ബഹുമാനം ~ രചന: അമ്മാളു
എടൊ താൻ കൊറേ നേരായല്ലോ കുണ്കുണാ ന്ന് പറഞ്ഞോണ്ടിരിക്കുന്നു, എന്താടോ തന്റെ പ്രശ്നം…?
മരിയേനെ വലിച്ചു സൈഡിലെക്ക് മാറ്റി നിർത്തി ബെന്നിയുടെ വാക്ക്വാദത്തിന് എടുത്തടിക്കണപോലെ മറുപടി കൊടുത്തത് അനുപമയായിരുന്നു.
എന്താടോ തന്റെയൊക്കെ വിചാരം ഞങ്ങൾ സ്റ്റുഡന്റസ് നിങ്ങടെ ആട്ടും തുപ്പും സഹിക്കാനുള്ള…. $##* ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ.
കൊറേ കാലമായി ഇത് കേക്കാൻ തുടങ്ങീട്ട്.. തന്റെയൊക്കെ പറച്ചില് കേട്ടാൽ തോന്നും കണ്ടക്ടർമാരുടെ ഔദാര്യത്തിലാ ഞങ്ങൾ യാത്ര ചെയ്യണെന്ന്.
പ്രശ്നം വഷളാകാൻ തുടങ്ങിയെന്നു മനസ്സിലാക്കിയ സിബി വേഗത അല്പം കുറച്ച് ബസ് സൈഡിലേക്ക് മാറ്റി നിർത്തി.
ശേഷം അനുപമ തുടർന്നു…
എന്തിനും ഏതിനും സ്റ്റുഡന്റ്സിനില്ലാത്ത കുറ്റമില്ല, അവിടെ ഇരിക്കാൻ പാടില്ല, ഇവിടെ ഇരിക്കാൻ പാടില്ല..ബാഗ് തോളത്തിടാൻ പാടില്ല, ഇട്ടാൽ കുറ്റം, സീറ്റിൽ വെച്ചാൽ കുറ്റം..
പാസ്സോ ടിക്കറ്റോ ഇല്ലാതെ യാത്ര അനുവദനീയമല്ല എന്നല്ലേടോ വെണ്ടക്കാ അക്ഷരത്തില് തന്റെ പാട്ടേല് എഴുതി വെച്ചിട്ടൊള്ളത് അല്ലാതെ പാസ്സ് ഉള്ളവർ യാത്ര ചെയ്യാൻ പാടില്ലെന്നോ, അല്ലേൽ സീറ്റിലിരിക്കാൻ പാടില്ലെന്നോ ഒന്നുമല്ലല്ലോ
പിന്നെ താനെന്നാ കോപ്പെന്നാടോ പറഞ്ഞോണ്ടിരിക്കുന്നെ
തിരിച്ചു പറയാനറിയില്ലാഞ്ഞിട്ടല്ല ചേട്ടാ ഇത്രേം കാലം മിണ്ടാതിരുന്നത്.
പിന്നെ ഇതെവടം വരെ പോകൂന്നൊന്ന് നോക്കുവാരുന്നു.
അപ്പൊ വിട്ടു തന്നപ്പോ താനൊക്കെ തലേ കേറിയിരുന്നു ചെവി കടിക്കുന്നോ..
തന്റെ വീട്ടിലുമുണ്ടാകുമല്ലോ ഞങ്ങളെ പോലെ പഠിക്കാൻ പോകുന്ന ഒരെണ്ണമെങ്കിലും.
ഇനിയില്ലേൽ അടുത്ത വീട്ടിലെങ്കിലുമുണ്ടാകും, ഒന്ന് പോയി ചോദിച്ചു നോക്കെടോ അപ്പൊ അറിയാം വെളുപ്പാന്കാലത്തെണീറ്റ് കുന്നും പുഴയും കടന്ന് കൃത്യസമയത്ത് കോളേജിലും സ്കൂളുകളിലും എത്താൻ പാടുപെട്ടോടിയെത്തുന്ന വിദ്യാർഥികളെപ്പറ്റി അവരുടെ ബുദ്ധിമുട്ടുകളെപ്പറ്റി..
