വിധി വിളയാട്ടം
രചന: Vijay Lalitwilloli Sathya
“മോളെ മഞ്ജിമേ…നിനക്ക് നല്ല പനിയുണ്ടെന്നു തോന്നുന്നു . ഇന്ന് ടൂർ പോക്കൊന്നും നടക്കുമെന്ന് തോന്നുന്നില്ല.. എന്റെ മോളിപനിയും വെച്ച് പോകണ്ട…”
മകളുടെ ദേഹം തൊട്ടുനോക്കിയപ്പോൾ നല്ല ചൂടു കണ്ട് രാവിലെ തന്നെ എഴുന്നേറ്റ് ഉത്സാഹത്തോടെ ടൂറിന് പോകാൻ ഒരുങ്ങുന്ന മകൾ മഞ്ജിമ യോട് അമ്മ അരുന്ധതി പറഞ്ഞു.
“വേണ്ട എനിക്ക് ടൂറിന് പോണം… എനിക്ക് പനിയൊന്നുമില്ല.എനിക്ക് പോകണം”
ആശിച്ച ടൂറിന് പോകേണ്ടെന്ന് അമ്മ പെട്ടെന്ന് പറയുന്നത് കേട്ടപ്പോൾ അവൾ വാശി പിടിച്ച് കരയാൻ തുടങ്ങി..
സ്കൂളിൽ നിന്നും കുട്ടികളെയും കൊണ്ടു കന്യാകുമാരിയിലേക്ക് ആണ് പോകുന്നതു
മഞ്ജിമ അതിന്റെ ത്രില്ലിലാണ്.. പക്ഷേ ദേഹത്ത് ചെറിയ ചൂട് ഉണ്ട്… അവളുടെ കരച്ചിൽ കണ്ടപ്പോൾ പിന്നെ അരുന്ധതി തടസ്സം ഒന്നും പറഞ്ഞില്ല.. കുട്ടികളുടെ കൂടെ കൂടുമ്പോൾ പോകുമായിരിക്കും വയ്യായ്ക അവൾ കരുതി. ചെറിയ പനി ഉണ്ടായിട്ടും രണ്ടാം ക്ലാസിൽ പഠിക്കുന്ന മഞ്ജിമയെ അരുന്ധതി ടൂറിന് ഒരുക്കി അയച്ചു..
ബസ്സിൽ വെച്ച് ടൂറിനു പോകുന്ന മഞ്ജിമ മോൾക്ക് പനി കലശലായി.
എന്ത് ചെയ്യണമെന്നറിയാതെ ടീച്ചർമാർ കുഴങ്ങി.
വഴിയരികിൽ കണ്ട ഒരു ക്ലിനിക്കിൽ നിർത്തി അവളെ പരിശോധിച്ചു പനിക്കുള്ള മരുന്ന് നൽകി. വീണ്ടും യാത്ര തുടർന്നു.
ഒരു ടീച്ചർ അവളെ മടിയിൽ കിടത്തി. പനി കുറഞ്ഞു എങ്കിലും നല്ല ഉറക്കത്തിൽ ആയി.
കന്യാകുമാരി കടപ്പുറം എത്തിയപ്പോൾ എല്ലാവരും ഇറങ്ങി. ഒരു ടീച്ചർ മഞ്ജിമയെയും കൊണ്ട് ബസ്സിൽ തന്നെ ഇരുന്നു.
മയങ്ങുന്ന മഞ്ജുവിനെ സീറ്റിൽ തന്നെ കിടത്തി ടീച്ചർ വെളിയിലിറങ്ങി.
കുട്ടി ഉറങ്ങുകയല്ലെ പത്തു മിനിറ്റിനുള്ളിൽ ഒന്ന് കടൽ കാഴ്ചകൾ കണ്ടു വേഗം വരാം എന്ന് കരുതി ടീച്ചറും കടപ്പുറത്തേക്ക് നടന്നു..
ഈ സമയം ഉറങ്ങിയ മഞ്ജിമ ഉണർന്നു.. ബസ്സിൽ കൂട്ടുകാരെ ആരെയും കാണുന്നില്ല.. അവൾക്ക് ഭയമായി..
