രചന : അപ്പു
::::::::::::::::::
” ടോ.. നമ്മുടെ കാര്യത്തിനും കുറച്ചു കൂടി സമയം കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു.. “
അവളുടെ മുഖത്തേക്ക് നോക്കാതെ അനൂപ് അത് പറയുമ്പോൾ അവൾ നിസ്സഹായതോടെ പുഞ്ചിരിച്ചു.
“അപ്പോൾ നമ്മുടെ കാര്യത്തിൽ വലിയ പ്രതീക്ഷ ഒന്നും വയ്ക്കേണ്ട എന്നർത്ഥം..”
സ്വയം പരിഹസിച്ചു കൊണ്ട് അവൾ അത് പറയുമ്പോൾ അവൻ മറുപടിയൊന്നും പറഞ്ഞില്ല.
“ഞാൻ ഇതൊക്കെ ആദ്യമേ തന്നെ പ്രതീക്ഷിച്ചതാണ് അനുവേട്ടാ.. ഞാൻ പറഞ്ഞതല്ലേ നമ്മൾ തമ്മിലുള്ള ബന്ധം ശരിയാവില്ല എന്ന്.. പാവപ്പെട്ടവനും പണക്കാരനും തമ്മിൽ എന്നും ഒരു അന്തരം നില നിൽക്കുന്നതാണ്. എന്നിട്ടും അനുവേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ പറ്റാത്തതു കൊണ്ട് മാത്രമാണ്..”
അവൾ സ്വയം പറയുന്നുണ്ടായിരുന്നു.. അത് കേട്ടിട്ടും അവൻ കേൾക്കാത്തത് പോലെ നടിച്ചു.
” തന്നോട് എനിക്ക് ഇഷ്ടമില്ലാത്തതു കൊണ്ടോ തന്നെ വേണ്ടാത്തതു കൊണ്ടോ ഒന്നുമല്ലല്ലോ.. തന്നെ എനിക്ക് വേണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് കുറച്ചു കാലം കൂടി കാത്തിരിക്കണം എന്ന് പറഞ്ഞത്..”
അനു അത് പറയുമ്പോൾ കീർത്തി അവനെ ഒന്ന് നോക്കി.
” അനുവേട്ടാ.. ഞാൻ സ്വന്തമായ ഒരു വീട്ടിൽ ഒന്നുമല്ല താമസം..ആരോരുമില്ലാത്ത കുറെയേറെ പേര് ഒന്നിച്ച് താമസിക്കുന്ന ഒരു അനാഥാലയത്തിൽ..! അവിടെ ഓരോന്നിനും ഓരോ നിയമങ്ങളുണ്ട്. എനിക്ക് ഇപ്പോൾ തന്നെ പ്രായം 22 കഴിഞ്ഞു. ഈ പ്രായത്തിനിടയിൽ ഒന്നുകിൽ ജോലി സ്വന്തമാക്കണം അല്ലെങ്കിൽ വിവാഹം ചെയ്തു അവിടെ നിന്ന് പോയിരിക്കണം എന്നൊക്കെയുള്ളത് നിയമമാണ്. ഇപ്പോഴും എനിക്ക് മാത്രമാണ് അവിടെ ഒരു ഫേവർ ഉള്ളത്. എനിക്ക് നിന്നെ അവിടെ ഉണ്ടായിരുന്ന അവരൊക്കെ ഈ പ്രായത്തിനു മുൻപ് തന്നെ അവിടെ നിന്ന് പടിയിറങ്ങിയവരാണ്. ഇത്രയും കാലം പഠിക്കണമെന്നുള്ള എക്സ്ക്യൂസ് പറഞ്ഞതാണ് ഞാൻ പിടിച്ചു നിന്നത്.. പക്ഷേ ഡിഗ്രി കഴിഞ്ഞു. പി ജി കഴിയാറായി.എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. ഇനിയിപ്പോൾ അത് മാത്രമാണ് ഒരു പ്രതീക്ഷ.. “
അവൾ നെടുവീർപ്പോടെ അത് പറയുമ്പോൾ അനൂപിന് ആകെ ഒരു വല്ലായ്മ തോന്നി.
” അനുവേട്ടനോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..? “
പെട്ടെന്ന് ഓർത്തത് പോലെ അവൾ അവനെ നേരെ തിരിഞ്ഞിരുന്നപ്പോൾ അവൻ എന്താ എന്ന് അർത്ഥത്തിൽ അവളെ നോക്കി.
” നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവിടെ ആരും സമ്മതിച്ചില്ല അല്ലേ..? അതുകൊണ്ടല്ലേ ഇപ്പോൾ എന്നോട് കാത്തിരിക്കണം എന്നൊക്കെ പറഞ്ഞത്..? “
അവൾ അത് ചോദിച്ചപ്പോൾ മറുപടി പറയാനാവാതെ അവൻ പതറിപ്പോയി. അവന്റെ ആ ഭാവത്തിൽ നിന്ന് തന്നെ താൻ പറഞ്ഞതാണ് സത്യം എന്ന് അവൾക്ക് മനസ്സിലായി.
അവളുടെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിരിഞ്ഞിരുന്നു.
” ഇത് ഞാൻ ആദ്യം തന്നെ പ്രതീക്ഷിച്ചതാണ്. കാരണം ഇതായിരുന്നുവെങ്കിൽ അനുവേട്ടന് എന്നോട് നേരത്തെ തന്നെ തുറന്നു പറയാമായിരുന്നു..”
അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റു.
” ഇതുവരെ സംഭവിച്ചതൊക്കെ മറന്നു കളയാൻ ശ്രമിക്കാം ഞാൻ. എനിക്ക് വേണ്ടി ഒരിക്കലും വീട്ടുകാരോട് യുദ്ധം ചെയ്യരുത്. കാരണം അവരോട് യുദ്ധം ചെയ്ത നേടിയെടുത്ത കഴിയുമ്പോഴും ഞാൻ ഒരു ബാധ്യതയായി അനുവേട്ടന് തോന്നിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലാതായി പോകും..! ഒരുപാട് കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും വാത്സല്യവും കിട്ടി വളർന്ന അനുവേട്ടനെ ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് അറിയില്ല. എനിക്ക് വേണ്ടി ആ വീട് വിട്ടിറങ്ങേണ്ടി വന്നാൽ ഒരുപക്ഷേ അനുവേട്ടൻ ഏതെങ്കിലും ഒരു സാഹചര്യത്തിൽ എന്നെ മനസ്സുകൊണ്ട് എങ്കിലും ശപിച്ചാൽ .. അതൊന്നും താങ്ങാനുള്ള കരുത്ത് എനിക്കില്ല. “
അത്രയും പറഞ്ഞുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുനീർത്തുള്ളികളെ അവൾ മനപ്പൂർവ്വം തടഞ്ഞു നിർത്തി.
” പോട്ടെ ഞാൻ.. “
ഒരു ചിരിയോടെ അവനോട് യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ നടന്നു നീങ്ങുന്ന വഴിയിലൂടെ കണ്ണും നട്ട് അവനും നിൽപ്പുണ്ടായിരുന്നു.
തിരികെ ശരണാലയത്തിലേക്ക് നടക്കുമ്പോൾ കീർത്തിയുടെ മനസ്സിൽ മുഴുവൻ അനൂപ് ആയിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ് അനൂപും ആയിട്ടുള്ളത്. തന്റെ സീനിയറായി പഠിച്ചത് തന്നെയാണ്. ആദ്യമൊക്കെ കണ്ടാൽ പരസ്പരം ചിരിക്കുന്ന സാധാരണ ഒരു സൗഹൃദം തന്നെയായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതും.
പക്ഷേ പെട്ടെന്നൊരു ദിവസം അനൂപ് തന്റെ പ്രണയം വെളിപ്പെടുത്തി. പക്ഷേ അത് അംഗീകരിക്കാൻ കീർത്തിയുടെ മനസ്സിന് കഴിയില്ലായിരുന്നു.
ഇല്ലായ്മകളിൽ വളരുന്ന കീർത്തിക്ക് അനൂപ് നയിക്കുന്ന ആഡംബര ജീവിതത്തിൽ നിന്ന് തന്നെ അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു.
അവനെ ആട്ടി അകത്തുകയും തള്ളിപ്പറയുകയും ഒക്കെ ചെയ്തു.
അതിനിടയിൽ അവൻ പ്ലസ് ടു പാസ്സായി കോളേജിൽ ചേർന്നു. അപ്പോഴും ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ അവളെ കാണാനായി അവൻ ഓടി എത്താറുണ്ട്.
അവന്റെ സാമീപ്യം അവൾക്ക് ഒരു പ്രശ്നമാണ് എന്ന് അവനു തോന്നിയതിനു ശേഷം അവളുടെ കൺവെട്ടത്ത് വരാതെ എവിടെയെങ്കിലും മാറി നിന്ന് അവളെ കണ്ടിട്ട് മടങ്ങി പോവുകയാണ് പതിവ്.
അവൾക്ക് കോളേജിൽ ചേരാനുള്ള സമയമായപ്പോൾ അവന്റെ കോളേജിൽ തന്നെയാണ് അധികൃതർ അവളെ ചേർത്തത്.
അവിടെ ജോയിൻ ചെയ്തതിനുശേഷം ആണ് അവനും അവിടെയാണുള്ളത് എന്ന് അവൾ അറിയുന്നത്.
പലപ്പോഴും ആ കോളേജിൽ അവൾക്ക് അവന്റെ ഭാഗത്ത് നിന്ന് പല സഹായങ്ങളും കിട്ടിയിട്ടുണ്ട്. അവന്റെ സ്നേഹത്തോടെയുള്ള നോട്ടങ്ങളും സാമീപ്യവും അവൾ പതിയെ പതിയെ ആഗ്രഹിച്ചു.
