ഒരിക്കൽ കുട്ടികൾക്ക് കാണാൻ പാടില്ലാത്തൊരു സിനിമ ഓടുന്ന തീയേറ്ററിന്റെ മുന്നിൽ നിന്നും നമ്മുടെ ക്ലാസ്സ്‌ മാഷ് എന്നെ പിടിച്ചതും…

അന്നാമ്മക്കൊരു കത്ത്… രചന: Aswathy Joy Arakkal

പ്രിയപ്പെട്ട അന്നാമ്മക്ക്…

അങ്ങനെ വിളിക്കാൻ ഉള്ള അധികാരം എനിക്കുണ്ടോ എന്നറിയില്ല. ഇതുവരെ ഞാൻ അങ്ങനെ വിളിച്ചട്ടുമില്ല. പക്ഷെ ആൻ മേരി ജോർജ് എന്ന തന്റെ പേര് ആരും വിളിച്ചു ഞാൻ ഇതു വരെ കേട്ടിട്ടില്ല. എല്ലാവർക്കും താൻ അന്നമ്മയും അന്നക്കൊച്ചും അന്നക്കുട്ടിയും ഒക്കെ ആയിരുന്നല്ലോ…

നമ്മൾ തമ്മിൽ കണ്ടിട്ടിപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ SSLC ബുക്ക്‌ വാങ്ങാൻ സ്കൂളിൽ വന്ന ദിവസമാണ് നമ്മൾ അവസാനമായി കണ്ടത്. താനിപ്പോ എവിടെയെന്നോ എങ്ങനെയെന്നോ എനിക്കറിയില്ല. തന്റെ വിദൂര ഓർമകളിൽ പോലും ഞാൻ ഉണ്ടോ എന്നും അറിയില്ല.

അങ്ങനെ ഉണ്ടാകേണ്ട ആവശ്യവും ഇല്ലല്ലോ…അങ്ങനെ ഓർത്തിരിക്കാൻ മാത്രം ഒരു ബന്ധവും നമ്മൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നതാണല്ലോ സത്യം. പക്ഷെ എന്റെ ഓർമയുടെ താളുകളിൽ ഇപ്പോഴുമുണ്ട്.

രണ്ടു ഭാഗത്തു മുടി പിന്നിയിട്ടു, ഫുൾ പാവാടയും ഉടുത്തു, വെള്ളാരം കണ്ണുകളുമായി…അന്തവും കുന്തവും ഇല്ലാതെ നടന്നിരുന്ന തന്റെ മുഖം. എന്റെ ഏതു സന്തോഷങ്ങളിലും വിജയങ്ങളിലും ഞാൻ നന്ദിയോടെ ആലോചിക്കുന്നൊരു മുഖം തന്റേതാണ്.

തന്നെ ഞാൻ ആദ്യം കാണുന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എട്ടാം ക്ലാസ്സ്‌ തൊട്ടു പത്തു വരെ നമ്മളെല്ലാവരും പഠിച്ചതു ഹൈസ്കൂൾ മാത്രമുള്ള ഒരു സ്കൂളിൽ ആയിരുന്നല്ലോ. എല്ലാവരും പലയിടത്തും നിന്നു വന്നു പുതിയ അഡ്മിഷൻ എടുത്തവർ ആയതു കൊണ്ട് പരസ്പരം അറിയാവുന്നവർ വളരെ ചുരുക്കം ആയിരുന്നു.

ലാസ്റ്റ് പഠിച്ച സ്കൂളിലെ മാർക്ക്‌ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ എടുത്തു വന്നപ്പോൾ തീരെ പഠിക്കാൻ മോശമായവർ എല്ലാവരും ഒരു ക്ലാസ്സിൽ വന്നു. ആ ക്ലാസ്സിൽ തന്നെ സ്വാഭാവികമായി ഞാനും. ക്ലാസ്സ്‌ തുടങ്ങി പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് താൻ ക്ലാസ്സിലെത്തുന്നത്.

