പ്രണയ പക ~ രചന: നിമ്മി സേവ്യർ
എന്തിനാ ഹരിയേട്ടാ, ഇവിടേയ്ക്ക് വന്നത് .?…….നമുക്ക് പോകാം …..ഇവിടെ നിന്ന് എനിക്ക് വല്ലാതെ പേടിയാകുന്നു….. സമയം വൈകും ……
എന്റെ ശാലു ,നീ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാൽ വല്ലാത്ത കഷ്ടം ആണ്…കുറച്ചുനേരം ഇങ്ങനെ നിന്നോട് കൂടെ സംസാരിക്കാൻ …..സ്വസ്ഥമായിട്ട് ഇരിക്കാൻ വേണ്ടിയാണ്, ഞാൻ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് …..ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ, പിന്നെ എങ്ങനെയാ കാര്യങ്ങൾ …കുസൃതിച്ചിരിയോടെ ഹരി പറഞ്ഞു …
എന്ത് കാര്യങ്ങൾ ..?…..ഒന്നും മനസ്സിലാക്കാതെ ശാലിനി ചോദിച്ചു
കുറേ കാര്യങ്ങൾ… നിനക്ക് ഒന്നും അറിയില്ലല്ലോ …….അതൊക്കെ ഹരിയേട്ടൻ പഠിപ്പിച്ചുതരാം……… ശാലിനിയുടെ കൈകൾ ചേർത്തുപിടിച്ച് ഹരി പറഞ്ഞു…
പക്ഷേ ഹരിയുടെ കൈ മാറ്റി , ശാലിനി എഴുന്നേറ്റു മാറിനിന്നു……
അത് കണ്ടതും ഹരിക്ക് ദേഷ്യം വന്നു…നിന്നെ അത്രയ്ക്കും ഇഷ്ടം ഉള്ളതുകൊണ്ടാണ് ഞാൻ……അത് മനസ്സിലാക്കാൻ നിനക്ക് പറ്റുന്നില്ലെങ്കിൽ, നമുക്ക് തിരിച്ചുപോകാം …..ഹരി ബാഗ് എടുക്കുന്നത് പോലെ അഭിനയിച്ചു ….
ഹരിയുടെ ദേഷ്യവും പിണക്കവും കണ്ടപ്പോൾ , ശാലിനിക്ക് സങ്കടമായി..
ഹരിയേട്ടൻ പറഞ്ഞതുപോലെ തന്നോട് അത്രയ്ക്ക് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഹരിയേട്ടൻ തന്നെ ആഗ്രഹിക്കുന്നത്…… ഇപ്പോൾ ഞാൻ അതിനെതിരു പറഞ്ഞാൽ ഹരിയേട്ടനു എന്നോട് ദേഷ്യം ആകും തനിക്കതു് സഹിക്കാൻ കഴിയില്ല…തന്റെ ഇംഗിതത്തിന് ശാലിനി വഴങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഹരി ദേഷ്യം അഭിനയിച്ചതും.. കാരണം അവൾക്ക് തന്നെ ജീവൻ ആണ് എന്ന് ഹരിക്ക് അറിയാം ……..
ഹരിയുടെ ഉള്ളിലെ ചതി മനസ്സിലാക്കാൻ പറ്റാതിരുന്ന ശാലിനി അവന്റെ ഇഷ്ടത്തിനു വഴങ്ങി കൊടുത്തു,. തന്നെ വെറുക്കാതിരിക്കാൻ ………
ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു വീട്ടിലെത്തിയെങ്കിലും ,അച്ഛന്റെയും അമ്മയുടെയും മുഖം കാണുമ്പോഴൊക്കെ ശാലിനിയുടെ ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു. ആ വേദനയുടെ ആഴം കൂട്ടാനായി, ഹരിയെ വിളിക്കുമ്പോഴൊക്കെ ഫോൺ എടുക്കാതെ ആയി, ഹരി….. കോളേജിലേക്ക് പോകുമ്പോൾ കാത്തുനിൽക്കുന്നുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ,ശാലിനി ഹരിയെ നോക്കും…….പക്ഷേ, അവിടെയെങ്ങും അവൻ ഉണ്ടാകാറില്ല…ഫോൺ വിളിച്ചാൽ എടുക്കാതെയും ആയപ്പോൾ ,ശാലിനിയുടെ വിഷമം കൂടി ..ഉള്ളിലെ ആധി പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ,അവളുടെ പെരുമാറ്റം ശാലിനിയുടെ അമ്മയിൽ സംശയങ്ങൾ ഉണർത്തി …
എന്താ മോളെ….? എന്താ നിനക്ക് പറ്റിയത് ….?…ഒന്നും മിണ്ടാതെ , കഴിക്കാതെ,…… ഇത് എന്ത് ഇരിപ്പാ ……. അമ്മ ചോദിച്ചു…
ഒന്നുമില്ല അമ്മേ…..ശാലിനി പറഞ്ഞു ……..
പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായെങ്കിലും ,അമ്മ പിന്നീട് ഒന്നും ചോദിച്ചില്ല…പക്ഷേ അമ്മ അച്ഛനോട് സംസാരിക്കുന്നത് ശാലിനി കണ്ടു …നമ്മുടെ മോൾക്ക് എന്താ പറ്റിയത്…? പണ്ടത്തെ കളിയും ചിരിയും ഒന്നുമില്ല …കരഞ്ഞു കൊണ്ട് ‘അമ്മ പറഞ്ഞപ്പോൾ , അച്ഛൻ അമ്മയെ ആശ്വസിപ്പിച്ചു….ഇപ്പോഴത്തെ കുട്ടികളല്ലേ…… ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടമാണ് ,അവർക്കൊക്കെ…ഇതും അതുപോലെ തന്നെ എന്തെങ്കിലും ആകും…… അതിന് നീ എന്തിനാ ഇങ്ങനെ കരയണേ … അച്ഛൻ അമ്മയെ വാക്കുകൾകൊണ്ട് ആശ്വസിപ്പിച്ചെങ്കിലും, അച്ഛന്റെ മുഖഭാവത്തിൽ നിന്നും, അമ്മയേക്കാൾ വേദന അച്ഛനു ഉണ്ടെന്ന് ശാലിനിക്കു മനസ്സിലായി ……
ഹരിയെ വിളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ, അതുകൊണ്ടുതന്നെ അവനെ തേടി ഇറങ്ങി ശാലിനി…അന്വേഷണത്തിനൊടുവിൽ അറിഞ്ഞു, ഹരി മറ്റൊരു വിവാഹം കഴിക്കാൻ ഉള്ള ഒരുക്കത്തിൽ ആണെന്ന്,…… ഹരിയുടെ കൂട്ടുകാർ പറഞ്ഞ ആ വാർത്ത കേട്ട് ശാലിനി നടുങ്ങിപ്പോയി…… ഹരിയെ കാണാതെ തിരിച്ചു പോകില്ല എന്ന ശാലിനിയുടെ വാശിക്ക് മുൻപിൽ ഹരിയുടെ കൂട്ടുകാർ ഹരിയെ അവളുടെ അടുക്കൽ കൊണ്ടുവന്നു……
കേട്ടതെല്ലാം നുണയാണെന്നും, നിന്നെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ, എന്നൊക്കെ ഹരി തന്നോട് പറയുമെന്നും ആഗ്രഹിച്ചു നിന്ന ശാലിനിയുടെ മുഖത്തേക്ക്, നീരസത്തോടെ നോക്കിക്കൊണ്ട് ഹരി ചോദിച്ചു…..
നിനക്കെന്താ വേണ്ടത് …? ….ഇപ്പൊ എന്തിനാ നീ എന്നെ കാണാൻ വന്നത് …?ചോദ്യത്തിലെ ദേഷ്യം മനസ്സിലായ ശാലിനി, സങ്കടത്തോടെയും അതിലേറെ നിരാശയോടെയും ചോദിച്ചു ,,,,,,,എന്നെ പറ്റിക്കുകയായിരുന്നു അല്ലേ..? ഹരിയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് ശാലിനി പറഞ്ഞു എന്നെ ചതിക്കുകയായിരുന്നു ലെ …? അവളുടെ എതിർപ്പുകൾ എല്ലാം മുൻകൂട്ടി അറിയാവുന്ന പോലെ പരിഹാസ രൂപേണ ,ഹരി മറുപടി പറഞ്ഞു …
അതെ ചതിച്ചത് തന്നെയാ…….. ആണൊന്നു വിളിച്ചാൽ ഉടനെ ഇറങ്ങിവരുന്ന നിന്നെ പോലുള്ളവരെ, പിന്നെ കെട്ടി കൂടെ കൊണ്ടു നടത്താൻ പറ്റില്ലല്ലോ വേറെ ആരെങ്കിലും വിളിച്ചാൽ ,നിങ്ങൾ അവരുടെ കൂടെയും ഇതുപോലെ പോയാലോ……..