ഡോർ തുറന്നു അവൾ ബസ്സിൽ നിന്നും ഇറങ്ങി..
വിശാലമായ കടൽ തീരം കാണാം..
ഹായ് കടൽ..
അവൾ അങ്ങോട്ട് നടന്നു. അന്ന് മുഴുവൻ ഭിക്ഷ യാചിച്ച് ഒട്ടും കാര്യമായി ഒന്നും ലഭിക്കാതിരുന്ന ആ ഭിക്ഷക്കാരി അവിടെ ഒരിടത്തിരുന്ന് വിശ്രമിക്കുകയായിരുന്നു.നടന്നു നടന്നു മഞ്ജിമ അവരുടെ അടുത്തെത്തി.
” മോള് കടൽ കാണാൻ ഇറങ്ങിയതാ ഏത് സ്കൂളിൽ നിന്നാണ്..? “
യൂണിഫോം കണ്ടപ്പോൾ അവർ ചോദിച്ചു.
അവൾ ദൂരെയുള്ള തന്റെ സ്കൂളിന്റെ പേര് പറഞ്ഞു
“എന്നിട്ടും മോളെന്താ ഒറ്റയ്ക്ക് അവരൊക്കെ എവിടെ പോയി? “
” ഞാൻ ബസ്സിൽ ഉറങ്ങിപ്പോയി ആരെയും കാണുന്നില്ല”
അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.
അങ്ങ് അകലെ കടലിന്റെ തീരത്ത് ഒരുപറ്റം ചെറിയ കുട്ടികളും ടീച്ചേഴ്സും തിരമാലകളിൽ കളിച്ച് ഉല്ലസിക്കുന്ന കാഴ്ച ഭിക്ഷക്കാരി കണ്ടു. കുറച്ചു മാറി അവരുടെ ബസ്സും
കുറെ നാളായി ഭിക്ഷ തെണ്ടിയിട്ടും തനിക്കൊരു സമ്പാദ്യം ഇല്ല. ഒരുപാട് പ്രതീക്ഷകൾ നാട്ടിൽ പൂർത്തിയാക്കാനുണ്ട്. ഇതു തന്നെ പറ്റിയ അവസരം ഇതിന്റെ കണ്ണും കുത്തിപ്പൊട്ടിച്ചോ കാല് മുറിച്ചോ ഇനിയുള്ള കാലം ഭിക്ഷ തെണ്ടിയാൽ വല്ലതും തടയും..
“വരൂ മോളെ കൂട്ടുകാരുടെ അടുത്തെത്താൻ സഹായിക്കാം”
അവർ അവളെയും കൂട്ടി നേരെ എതിർ ദിശയിലേക്ക് നടന്നു.
ഒരു പഴയ കെട്ടിടത്തിന് മറവിൽ വച്ച് അവളുടെ യൂണിഫോം ഒക്കെ മാറ്റി അവരുടെ ഭാണ്ഡത്തിൽ ഉണ്ടായിരുന്നു ചെറിയ കുട്ടികളുടെ വസ്ത്രം ധരിപ്പിച്ചു. എന്നിട്ട് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.
ആദ്യം കിട്ടിയ വണ്ടിക്ക് കോയമ്പത്തൂരിലേക്ക് പോയി.
ടീച്ചേഴ്സ് കുട്ടികളെയും കൊണ്ടു ബസ്സിന് അടുത്തേക്ക് വന്നു.
കടൽത്തീരത്ത് പോയ മഞ്ജിമ യെ പരിചരിച്ചു കൊണ്ടിരുന്ന ടീച്ചർ വേഗം മടങ്ങി വന്നു.. അവർ ആദ്യമൊന്ന് ഞെട്ടി മഞ്ജിമ യെ ബസ്സിൽ കാണുന്നില്ല..!
അവൾ ഉണർന്നു മറ്റു കുട്ടികളുടെ കൂട്ടത്തിലേക്ക് പോയതായിരിക്കും എന്ന് കരുതി ആശ്വസിച്ചു.
