ന കോൾ വൃദ്ധസദനത്തിൽ നിന്ന് തന്നെയായിരുന്നു. അമ്മ മരണപ്പെട്ടു എന്ന വാർത്ത അവരിൽ നിന്ന് കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

അകന്ന ഏതോ ബന്ധുക്കളുടെ ചടങ്ങിൽ പങ്കെടുക്കുന്നത് പോലെ അവിടെ ചെന്ന് ഒന്ന് തല കാണിച്ച് തിരിച്ചു പോന്നു.

ഇപ്പോൾ അതേ വിധി തന്നെയല്ലേ തന്നെയും തേടി വന്നിരിക്കുന്നത്..? അന്ന് തന്റെ മകനും കുടുംബത്തിനും വേണ്ടി അമ്മയെ ഉപേക്ഷിച്ചപ്പോൾ, ഇന്ന് അതേ മകൻ അവന്റെ ഭാര്യയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.. വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തു പറയാൻ..!

ഇന്ന് ഞാൻ നാളെ നീ എന്ന് പറയുന്ന വാക്യം അന്വർധമാകുന്നതുപോലെ ആയിപ്പോയി തന്റെ ജീവിതം..!

നെടുവീർപ്പോടെ അത്രയും ചിന്തിച്ചു കൊണ്ട് തനിക്കായി കരുതി വച്ചിരിക്കുന്ന ആ ബെഡിലേക്ക് അയാൾ നടന്നു നീങ്ങി.

✍️ അപ്പു