അതുകേട്ട് തളർന്ന ശാലിനി ഷർട്ടിലെ പിടി അയച്ചു …
അവളുടെ കൈ ഷർട്ടിൽ നിന്നും വലിച്ചുമാറ്റി, ഹരി പറഞ്ഞു…എന്നെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല… എന്റെ ജീവിതത്തിൽ ഒരു ശല്യം ആകാതിരുന്നാൽ, ഇതുപോലെതന്നെ നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും…അതല്ലെങ്കിൽ കൊന്നുകളയും നിന്നെ ഞാൻ……. ഭീഷണിയുടെ സ്വരത്തിൽ ഹരി പറഞ്ഞു നിർത്തി………
ഹരി തന്നെ പൂർണമായും ഒഴിവാക്കുക യാണ് എന്ന് മനസ്സിലായ ശാലിനി, വീട്ടിലെത്തിയ ഉടനെ തന്നെ മുറിക്കുള്ളിൽ കയറി കതകടച്ചു… കഴുത്തിൽ മുറുകുന്ന കയറിൽ പിടയുമ്പോഴും ,തന്നെ സ്നേഹിച്ചിട്ടും താൻ സ്നേഹിക്കാൻ മറന്ന അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ആയിരുന്നു അവളുടെ മനസ്സിൽ……..
ഹരിയുടെ മുഖത്തേക്ക് തന്റെ മുഖം ചേർത്ത് വെച്ച് ശാലിനി പറയുകയായിരുന്നു , നിന്നെ സ്വന്തമാക്കാൻ, എനിക്കെന്തു യോഗ്യതയെന്നു ചോദിച്ചില്ലേ …?മരിച്ച് മണ്ണടിഞ്ഞിട്ടും , നിന്നെ മറക്കാൻ കഴിയാതെ ഒരു ഭ്രാന്തിയെ പോലെ അലഞ്ഞു നടക്കുന്നില്ലേ , ഞാനെന്ന ആത്മാവ്…നീയെന്ന ജീവനോളം വലുതല്ല ,ഒരു ജീവിതവും എന്ന് മനസ്സിലാക്കി ,നിനക്ക് വേണ്ടി ഇല്ലാതാക്കിയില്ലേ , എന്റെ ജീവനും ജീവിതവും ……നീയെന്ന ബന്ധത്തിന് വേണ്ടി, മറ്റു ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ ആണെന്ന് കരുതി ഉപേക്ഷിച്ചില്ലേ, അവയെല്ലാം…നിന്റെ പ്രണയത്തിനു മേൽ ,കാമത്തിന്റെ കണ്ണുകൾ കൂടി ഉണ്ടെന്ന് മനസ്സിലാക്കിയിട്ടും, നിന്നോടുള്ള വിശ്വാസം മൂലം ,എന്നെ പൂർണമായും നിനക്ക് തന്നില്ലേ, ഞാൻ …ഇതിൽ കൂടുതൽ യോഗ്യത വേണോ ,നിന്നെ എന്റേതാക്കാൻ ,,,…? പക്ഷെ , എന്റെ യോഗ്യത തെളിയിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും ,ഞാൻ മറന്നു പോയ ഒരു ചോദ്യമുണ്ട്……… എന്നെ സ്വന്തമാക്കാൻ നിനക്ക് എന്താ യോഗ്യതയെന്നു …?പക്ഷെ, ഇന്ന് ഞാൻ വന്നിരിക്കുന്നത്, ആ ചോദ്യവും ആയിട്ടല്ല ……അതിനുള്ള ഉത്തരവും എന്റെ കയ്യിൽ ഇല്ല….പകരം , ഇനി ഒരിക്കൽ കൂടി ആ ചോദ്യം നീ ആരോടും ചോദിക്കാതിരിക്കാൻ കൂടിയാണ്…
ഒരു മായാമോഹിനി യെ പോലെ, തനിക്ക് മുൻപിൽ നിൽക്കുന്ന ശാലുവിന്റെ , രൂപത്തിനും ഭാവത്തിനും മാറ്റങ്ങൾ സംഭവിക്കുന്നത് കണ്ട് ഹരി നിലവിളിക്കാൻ ശ്രമിച്ചു ……പക്ഷേ, അപ്പോഴേക്കും രൂപമാറ്റം സംഭവിച്ച ,സംഹാര രുദ്രയെ പോലെ തന്റെ കൂർത്ത ദംഷ്ട്രകൾ ഹരിയുടെ കഴുത്തിലേക്ക് അവൾ കു ത്തിയിറക്കി………..
പെട്ടെന്ന്, ശാലിനി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു…….. വിയർത്തൊലിച്ചു കൊണ്ടിരിക്കുന്ന തന്റെ ശരീരത്തിന് ഒന്നു നോക്കി ,തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കി….