അവരുടെ കൂട്ടത്തിലും കാണാതെ ആയപ്പോൾ മഞ്ജിമ യെ ശ്രദ്ധിക്കാൻ നിയോഗിക്കപ്പെട്ട ആ ടീച്ചർ കരയാൻ തുടങ്ങി. മഞ്ജിമയെ മിസ്സ് ആയിരിക്കുന്നു..
വാർത്ത എല്ലാവരിലും നടുക്കം സൃഷ്ടിച്ചു.
കടൽ തീരം മുഴുവൻ അരിച്ചു പെറുക്കി എവിടെയും മഞ്ജിമയെ കണ്ടെത്താനായില്ല.
പൊലീസിലും പരാതി നൽകി. പൊലീസും അന്വേഷണം ആരംഭിച്ചു. സിറ്റിയിലും കവലകളിലും റെയിൽവേ സ്റ്റേഷനിലും ബസ്റ്റാൻഡിലും കുട്ടിയെ തിരിഞ്ഞു…സംശയംതോന്നിയ ഒട്ടു മിക്ക വാഹനങ്ങളും പരിശോധിച്ചു. കേരളത്തിനകത്തും പുറത്തും അവർ അന്വേഷണം വ്യാപിപ്പിച്ചു..
പത്രങ്ങളിലും മീഡിയകളിലും വാർത്തകൾ വന്നു. സ്കൂൾ അധികൃതരോട് രക്ഷിതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എല്ലാവരും കൂടി മഞ്ജിമയെ രാവുംപകലും തിരഞ്ഞു. എവിടെയും കണ്ടെത്താൻ പറ്റിയില്ല..!
നിരാശയോടെ ദുഃഖത്തോടെ ആ കുടുംബ ഒരു വർഷം കടന്നുപോയിരിക്കുന്നു…!
“വെങ്കിടി കാർ ഇവിടെ ഒന്നു നിർത്തു ക്ഷേത്രത്തിൽ കയറി തൊഴുതു കഴിഞ്ഞു പോകാം.. സമയമുണ്ടല്ലോ..”
പവിത്രൻജി റിക്കോർഡിംഗിനായി പോകുമ്പോൾ സമയം അനുവദിച്ചാൽ വഴി മധ്യേയുള്ള ആ ക്ഷേത്രത്തിൽ ഒന്ന് കയറി തൊഴുക പതിവാണ്.
വെങ്കിടി കാർ ക്ഷേത്രപരിസരത്ത് പാർക്കിംഗ് ഏരിയയിൽ നിർത്തി..
പവിത്രൻജി ക്ഷേത്രത്തിനകത്തേയ്ക്ക് തൊഴാൻ പോയി.
വരാൻ നേരത്ത് എന്നും കാണാറുള്ളതാണ് ക്ഷേത്ര മതിലോരം ചേർന്നു ഭിക്ഷയ്ക്കു ഇരിക്കുന്ന ആ അമ്മയെയും കുഞ്ഞിനെയും..
ക്ഷേത്രത്തിൽ വൈകിട്ടും രാവിലെയും വെക്കുന്ന ഭക്തിഗാനങ്ങൾ കാണാതെ പഠിക്കുന്ന കുട്ടി ഈണം തെറ്റാതെ പാടുന്നത് പവിത്രൻജി കുട്ടി അറിയാതെ ആസ്വദിക്കാറുണ്ട്..
ആറേഴ് വയസ്സ് പ്രായമുള്ള ആ കൊച്ചിനെ മുഖത്തൊരു ശ്രീത്വം അയാൾ ദർശിച്ചിരുന്നു.
സമയം കിട്ടുമ്പോൾ വരുന്നതല്ലേ അതുകൊണ്ട് കയ്യിൽ കിട്ടുന്ന തുക എത്ര തന്നെയായാലും അയാൾ അവരുടെ ഭിക്ഷാ പാത്രത്തിൽ ഇടാറുണ്ട്…!
ജിയെ കാണുമ്പോൾ ആ അമ്മയിലും കുഞ്ഞിലും പ്രത്യാശയോടെ പൂത്തിരി കണ്ണുകളിൽ ഉദിക്കും.