ഒന്ന് നിർത്തിയ ശേഷം അനുപമ വീണ്ടും തുടർന്നു..
എല്ലാവരും ക്ഷമിക്കണം , വേണമെന്ന് വിചാരിച്ചിട്ടല്ല ഇങ്ങനൊരു സീൻ ഉണ്ടാക്കിയത്.
നിങ്ങളും ഈ ബസിലെ സ്ഥിരം യാത്രക്കാരല്ലേ.. നിങ്ങടെ കുട്ടികളും ഇല്ലേ ഞങ്ങൾക്കിടയിൽ.. ഒരാളുപോലും ഇതുവരെ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു കണ്ടിട്ടില്ല.
ആളുകൂടുന്നിടത്ത് നിന്ന് സെൽഫി എടുക്കാനും സീൻ പകർത്തി ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിക്കാനും പെണ്ണുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഹാഷ് ടാഗിടാനും മാത്രം നിന്നാമതി ഓരോരുത്തരും.
അല്ലാതെ ഇങ്ങനുള്ളവരെ തിരുത്താനോ ഇവർക്ക് നേരെ നാവുയർത്താനോ ഒന്നും ആരും മുതിരരുത്.
ബസിൽ യാത്ര ചെയ്യുന്നവരെ എല്ലാവരേം ഒരേപോലെ കണ്ടാലെന്താ ഇവർക്ക്.
എന്തുകൊണ്ട് സ്റ്റുഡന്റ്‌സിനായി പ്രത്യേകം നിയമം വെക്കുന്നു.
നിയമം കൃത്യമായി പാലിക്കുന്നവരാണ് ഇവരെങ്കിൽ പറയുന്നതിലെന്തെങ്കിലും ഒരർത്ഥമുണ്ടെന്ന് പറയാം.
ഇത് പക്ഷേ…
നിങ്ങളെ പോലെ ഞങ്ങളും രാവിലെ ഇറങ്ങിപ്പോരുന്നവരാ വീട്ടീന്ന്, കൃത്യ സമയത്ത് സ്കൂളിലെത്താൻ ദൂരങ്ങൾ താണ്ടി വരുന്ന ഒരുപാട് കുട്ടികളുണ്ട് ഞങ്ങൾക്കൊപ്പം.
ഒരു ബസ് വിട്ടുപോയാൽ ബെല്ലടിക്കുന്നതിനു മുൻപ് സ്കൂളിലെത്തിയില്ലെങ്കിൽ അദ്ധ്യാപകരുടെ ചീത്തവിളി കേൾക്കണം,
തിരികെ വീട്ടിലെത്താൻ വീണ്ടും രാവിലത്തെ അതെ ഓട്ടപ്പാച്ചിൽ തന്നെ വൈകുന്നേരവും.
എന്നിട്ടോ കുട്ടികൾ ആണ് കൂടുതലെങ്കിൽ ബസ്റ്റോപ്പിന് ഒരുപാടകലെ ബസ് നിറുത്തി ഫുൾ ടിക്കറ്റുകാരെ മാത്രം കയറ്റിപ്പോകുന്ന ചില ബസുകാരുണ്ട് നമ്മുടെ നാട്ടിൽ.
അതായത് ദാ ഈ ചേട്ടനെപ്പോലുള്ളവർ..
ഒരു ഫുൾ ടിക്കറ്റ് കയറിയാൽ അപ്പൊ തുടങ്ങും ഇവരുടെ അഹങ്കാരം..
അല്ല ചേട്ടാ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ചേട്ടന് വല്ല നേർച്ചയുമുണ്ടോ ഡെയിലി രാവിലേം വൈകുന്നേരോം ഞങ്ങടെ മെക്കിട്ട് കേറിയേക്കാന്ന്.