ഉറക്കം നഷ്ടപ്പെട്ടു , മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ ,എന്ത്യേ, ഇങ്ങനെ ഒരു സ്വപ്നം എന്ന് ആലോചിച്ചു ……ഹരിയേട്ടന്റെ കൂടെ നാളെ എവിടെയെങ്കിലും ഒന്ന് പോകാം എന്ന് പറഞ്ഞിരുന്നു. ഒരുപാട് നാളായി ഹരിയേട്ടൻ വിളിക്കുന്നു …എവിടേക്കെങ്കിലും ഒരു യാത്ര, എന്റെ കൂടെ…അച്ഛനും അമ്മയും അറിയരുത് ……
ഹരിയേട്ടനുമായുള്ള ബന്ധം അവർക്ക് അറിയില്ല ……കോളേജിലേക്ക് പോകുന്ന വഴി കണ്ടുമുട്ടിയ ബന്ധമാണ്…. തന്നോട് ഒരുപാട് സ്നേഹമാണ് ഹരിയേട്ടനു , തനിക്കും….. പരീക്ഷയ്ക്ക് മുൻപ് എവിടെയെങ്കിലും ഒന്ന് പോകണം ,എന്ന് പറയുമ്പോൾ,,,, അച്ഛനും അമ്മയും അറിഞ്ഞാൽ പ്രശ്നമാകും, എന്ന് പറഞ്ഞു താനെന്നും ഒഴിഞ്ഞു മാറുകയായിരുന്നു……..
അതു കേൾക്കുമ്പോൾ ഹരിയേട്ടൻ ദേഷ്യപ്പെടും …….ചിലപ്പോൾ പിണങ്ങും….അതെല്ലാം കാണുമ്പോൾ വിഷമം തോന്നിയത് കൊണ്ടാണ് ,ഒരു പ്രാവശ്യം മാത്രം ഞാൻ വരാം, എന്ന് ശാലിനി പറഞ്ഞത്….. അച്ഛനോടും അമ്മയോടും നാളെ സ്പെഷ്യൽ ക്ലാസ് ഉണ്ട് എന്ന് കള്ളം പറഞ്ഞ് ഹരിയേട്ടന്റെ കൂടെ അധികമൊന്നും ദൂരെയല്ലാത്ത ഒരു സ്ഥലത്തേക്ക് പോകേണ്ടതാണ്……
നല്ല ഉറക്കത്തിലായിരുന്ന ഹരി, നിർത്താതെയുള്ള ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ ,ഒരു അല്പം പേടിയോടെ ആണ് ഫോണെടുത്തത്…. ശാലിനി ആണ് മറുതലയ്ക്കൽ …
എന്താ ശാലു……..?
ഞാൻ നാളെ വരുന്നില്ല ഹരിയേട്ടാ ……ഉറച്ച ശബ്ദത്തിൽ ശാലിനി പറഞ്ഞു….
അതെന്താ ഇപ്പൊ ഈ നേരമായപ്പോ , ഒരു മനംമാറ്റം…… രാവിലെ തന്നെ പോകാം എന്ന് പറഞ്ഞിട്ട് ,ഇപ്പൊ വരുന്നില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുംപിണക്കം പോലെ ഹരി ചോദിച്ചു….
ഞാൻ വരുന്നില്ല ഹരിയേട്ടാ…….എത്രയൊക്കെ ന്യായങ്ങൾ നിരത്തിയാലും, അച്ഛന്റെയും അമ്മയുടെയും അറിവോ സമ്മതമോ ഇല്ലാതെ ഞാൻ വരില്ല ,എന്നുള്ളത് മാത്രമാണ്, ഇന്ന് എന്റെ മുൻപിൽ ഉള്ള ശരി…….. ഹരിയേട്ടനു അത് തെറ്റായി തോന്നാം, എങ്കിലും ആ തെറ്റ് നാളെയുടെ വലിയൊരു ശരിക്ക് വേണ്ടിയാണ് ,എന്ന് കരുതണം…അതിന്റെ പേരിൽ എന്നെ വെറുത്താലും, ഞാനുമായുള്ള ബന്ധം വേണ്ടെന്നു വച്ചാലും ,എന്റെ ഈ ശരിക്ക് ഒരു മാറ്റം ഉണ്ടാകില്ല ….കാരണം ചില കാര്യങ്ങൾക്ക് ഒരു ശരി മാത്രമേ ഉണ്ടാകു, അത് , ആരുടെ കാഴ്ചപ്പാടിൽ നിന്നായാലും……….
ശുഭം