വന്നപാടെ ഒരു മടിയുമില്ലാതെ ഫസ്റ്റ് ബെഞ്ചിൽ തന്നെ കയറി ഇരുന്ന ഇയാളെ, ഇതെന്തു ജീവി എന്നാണ് ലാസ്റ്റ് ബെഞ്ചിലിരിക്കാൻ മത്സരിച്ചിരുന്ന ക്ലാസ്സ്‌ ഒന്നടങ്കം വിളിച്ചത്.

പക്ഷെ ദിവസങ്ങൾക്കുള്ളിൽ കുറുമ്പ് കാണിച്ചും നന്നായി പഠിച്ചും താൻ എല്ലാവരുടെയും ഓമന ആയി മാറിയപ്പോൾ, ഇതൊന്നും ദഹിക്കാതെ…തന്നെ പുച്ഛിച്ചും, കുറ്റം പറഞ്ഞും ഞങ്ങൾ ഇരുന്നു.

തനിക്കറിയോ സ്പെഷ്യൽ ക്ലാസിനു ആദ്യമൊക്കെ സൈക്കിൾ ചവിട്ടി സ്കൂളിൽ വന്നിരുന്ന തന്റെ സൈക്കിൾന്റെ കാറ്റു സ്ഥിരമായി അഴിച്ചു വിട്ടിരുന്നത് ഞങ്ങളാണ്. ഇത് വർഷങ്ങൾക്കു ശേഷമുള്ള ഒരു കുറ്റ സമ്മതം കൂടിയാണ് കേട്ടോ…

ഇനി തനിക്കു പോലും അറിയാത്ത, എന്റെ ജീവിതത്തിൽ തനിക്കുള്ള സ്ഥാനം എന്താണ് എന്നു അറിയേണ്ടേ…?

പൊതുവെ അലമ്പൻ എന്നു നാട്ടിലും വീട്ടിലും പേരുള്ള എന്നോട് ആർക്കും വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. കൂട്ടുകാരും വളരെ കുറവ്. പെൺകുട്ടികൾ മിണ്ടുക പോലും ഇല്ല.

ഒരിക്കൽ കുട്ടികൾക്ക് കാണാൻ പാടില്ലാത്തൊരു സിനിമ ഓടുന്ന തീയേറ്ററിന്റെ മുന്നിൽ നിന്നും നമ്മുടെ ക്ലാസ്സ്‌ മാഷ് എന്നെ പിടിച്ചതും, അതു പരസ്യമായതും എല്ലാം തനിക്കോർമ്മയുണ്ടോ…?

അന്ന് മുതൽ ഒരർത്ഥത്തിൽ എല്ലാവർക്കും ഞാൻ വെറുക്കപെട്ടവനായി. ദേഷ്യവും സങ്കടവും കൊണ്ട് ലഞ്ച് കഴിക്കാതെ ക്ലാസ്സിലിരുന്ന എന്നോട് താൻ ചോദിച്ചത് ഓർമ്മയുണ്ടോ…

“എന്താ സുബിഷെ കഴിക്കാതിരിക്കനെ , കൊണ്ട് വന്നിട്ടില്ലെങ്കി ഷെയർ ചെയ്യാട്ടോ…” എന്നു…സത്യം പറയാടോ, അന്ന് താൻ അതു പറയാനുള്ള സന്മനസ്സ് കാണിച്ചില്ലായിരുന്നെങ്കിൽ ഞാൻ പിറ്റേന്ന് തൊട്ടു ക്ലാസ്സിൽ വരില്ലായിരുന്നു.

അത്രക്കും അപമാനിതനും വെറുക്കപ്പെട്ടവനും ആണ് ഞാൻ എന്ന പടുകുഴിയിൽ നിന്നാണ് തന്റെ ആ ഒറ്റ ചോദ്യം എന്നെ, എന്റെ മനസ്സിനെ വലിച്ചു കയറ്റിയത്. എന്റെ മാതാപിതാക്കൾക്ക് പോലും ഞാൻ വെറുക്കപെട്ടവൻ ആയി തീർന്നിരുന്നു.