കൊറേ വായിട്ടലച്ചിട്ട് ചേട്ടനെന്ത് നേട്ടമാ കിട്ടുന്നെ.
ബെന്നിയുടെ നേർക്ക് തിരിഞ്ഞ് അനുപമ വീണ്ടും കലി തുള്ളി.
അനു മതി നിർത്ത് നീയൊന്ന്.. അനുപമയുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് മിറ്റി പറഞ്ഞു.
ഹാ നിക്ക് മിറ്റി, നീ എന്തിനാ പേടിക്കണേ..പറയേണ്ടത് പറയേണ്ട നേരത്ത് പറയേണ്ടവരോട് പറയാതെന്റെയാ കൊറെയൊക്കെ ഈ ബസിലും നമ്മക്ക് പെണ്ണുങ്ങക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾക്ക് കാരണം.
ഓരോ സീറ്റിന്റെയും മുകളിൽ ഓരോരുത്തർക്കും മുൻഗണന ന്ന് എഴുതിവെച്ചിട്ടുണ്ടല്ലോ, എന്നാൽ എവിടെയെങ്കിലും വിദ്യാർഥികൾ ഇരുന്നു യാത്ര ചെയ്യാൻ പാടില്ലെന്ന് എഴുതിവച്ചിട്ടുണ്ടോ ചേട്ടാ..
ഒരു ഫുൾ ടിക്കറ്റ് കേറിയാൽ ഉടനെ പാസ്സ് (വിദ്യാർഥികൾ ) എണീറ്റു കൊടുക്കണം ന്ന് എവിടെയാ നിങ്ങടെ നിയമത്തിൽ പറയണേ.
അതെ മുതിർന്ന ഒരു വ്യക്തി കയറിയാൽ ബഹുമാന സൂചകമെന്നോണം ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞങ്ങൾ എഴുന്നേറ്റു കൊടുക്കാൻ ബാധ്യസ്ഥരാണ്.
അത് നിങ്ങളെ പോലുള്ളവരെ പേടിച്ചിട്ടൊന്നുമല്ല ചേട്ടാ, കാരണം ഞങ്ങളുടെ വീട്ടിലുമുണ്ട് മുതിർന്നവർ.
മുതിർന്നവർ വന്നാൽ എഴുന്നേൽക്കണം എന്നത് കുഞ്ഞുന്നാളിലേ അമ്മ പഠിപ്പിച്ച പടങ്ങളിലൊന്നായതിനാൽ ഇന്ന് വരെ അതിൽ ഒരു പിഴവും കാണിച്ചിട്ടില്ല, ഇനിയൊട്ട് കാണിക്കുകയുമില്ല.
പക്ഷേ, ഇതുപോലെയാണ് നിങ്ങൾ ബസ് ജീവനക്കാരുടെ പെരുമാറ്റമെങ്കിൽ തീർച്ചയായും ആ ആദരവ് ഞങ്ങൾക്ക് കൊടുക്കാൻ സാധിക്കില്ല എന്നുവരും.
അതുകൊണ്ട് ദയവ് ചെയ്ത് ഞങ്ങൾ യാത്രക്കാർക്കിടയിൽ ഭിന്നത ഉണ്ടാക്കരുത് എന്നൊരപേക്ഷയുണ്ട്.
ഇനിയും ചേട്ടന് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിൽ നാളെ മുതൽ ചേട്ടന്മാർ നിരത്തിലിറങ്ങണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും.
ക്യു നിന്ന് കയറാൻ പറ്റുമെങ്കിൽ കയറിയാമതിയെന്നു പറയുന്ന കണ്ടക്ടർമാരുടെ കറുത്ത മുഖം കാണാതിരിക്കാൻ വേണ്ടി അച്ചടക്കത്തോടെ നിങ്ങള് പറയുന്നതും കേട്ട് പഞ്ചപുച്ഛമടക്കി നിക്കുന്ന കുട്ടികടെടുത്തു ഇറക്കണ വേലത്തരോം കൊണ്ട് ഇനി ചേട്ടന്റെ നാവ് ഞങ്ങളിലൊരാളുടെ നേർക്ക് മുതിർന്നാൽ പിന്നെ ഒരു ദിവസം നിങ്ങളിതിലെ ഈ പാട്ട ഉരുട്ടില്ല..
