രചന : അപ്പു
:::::::::::::::::::::
” അഭി… ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്ക്.. നമ്മുടെ റിലേഷൻ വർക്കാവും എന്ന് എനിക്ക് തോന്നുന്നില്ല.. “
രാത്രി അഭിയുമായുള്ള ഫോൺ സംഭാഷണത്തിൽ ആയിരുന്നു രേവതി.
” എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കൽ നീ ഇതു തന്നെ പറയുമെന്ന്. എന്താടി നിനക്ക് വേറെ വല്ലവരെയും കിട്ടിയിട്ടുണ്ടോ..?”
അഭി മുരണ്ടു.അത് കേട്ടപ്പോൾ രേവതിക്ക് വല്ലാത്ത അറപ്പ് തോന്നി.
” എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു..? ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്..? ലോകത്ത് ആദ്യമായി സ്നേഹിക്കുന്നവർ ഒന്നുമല്ലല്ലോ നമ്മൾ.. എന്നിട്ടും എന്റെ സന്തോഷം എന്താണെന്ന് തിരിച്ചറിയാൻ നിനക്ക് പറ്റാതെ പോകുന്നല്ലോ..!”
അവൾ സങ്കടത്തോടെ പറയുമ്പോൾ മറുവശത്ത് അവൻ പുച്ഛത്തോടെ ചിരിക്കുകയായിരുന്നു.
” നിനക്ക് എന്ത് സന്തോഷത്തിന്റെ കുറവാണ്..? നിന്നെ ഞാൻ എത്ര കാര്യമായിട്ടാണ് നോക്കുന്നത്..? എന്റെ സന്തോഷങ്ങൾ തന്നെയല്ലേ നിന്റെയും സന്തോഷം..? നമ്മൾ ഒരു കുടുംബമായി ജീവിക്കുമ്പോൾ അങ്ങനെയല്ലേ വേണ്ടത്..? “
അഭി അത് ചോദിച്ചപ്പോൾ രേവതി കണ്ണീരിൽ കുതിർന്ന് ചിരിക്കുകയായിരുന്നു.
” നിന്റെ സന്തോഷം എന്റെയും സന്തോഷമാണ് എന്ന് ഞാൻ കണക്കാക്കുമ്പോൾ എന്റെ സന്തോഷമാണ് നിന്റേതും എന്ന് നീ എന്താ ചിന്തിക്കാത്തത്..? “
രേവതി ചോദിച്ചപ്പോൾ അഭിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“പെണ്ണ് ആണിനെ അനുസരിച്ച് വേണം ജീവിക്കാൻ. അങ്ങനെയാണെങ്കിൽ ഒരു കുടുംബം നന്നായി മുന്നോട്ടു പോകും. അതല്ലാത്ത പക്ഷം അടിച്ചു പിരിഞ്ഞ് രണ്ടു വഴിക്ക് പോകാനാണ് വിധി.”
അഭി വാദിച്ചു.
” ഇടയ്ക്ക് സ്ത്രീകൾ പറയുന്ന അഭിപ്രായങ്ങൾക്ക് വില കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. “
രേവതി പറഞ്ഞപ്പോൾ അഭി ചിരിച്ചു.
“നിനക്ക് അതൊരു തെറ്റായി തോന്നില്ല.പക്ഷേ ഞങ്ങൾ ആണുങ്ങൾക്ക് അതൊരു തെറ്റ് തന്നെയാണ്.പെണ്ണ് പറയുന്നതും കേട്ട് അവളുടെ പിന്നാലെ നടക്കുന്നവനെ ഞങ്ങളൊക്കെ വിളിക്കുന്ന പേര് വേറെയാണ്.. എന്റെ കൂട്ടുകാർ നാളെ ഒരിക്കൽ എന്നെ അങ്ങനെ കളിയാക്കി വിളിക്കുന്നത് കേട്ട് നിൽക്കാനുള്ള മാനസികാവസ്ഥ എന്തായാലും എനിക്കില്ല.. അതുകൊണ്ട് മോളുടെ ഈ വക ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ അടക്കി വെച്ചേക്കു..അത് എന്നോട് പറയാൻ നിൽക്കണ്ട..”