അറിയപ്പെടുന്ന സംഗീതസംവിധായകനാണ് പവിത്രൻജി
ഇപ്രാവശ്യവും പവിത്രൻജി പേഴ്സിൽ നിന്നും ഒരു നൂറു രൂപയുടെ നോട്ട് ആ ഭിക്ഷാ തട്ടിൽ ഇട്ടു.
എന്നിട്ട് മോളെ നോക്കി അയാൾ ചോദിച്ചു.
” എന്താ മോളുടെ പേര്? “
” ചിന്നുകുട്ടി.”
അതും പറഞ്ഞ് അവൾ അമ്മയുടെ മുഖത്ത് നോക്കി.
“നല്ല പേര്…എനിക്ക് ചിന്നുകുട്ടിയുടെ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടുട്ടോ..ഇപ്പോൾ അങ്കിൾ തിരക്കിലാണ്.. അടുത്ത ആഴ്ച വരുന്നുണ്ടു.. മോൾടെ പാട്ട് കേൾക്കാൻ അന്ന് എനിക്ക് ഒത്തിരി പാട്ടു പാടി കേൾപ്പിക്കണം മോൾ. കേട്ടോ..”
എന്നും പറഞ്ഞ് അയാൾ അവളുടെ കവിളിൽ നുള്ളി.
അവൾ പുഞ്ചിരിച്ചു തലകുലുക്കി സമ്മതിച്ചു.
ആ അമ്മയ്ക്കും സന്തോഷമായി അത് കേട്ടപ്പോൾ..!
പറഞ്ഞതുപോലെ തിരക്കൊക്കെ ഒഴിഞ്ഞ ആ ആഴ്ച അയാൾ ക്ഷേത്രത്തിൽ എത്തി.
ആ അമ്മയും മകളും ഇരിക്കുന്ന സ്ഥലം ശൂന്യം…!
തൊഴുതിട്ട് പോരാൻ നേരം ജി അവിടെ കണ്ട ഒരാളോട് ആ ഭിക്ഷക്കാരിയെയും കുഞ്ഞിനെയും കുറിച്ച് അന്വേഷിച്ചു..
“അയ്യോ അവർ മരിച്ചുപോയി..”
“എപ്പോഴാ? “
പവിത്രൻജിക്കു അതുകേട്ടപ്പോൾ വല്ലാണ്ടായി..
“ഇന്നലെയാണ് സംഭവം മുൻസിപ്പാലിറ്റികാർ കൊണ്ടുപോയി ശവമടക്കി..കുട്ടിയുടെ അവകാശവും പറഞ്ഞ് ഒരു ഭിക്ഷക്കാരനും കൂട്ടരും ഇവിടെ വന്ന് ചെറിയ പ്രശ്നം ഉണ്ടാക്കി. ക്ഷേത്ര അധികൃതർ അവരെ തുരത്തി. പൂജാരി നൽകിയ ഭക്ഷണം കഴിച്ച അവൾ ഇപ്പോൾ ഇവിടെ എങ്ങാനും ഉണ്ടായത് ആണല്ലോ..”
അപ്പോഴേക്കും ഒരു ഇല കീറിൽ ഉള്ള എന്തോ കഴിച്ചു അവൾ കുണുങ്ങിക്കുണുങ്ങി അങ്ങോട്ട് കടന്നുവന്നു
“ദേ..വന്നല്ലോ”
പവിത്രൻജിക്കു അവളെ കണ്ടപ്പോൾ സന്തോഷമായി.
നൈസർഗികമായി സംഗീത വാസനയുള്ള കുട്ടിയാണ്.. ഇവൾക്ക് ഉയരങ്ങളിൽ എത്താൻ പറ്റും. എങ്ങനെയെങ്കിലും രക്ഷിച്ചേ പറ്റൂ പവിത്രൻജി ഉറച്ചു..
“ഞാൻ ഇവളെ കൊണ്ടു പൊയ്ക്കോട്ടെ.”