പറഞ്ഞില്ലെന്നു വേണ്ട.
അത്രേം പറഞ്ഞു കഴിഞ്ഞപ്പോളേക്കും സകല നിയന്ത്രണവും വിട്ട് നിന്ന ബെന്നിയുടെ വലതു കൈ അനുപമയുടെ ഇടതു കവിളിലേക്ക് പതിക്കാനൊരുങ്ങിയിരുന്നു.
തൽക്ഷണം കൂടി നിന്നവരിൽ നിന്നും കണ്ടാൽ ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വല്യച്ഛൻ ബെന്നിയുടെ കൈക്ക് പിടിച്ചിട്ടു പറഞ്ഞു, വേണ്ട മോനെ വേണ്ട വെറുതെ എന്തിനാ സീൻ വഷളാക്കുന്നെ.
കണ്ടുനിന്നവരിൽ പകുതിയിലധികവും ആളുകൾ ആ വല്യച്ഛനും അനുപമക്കുമൊപ്പം ചേർന്നു.
തല കുനിച്ചു നിൽക്കാനേ ബെന്നിക്കും സഹപ്രവർത്തകർക്കും അപ്പോൾ കഴിയുമായിരുന്നുള്ളൂ.
ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ സൃഷ്ടിക്കുന്നതിന് ഒരുപരിധി വരെ അനുപമ കാണിച്ച ധൈര്യം പോലും നമ്മളിൽ പലരും കാണിക്കാതെ പോകുന്നതാണ് കാരണം.
എന്തെന്നാൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നില്ല.
ഞാനടക്കമുള്ള വിദ്യാർത്ഥി സമൂഹം നിങ്ങൾ ബസ് ജീവനക്കാർക്ക് നൽകുന്ന ഒരു ബഹുമാനം ഉണ്ട്, അത് ഇത്തരം പ്രവൃത്തികളിലൂടെ ഇല്ലാതാക്കരുത്.
എല്ലാവരും എന്നല്ല, എന്നാൽ ഏറെക്കുറെ ജീവനക്കാർ പ്രത്യേകിച്ചും കണ്ടക്ടർമാർ വിദ്യാർത്ഥികളോട് കാണിക്കുന്ന മോശം പെരുമാറ്റം മൂലം അവർക്ക് പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടി വരുന്നുണ്ട്.
ബസ് ജീവനക്കാരെ എല്ലാവരെയും ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. കാരണം,
കൃത്യസമയത്ത് ജോലിക്കാർക്ക് ഓഫീസിലും മറ്റും എത്താൻ സാധിക്കുന്നത്, വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും എത്താൻ സാധിക്കുന്നത് തുടങ്ങി സാധാരണക്കാരന് യാത്ര ചെയ്യാൻ സാധാരണക്കാരന്റെ വാഹനം എന്ന നിലയിൽ നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സേവനം അതിന്റെ മഹത്വം അത് ബഹുമാനസൂചകമാണ്.
പക്ഷേ, ഇത്തരത്തിലുള്ള ചിലരുടെ പെരുമാറ്റം ബസ് ജീവനക്കാരെ മൊത്തത്തിലാണ് ബാധിക്കുന്നത്.
തങ്ങൾക്കു മാത്രം ലഭിക്കണം എന്ന് വാശി പിടിക്കേണ്ട ഒന്നല്ല ബഹുമാനം.
അത് ഇരു കൂട്ടർക്കും ബാധകമാണ്.
തങ്ങളേക്കാൾ ഇളയവരെ ബഹുമാനിച്ചെന്നു കരുതി ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല
മറിച്ച് ആദരവും ബഹുമാനവും കൂടുകയേ ഉള്ളു.