അവൻ പറഞ്ഞപ്പോൾ സങ്കടം കൊണ്ട് അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
” നീ ഇപ്പോൾ ഇത്രയും പ്രശ്നം ഉണ്ടാക്കാനും മാത്രം എന്ത് കാര്യമാണ് ഞാൻ നിന്നോട് പറഞ്ഞത്..? കോളേജിൽ ഫംഗ്ഷൻ എല്ലാവരും ദാവണി ഉടുക്കുമ്പോൾ അതിനോടൊപ്പം എനിക്കും ദാവണി ഉടുക്കണം എന്ന് പറഞ്ഞതാണോ പ്രശ്നം..? എനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ റെസ്ട്രിക്ഷൻ..? നീ നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാറില്ലേ..? എപ്പോഴെങ്കിലും ഞാൻ അതിന് എതിരായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ..?”
അവൾ വാദിക്കുമ്പോൾ അവന് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യ എന്നൊരു അവസ്ഥയിലായിരുന്നു.
” നീ എന്തൊക്കെ പറഞ്ഞാലും നീ പറഞ്ഞ കാര്യം ഞാൻ സമ്മതിച്ചു തരാൻ പോകുന്നില്ല. ദാവണി ഒക്കെ ഉടുത്തു പോയിട്ട് വേണം ഏതെങ്കിലും ഒരുത്തനെ കണ്ണും കയ്യും കാണിച്ച് വളച്ചെടുക്കാൻ. നിന്റെ അങ്ങനെയുള്ള ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല. നടത്തിക്കില്ല ഞാൻ.. “
ഒരു വാശി പോലെ അവൻ വിളിച്ചു പറയുന്ന വാക്കുകളുടെ വ്യാപ്തി എന്താണ് എന്ന് പോലും അവൻ ചിന്തിക്കുന്നുണ്ടായിരുന്നില്ല. സങ്കടം കൊണ്ട് കണ്ണു കാണാൻ വയ്യാതായപ്പോഴാണ് രേവതി ഫോൺ കട്ട് ചെയ്തത്.
അപ്പോഴും അവൾ തന്റെ ദുരവസ്ഥയെ കുറിച്ച് ഓർത്ത് വേദനിക്കുകയായിരുന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്ത് കൃത്യമായി പറഞ്ഞാൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്ലസ്ടുവിന് പഠിക്കുന്ന അഭിയെ അവൾ പരിചയപ്പെടുന്നത്. അന്ന് സ്കൂളിൽ കലോത്സവം നടക്കുമ്പോൾ അവളുടെ തൊട്ടു പിന്നിലുള്ള ബെഞ്ചിൽ ആയിരുന്നു അഭി ഇരുന്നത്.
അന്ന് ഓരോ പരിപാടിയും ആസ്വദിച്ച് ഓരോ പാട്ടിനും ഒപ്പം അഭിയും കൂട്ടരും നൃത്തം ചെയ്യുന്നത് സന്തോഷത്തോടെ അവൾ കണ്ടിരുന്നു. അങ്ങനെ ഒരു സംഭവത്തിന് ശേഷമാണ് രണ്ടുപേരും തമ്മിൽ പരിചയപ്പെടുന്നത് പോലും.
രേവതി ഇടയ്ക്കൊക്കെ അഭിയെ കാണാറുണ്ടായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ പോയപ്പോഴാണ് ആ ക്ഷേത്ര പരിസരത്താണ് അഭിയുടെ വീട് എന്ന് അറിയാൻ കഴിഞ്ഞത്. പിന്നീട് ഇടയ്ക്കൊക്കെ ക്ഷേത്രത്തിൽ പോകുമ്പോൾ പരസ്പരം കാണുന്നതും മിണ്ടുന്നതും പതിവായി.