പിന്നെയും താൻ എനിക്ക് മുന്നിൽ പോസിറ്റീവ് എനർജി ആയി പലപ്പോഴും വന്നിട്ടുണ്ട്. ക്ലാസ്സിൽ ഗ്രൂപ്പ്‌ തിരിച്ചപ്പോൾ ഞാൻ ഉള്ളതു കൊണ്ട് മാത്രം ഗ്രൂപ്പിന് ലീഡർ ആകാൻ ആളെ കിട്ടാതിരുന്നപ്പോഴും രക്ഷകയായി വന്നത് താനാണ്. അങ്ങനെ പലപ്പോഴും ഒരു ചിരികൊണ്ടു പോലും താൻ എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്.

ഒൻപതാം ക്ലാസ്സിൽ ആയപ്പോൾ താൻ പഠിപ്പികളുടെ ക്ലാസ്സിലേക്കായി. എങ്കിലും ഇടക്ക് കാണുമ്പോ താൻ ചിരിച്ചു എന്തെങ്കിലും പറയും. അവനോടൊക്കെ മിണ്ടിയാൽ ചീത്ത പേരുണ്ടാകും എന്നു തന്റെ കൂട്ടുകാരികൾ ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. താൻ എന്നിട്ടും പഴയത് പോലെ തന്നെ പെരുമാറി.

എന്റെ ഓട്ടോഗ്രാഫിൽ എഴുതിയെക്കുന്ന ഒരേയൊരു പെൺകുട്ടി താനാണ്. ഓട്ടോഗ്രാഫ് എഴുതി തന്നിട്ട് എക്സാംനു പാസ്സ് ആകണം ട്ടോ സുബീഷേ, എന്നെ തട്ടിയിട്ട് താൻ പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്…റിസൾട്ട്‌ വന്നു പാസ്സ് ആയപ്പോൾ അതു തന്നെ അറിയിക്കണം എന്നാണ് ആദ്യം തോന്നിയത്.

SSLC ബുക്ക്‌ വാങ്ങാൻ വന്നപ്പോഴാണ് കാണാൻ പറ്റിയത്. ഉയർന്ന മാർക്ക്‌ വാങ്ങിയ തന്നെ എല്ലാവരും അഭിനന്ദിച്ചു കൊണ്ടിരുന്നപ്പോൾ, കോംപ്ലക്സ് കൊണ്ട് മാറി നിന്ന എന്റെ അടുത്തേക്ക് ഓടി വന്നു എന്തായെടാ എന്നു ചോദിച്ചു താൻ, മടിച്ചു കൊണ്ട് മാർക്ക്‌ കുറവാണ് എന്നു പറഞ്ഞു മാർക്ക്‌ ലിസ്റ്റ് കാണിച്ച എന്നോട്…പൊളിച്ചല്ലോ…പത്താം ക്ലാസ്സ്‌ മാർക്കൊന്നും ഒന്നിന്റെം ബേസ് അല്ല, നന്നായി പടിച്ചു ജോലിയൊക്കെ വാങ്ങണട്ടോ എന്നു പറഞ്ഞു താൻ പോയതാണ് നമ്മടെ അവസാന കൂടി കാഴ്ച…

ഞാൻ പഠിച്ചു, ഇന്നൊരു സർക്കാർ ഉദ്യോഗസ്ഥനാണ്. പോലീസ് ഡിപ്പാർട്മെന്റ്ലാണ്. കല്യാണവും കഴിഞ്ഞു…ഭാര്യയും മോളുമായ് സന്തുഷ്ട ജീവിതം…ഇതിൽ തനിക്കെന്നെ ഓർക്കേണ്ട ആവശ്യം എന്താണ് അല്ലേ…