ബന്ധപ്പെട്ട ക്ഷേത്ര അധികാരികളോട് അയാൾ ചോദിച്ചു
ക്ഷേത്ര അധികൃതർക്കും പൂജാരിക്കും അതൊരു നല്ല കാര്യമായി തോന്നി.
“പവിത്രൻജി അറിയപ്പെടുന്ന കലാകാരനാണല്ലോ . പുള്ളി പൊന്നുപോലെ നോക്കിക്കോളും. മാത്രമല്ല കുട്ടിക്ക് ശി സംഗീത കഴിവുമൂണ്ടല്ലോ..”
പവിത്രൻജിയെ വ്യക്തിപരമായി അറിയുന്ന പൂജാരി ആ സന്മനസ്സിനെ അഭിനന്ദിച്ചു പറഞ്ഞു.
അവരുടെ അനുമതിയോടെ പവിത്രൻ ജി ചിന്നുകുട്ടിയെ കൊണ്ട് വീട്ടിലേക്ക് പോയി.
പവിത്രൻജി ചിന്നുകുട്ടിക്ക് മികച്ച സംഗീത പരിശീലനം നൽകി..
ഒരു ഗാനം അയാൾ സിനിമയ്ക്കുവേണ്ടി ആ കുട്ടിയെ കൊണ്ട് പാടിപ്പിച്ചു..!
അവളുടെ ശബ്ദത്തിൽ ഉള്ള ഗാനം വളരെ പെട്ടെന്ന് സിനിമ ഗായക ലോകത്തും
സോഷ്യൽ മീഡിയയിലും ഒരുപാട് തരംഗങ്ങൾ സൃഷ്ടിച്ചു.
ഒറ്റ ഗാനം കൊണ്ട് കുട്ടി ലോകശ്രദ്ധ പിടിച്ചു പറ്റി.
“നമ്മുടെ മഞ്ജിമ മോൾ”
ഒരു വർഷം മുമ്പ് കാണാതായ മഞ്ജിമയുടെ വീട്ടിലും ഈ വാർത്ത കണ്ടു.
യൂട്യൂബിലും ടിവി ചാനലിലും ഫെയ്സ്ബുക്കിലും വാട്സപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലും ചിന്നു കുട്ടി നിറഞ്ഞുനിന്നു.
സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം അവർക്ക് ഒരു വർഷം മുമ്പ് മഞ്ജിമ എന്ന ആ കുട്ടിയെ നഷ്ടപ്പെട്ടിരുന്നു.
ആ കുടുംബക്കാർ അലർട്ട് ആയി.. സൈബർ സെൽ മുഖാന്തരം പവിത്രൻജിയെ കണ്ടെത്തി.
ഒരു വർഷക്കാലം ഒരു ഭിക്ഷക്കാരി സ്ത്രീയുടെ കൂടെ ആയിരുന്ന മഞ്ജിമ മോളെ അവരുടെ മരണശേഷം ഈ സംഗീത സംവിധായകൻ കണ്ടെത്തി സംരക്ഷിച്ച് സംഗീതം പഠിപ്പിച്ചു സിനിമയ്ക്കുവേണ്ടി പാടിപ്പിച്ച ആ കഥ അവരറിഞ്ഞു. അതോടൊപ്പം ലോകവും.
പവിത്രൻജിയോട് എല്ലാവർക്ക് ബഹുമാനം ആയി.. അവളുടെ ചുണ്ടത്ത് നിന്നും അടർന്ന ആ ഭക്തി ഗാന സംഗീത വിസ്മയത്തിന്റെ ചെറിയ സ്ഫുരണത്തിൽ അതുല്യമായ, അമോഘമായ വാഴ്വ് കണ്ടെത്തിയ ആ മഹാനെ എല്ലാരും പ്രകീർത്തിച്ചു.
അയാൾ ഈ സൽപ്രവർത്തി ചെയ്തില്ലായിരുന്നെങ്കിൽ തങ്ങൾക്ക് തങ്ങളുടെ മകളെ കിട്ടില്ലായിരുന്നു..
❤❤
ലൈക് കമന്റ് ചെയ്യണേ….