രേവതി പ്ലസ് വണ്ണിലേക്ക് എത്തിയ സമയത്താണ് അഭി അവന്റെ ഇഷ്ടം അവളോട് തുറന്നു പറയുന്നത്. ഇതിനോടകം തന്നെ അവനോട് അവളുടെ മനസ്സിൽ ചെറിയൊരു ഇഷ്ടം മൊട്ടിടാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ അവൻ ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
പിന്നീട് അവരുടെ പ്രണയ നാളുകൾ ആയിരുന്നു. ആ സമയത്ത് പലപ്പോഴും പല കാരണങ്ങളും പറഞ്ഞ് അവളുടെ പല ഇഷ്ടങ്ങളും അവൻ വേണ്ടെന്നു വയ്പ്പിക്കുമ്പോൾ അതൊക്കെയും സന്തോഷത്തോടെയാണ് അവൾ സമ്മതിച്ചു കൊടുത്തിരുന്നത്.
അതിന് കാരണവും ഉണ്ടായിരുന്നു.ഏതൊരു ദാമ്പത്യ ബന്ധവും മുന്നോട്ട് പോകുന്നത് പരസ്പര വിശ്വാസം കൊണ്ടും അനുസരണശീലം കൊണ്ടും ആണെന്ന് അവളുടെ അമ്മ പലപ്പോഴും പറയുന്നത് അവൾ കേട്ടിട്ടുണ്ട്. അഭിയും അവളും തമ്മിൽ പ്രണയത്തിൽ ആയപ്പോൾ അവളുടെ ഭർത്താവാണ് അഭി എന്ന് അവൾ മനസ്സിൽ സങ്കൽപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അവൻ പറയുന്നതൊക്കെ ഒരു ഭർത്താവ് പറയുന്നതു പോലെ അവൾ അനുസരിച്ച് പോകുന്നു.
പ്ലസ്ടുവിന് നല്ല മാർക്ക് ബയോളജി സയൻസ് പാസായപ്പോൾ അവളുടെ ആഗ്രഹം എൻജിനീയറിങ്ങിന് പോകണം എന്നായിരുന്നു. അവളുടെ വീട്ടുകാർക്കും അത് അറിയാവുന്നതു കൊണ്ടു തന്നെ അവർ എൻട്രൻസ് എക്സാമിന് വേണ്ടി അവളെ കൊണ്ട് ആദ്യമേ തന്നെ പ്രിപ്പറേഷൻ ചെയ്യിപ്പിച്ചിരുന്നു.
പക്ഷേ പ്ലസ്ടുവിന് റിസൾട്ട് വന്നതിനു ശേഷം ഒരിക്കൽ അവൾ ഇങ്ങനെ ഒരു ആഗ്രഹത്തിനെ കുറിച്ച് പറഞ്ഞപ്പോൾ അവൻ എതിർത്തു.
” നീ എൻജിനീയറിങ് പഠിക്കാൻ പോകുന്നത് എനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. നിനക്കറിയാമല്ലോ ഞാൻ ഒരു സാധാരണ ഡിഗ്രിക്കാരൻ ആണ്. അപ്പോൾ എനിക്ക് കിട്ടുന്ന ജോലികൾക്കും ശമ്പളത്തിനും ഒക്കെ ഒരു പരിധിയുണ്ടാവും. നീ നന്നായി പഠിക്കുന്ന കുട്ടി ആയതു കൊണ്ട് തന്നെ എൻജിനീയറിങ് നീ നല്ല രീതിയിൽ തന്നെ പാസാകും. അപ്പോൾ തന്നെ ഞാൻ നിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത ഒരുവനായി മാറും. നമ്മുടെ വീട്ടുകാർ നമ്മുടെ വിവാഹം നടത്തി തരികയും ഇല്ല. ഡിഗ്രി ആകുമ്പോൾ നമ്മൾ രണ്ടാളും ഒരേ കോളിഫിക്കേഷൻ ഉള്ള ആളുകൾ ആവില്ലേ..? “
വാക്കുകളിൽ സങ്കടം ചാലിച്ചു കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അവന്റെ വാക്കുകളെ എതിർക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവളുടെ ഇഷ്ടവിഷയം ഒഴിവാക്കിക്കൊണ്ട് അവൾ ഡിഗ്രി പഠിക്കാൻ തുടങ്ങി.