പക്ഷെ ഞാൻ അപമാനിതനായി ഒന്നുമില്ലാതെ നിന്നപ്പോൾ ഒന്ന് ചിരിക്കാൻ, മിണ്ടാൻ താൻ കാണിച്ച മനസ്സു, ആ വലിയ മനസ്സു താൻ കാണിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോ ഒന്നുമാകാതെ പഴയതിനേക്കാൾ തല്ലിപ്പൊളി ആയി, വീട്ടുകാർക്കും, നാട്ടുകാർക്കും കൊള്ളാത്തവനായി തീർന്നേനെ…

ന്റെ പ്രചോദനം താൻ പോലുമറിയാതെ താൻ കാണിച്ച സന്മനസാണ്‌. ആലോചിച്ചാൽ താൻ എനിക്കാരാണ്…അമ്മയോ സഹോദരിയോ കാമുകിയോ ശെരിക്കും നോക്കിയാൽ ഒരു ആത്മാർത്ഥ സുഹൃത്ത്‌ പോലും ആയിരുന്നില്ല. പക്ഷെ ഇന്നു എന്റെ ജീവിതം എവിടെയെങ്കിലും എത്തിയിട്ടുണ്ട് എങ്കിൽ അതിനു വലിയൊരു പങ്കു അവകാശവും തനിക്കാണെന്നു നിസംശയം ഞാൻ പറയും.

നിഷ്കളങ്കമായ ചിരിയും വെള്ളാരം കല്ല് പോലുള്ള ആ കണ്ണുമായ് വന്നു ചിരിച്ചു താൻ എനിക്ക് പിടിച്ചു തന്നത് എന്റെ ജീവിതമാണ്…പകർന്നു തന്നത് വെളിച്ചമാണ്…അതെ എന്റെ ജീവിതത്തിനു വെളിച്ചം പകർന്നവൾ. എന്നിൽ പ്രകാശം പരത്തിയ പെൺകുട്ടി തന്നെയാണെടോ താൻ…

വേണമെങ്കിൽ മറ്റുള്ളവരെ പോലെ തനിക്കും എന്നെ അകറ്റി നിർത്തമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ…കാണണമെന്ന് പലപ്പോഴും തോന്നാറുണ്ട് പക്ഷെ വേണ്ട…

വെള്ളാരംകണ്ണും പിന്നിയിട്ട മുടിയും നീല ഫുൾ പാവാടയും ഇട്ടു ഓടി നടന്നിരുന്ന ആ രൂപം എന്നും മനസ്സിലുണ്ടാകും…ജീവിതാന്ത്യം വരെ…

അല്ലെങ്കിലും ഓർമകൾക്ക് മധുരം കൂടുതലാണല്ലോ…പിന്നെ അന്നമ്മോ എന്നു വിളിച്ചാൽ വിളികേൾക്കാൻ എനിക്കിവിടെ ഒരാളുണ്ട് ഇന്നു…എന്റെ കൊച്ചു സുന്ദരി…അന്നമ്മ എന്നു വിളിപ്പേരുള്ള എന്റെ മോളു…

താളം തെറ്റി പൊയ്ക്കൊണ്ടിരുന്ന ജീവിതം തിരികെ പിടിച്ചെനിക്ക് തന്നവൾക്കു, എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചവൾക്കു, ജീവിക്കാൻ പഠിപ്പിച്ചവൾക്കു എന്നെന്നും നന്മകൾ മാത്രം നേർന്നുകൊണ്ട്…

ഒരുപാട് സ്നേഹത്തോടെ, സ്വന്തം തെമ്മാടി…

ചില ബന്ധങ്ങൾ അങ്ങനെയാണ്. വലിയ വാഗ്ദാനങ്ങളോ സ്നേഹപ്രകടനങ്ങളോ ഒന്നും വേണ്ട…ഒരു നോട്ടം…തകർന്നു പോകുന്ന നേരത്ത് ഒരു ചിരി…അതുമതി ഒരായുഷ്കാല പുണ്യത്തിനു…

പഴയൊരു സൗഹൃദത്തിന്റെ ഓർമ്മയ്ക്ക്…