ഏതോ ഒരു നിമിഷത്തിൽ തന്റെ പ്രണയം അവളും വെളിപ്പെടുത്തി.
അപ്പോഴും അവൾ അവനോട് ഒരു കാര്യം മാത്രമാണ് പറഞ്ഞത്.
” നമ്മൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് അനൂപേട്ടന് നന്നായി അറിയാമായിരിക്കും. നാളെ ഒരിക്കൽ നമ്മുടെ കാര്യം വീടുകളിൽ ചർച്ചയാകുമ്പോൾ, എന്നെ സ്നേഹിച്ചതിന്റെ പേരിൽ അനൂപേട്ടൻ ഒരുപാട് അനുഭവിക്കേണ്ടി വരും.ഞാൻ അല്ലെങ്കിൽ വീട്ടുകാർ എന്നൊരു സിറ്റുവേഷൻ വന്നാൽ ഒരിക്കലും എന്നെ ചൂസ് ചെയ്യരുത്. കാരണം ഒരുപാട് പ്രതീക്ഷയോടെ അവർ വളർത്തിക്കൊണ്ടു വന്നതാണ് അനുവേട്ടനെ. അവരെ വേദനിപ്പിച്ചു കൊണ്ട് നമ്മൾ ഒരു ജീവിതം തുടങ്ങിയാൽ ഒരുപക്ഷേ അത് നല്ലതായി ഭവിക്കണമെന്ന് ഒന്നുമില്ലല്ലോ..!”
അന്ന് അവൾ അങ്ങനെ പറഞ്ഞെങ്കിലും അവൻ അവൾക്ക് വാക്ക് കൊടുത്തതാണ്.
” നീയല്ലാതെ മറ്റാരുടെയും കൈപിടിച്ച് എന്റെ വീട്ടിലേക്ക് ഞാൻ കയറില്ല. ഞാൻ നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെതായിരിക്കും.”
അവന്റെ ആ വാക്കിനെ വിശ്വസിച്ച് തന്നെയാണ് ഇന്നുവരെ ആ പ്രണയം മുന്നോട്ട് പോയത്.. പക്ഷേ ഇപ്പോൾ വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലാണ് തങ്ങൾ ചെന്നെത്തിയിരിക്കുന്നത് എന്ന് കീർത്തിക്ക് തോന്നി.
ഹൃദയം പറിയുന്ന വേദനയിലും അവനെ വിട്ടുകൊടുക്കാൻ അവൾ തയ്യാറായി.
തിരികെ അവൾ ശരണാലയത്തിൽ എത്തുമ്പോൾ മധ്യവയസ്കരായ ഭാര്യാഭർത്താക്കന്മാർ അവിടെ ഇരിക്കുന്നത് അവൾ കണ്ടു. അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ അകത്തേക്ക് നടന്നു.
“കീർത്തി…”
പിന്നിൽ നിന്ന് അവിടുത്തെ മാഡം വിളിച്ചപ്പോൾ അവൾ തിരിഞ്ഞു.
“ഇവർ തന്നെ കാണാൻ വന്നതാണ് കുട്ടി..”
അവർ അത് പറയുമ്പോൾ അവൾ സംശയത്തോടെ നെറ്റി ചുളിച്ചു.
” എന്റെ മോന്റെ മനസ്സ് കവർന്നെടുത്ത ഒരു പെൺകുട്ടി ഇവിടെയുണ്ടെന്ന് അവൻ പറഞ്ഞു ഞങ്ങൾ അറിഞ്ഞു. അവളെ ഒന്ന് കാണാനും, എത്രയും വേഗം ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിക്കാനും ഒക്കെ വേണ്ടി വന്നതാണ്.. “
അവർ അത് പറഞ്ഞു കഴിഞ്ഞതും അവൾ അത്ഭുതവും അമ്പരപ്പും നിറഞ്ഞ രീതിയിൽ അവരെ നോക്കി.
” ഇനിയും മനസ്സിലായില്ലേ..? അനൂപിന്റെ മാതാപിതാക്കളാണ്.. “
അനൂപിന്റെ അച്ഛൻ പറഞ്ഞപ്പോൾ അവൾക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയി.
തറഞ്ഞു നൽകുന്ന അവളെ പിന്നിലൂടെ വന്ന് അനൂപ് ചേർത്തുപിടിച്ചു.
” തന്നെ വെറുതെ ഒന്നു പറ്റിക്കണം എന്ന് മാത്രമാണ് ഞാൻ കരുതിയത്. പക്ഷേ താൻ അത് ഇത്രയും സീരിയസ് ആയി എടുക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല.”
അവൻ അത് പറഞ്ഞു കഴിഞ്ഞതും അവൾ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പോയി.
പക്ഷേ അതൊരിക്കലും സങ്കടം കൊണ്ടായിരുന്നില്ല..!!
ഇനിയുള്ള നാളുകളുടെ സന്തോഷങ്ങളുടെ സൂചന എന്നപോലെ എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.