അത് അവൾക്കു മേൽ അവൻ ഏൽപ്പിച്ചു തുടങ്ങിയ നിയന്ത്രണങ്ങളുടെ ആദ്യപടി മാത്രമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.
അവൾ കോളേജിൽ പോയി തുടങ്ങിയതിനു ശേഷം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതു മുതൽ വൈകുന്നേരം വീട്ടിൽ വന്ന കയറിയത് വരെയുള്ള കാര്യങ്ങൾ അവൻ വ്യക്തമായി അവളെ കൊണ്ട് പറയിക്കും. വഴിയിൽ ആരെയൊക്കെ കണ്ടു ആരോടൊക്കെ സംസാരിച്ചു എന്നൊക്കെ അവനറിയണം..!
ഓരോ ദിവസവും അവൾ ഇടുന്ന വസ്ത്രത്തിന്റെ നിറവും ഭംഗിയും പോലും അവനാണ് തീരുമാനിക്കുന്നത്. അവന്റെ ഇഷ്ടത്തിന് അല്ലാതെ അവൾ ഏതെങ്കിലും ഒരു ഡ്രസ്സ് ഇട്ടാൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ പ്രശ്നമായിരിക്കും.
ഷോൾ ഇല്ലാതെ ഒരു ഡ്രസ്സ് പോലും അവൾ ഇടരുത് എന്നുള്ളത് അവന്റെ നിർബന്ധമായിരുന്നു. കൂട്ടുകാരികളൊക്കെ കോളേജ് ലൈഫ് ആസ്വദിക്കുമ്പോൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള അനുവാദം പോലും അവൾക്കുണ്ടായിരുന്നില്ല.
ഇതിപ്പോൾ ഡിഗ്രി മൂന്നാം വർഷമാണ്. സെന്റ് ഓഫ് എല്ലാവരും ഒരേപോലെ ദാവണിയുടുക്കാം എന്നുള്ളത് ക്ലാസ്സ് ഒന്നടങ്കം എടുത്ത തീരുമാനമാണ്. ആ തീരുമാനത്തിനെയാണ് ഇപ്പോൾ അവൻ എതിർക്കുന്നത്.
അവൾ ഓരോന്നും ചിന്തിച്ചിരിക്കുന്നത് ഇടയിൽ അവളുടെ റൂമിന്റെ ഡോർ തട്ടുന്നത് അവൾ കേട്ടു. മുകൾ നിലയിലാണ് അവളുടെ റൂം എന്നുള്ളത് കൊണ്ട് തന്നെ,ബാൽക്കണിയിലേക്ക് ഇറങ്ങാൻ അവളുടെ മുറിയിൽ നിന്നും ഒരു വാതിൽ ഉണ്ട്. അതിൽ തട്ടുകേട്ടപ്പോൾ അവൾക്ക് ഭയം തോന്നി.
” ഞാനാ..വാതിൽ തുറക്ക് രേവൂ… “
അഭിയുടെ ശബ്ദം കേട്ടപ്പോൾ ചെറുതായി ഭയം തോന്നിയെങ്കിലും അവനല്ലേ എന്നൊരു ചിന്തയിലാണ് അവൾ വാതിൽ തുറന്നത്.
അതൊരു തെറ്റാണെന്ന് അവൾക്ക് ബോധ്യമായത് തൊട്ടടുത്ത നിമിഷത്തിൽ ആയിരുന്നു.വാതിൽ തുറന്നു കൊടുത്തതും അവൻ കയ്യിലിരുന്ന കത്തി കൊണ്ട് അവളെ കുത്തിക്കീറുകയായിരുന്നു.
തന്റെ ഉദ്ദേശം നടപ്പിലാക്കിയ സന്തോഷത്തിൽ അവൻ മടങ്ങി പോകുമ്പോൾ താൻ എടുത്ത തെറ്റായ തീരുമാനം തന്റെ ജീവൻ തന്നെ നഷ്ടമാക്കുന്നു എന്നൊരു തോന്നലിൽ പിടഞ്ഞു കിടക്കുകയായിരുന്നു അവൾ…!
✍️ അപ്പു

