പൈസക്കിത്തിരി ആവശ്യം വന്നപ്പോഴാണ് അത്യാവശ്യം വലിപ്പമുള്ള കോൺടാക്ട് ലിസ്റ്റ് ഞാൻ അരിച്ചു പെറുക്കി തുടങ്ങിയത്….

രചന: Binu Omanakuttan

::::::::::::::::::::::::::::::::

പൈസക്കിത്തിരി ആവശ്യം വന്നപ്പോഴാണ് അത്യാവശ്യം വലിപ്പമുള്ള കോൺടാക്ട് ലിസ്റ്റ് ഞാൻ അരിച്ചു പെറുക്കി തുടങ്ങിയത്.

പേരോ ഊരോ ഒന്നുമറിയാത്ത ചില നമ്പറുകൾ…
ബന്ധുക്കളും, കൂട്ടുകാരും, ജോലി ചെയ്ത ഇടങ്ങളിലെ സുഹൃത്തുക്കളും…,
വഴിയേ പോയവരും…, കൂട്ടുകാരുടെ കൂട്ടുകാരും….,
പിന്നെ ആരൊക്കെയോ എന്തൊക്കെയോ…,

അറിയാവുന്ന പലരെയും വിളിച്ചു നോക്കി….

ജോലി പോയവരുടെ പ്രാരാബ്ദങ്ങൾ…
തിരിച്ചു എന്നോട് തന്നെ കുറച്ചു പൈസ തരുമോന്ന് ചോദിച്ചവർ…,
ഒരഞ്ചു മിനിറ്റ് വൈകി വിളിച്ചതിനു എന്നോട് ദേഷ്യം കാട്ടിയവർ… 🙂

“പതിവില്ലാതെ അളിയന്റെ കാൾ കണ്ടപ്പോഴേ തോന്നി പൈസക്ക് ആവുമെന്ന് ” എന്ന് പറഞ്ഞു കളിയാക്കിയവർ…,

“പെണ്ണ് കെട്ടിയെ പിന്നെ ഇന്നാണ് അവൻ ഒന്ന് വിളിക്കുന്നത്…!

“നീ പൈസ മറിക്കുന്ന കൂട്ടത്തിൽ എനിക്ക് തരാനുള്ള ക്യാഷ് കൂടെ മറിച്ചു നാളെ അക്കൗണ്ടിൽ ഇട്ടേക്കെന്ന് മുൻപ് കടം വാങ്ങിച്ച മറ്റൊരു സുഹൃത്ത്…!

“പണിയില്ലാത്തവന് എങ്ങനെ കടം കൊടുക്കും..?

“പൈസ ക്ക് വേണ്ടി എന്തിനു നമ്മൾ ഓടണം… പൈസ നമ്മളെ തിരക്കി വരണം അതിന് വേണ്ടത് ഒരു ജോലി ആണ് ആദ്യം…
“നീ ആദ്യം നല്ലൊരു ജോലി നോക്ക് നിന്റെ പ്രശ്നം ഒക്കെ മാറും…!” എന്റെ കോണ്ടാക്ടിലെ ഒരു മോട്ടിവേഷൻ സ്പീക്കർ 😆

ഒടുവിൽ പകുതി ആയപ്പോഴേക്കും ഈ കോൺടാക്ട് ഒക്കെ വെറും ഒരു വേസ്റ്റ് ആണെന്ന് തോന്നി… ആരെങ്കിലും ഒരാൾ നമ്മുടെ അവസ്ഥ മനസിലാക്കുന്ന ഒരാളെങ്കിലും കാണുമെന്നു കരുതി…

ഒരു ചമ്മലോടെ ആണേലും പെണ്ണിന്റെ കുടുംബക്കാരെ വിളിക്കാൻ ഒന്ന് ശ്രമിച്ചു.

” മരുമോൻ എപ്പഴ ഇങ്ങിട്…. കുഞ്ഞിന് വിശേഷം വല്ലതും…!!

വിശേഷം പറഞ്ഞു പോകുമ്പോ പറയാതെ പറഞ്ഞ എന്റെ പ്രശ്നങ്ങൾ ഒക്കെ കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ അവരും ഫോൺ കട്ട്‌ ചെയ്ത്…

വീണ്ടും സ്ക്രോൾ ചെയ്ത് താഴോട്ടു പോയ്‌….

ശ്രുതി….

ആ കോൺടാക്ട് കണ്ടപ്പോ ഒന്ന് നിശ്ചലമായി ഞാൻ നിന്ന്.

കൊറേ നേരം ആലോചിച്ചുകൊണ്ട് ആ നമ്പർ തന്നെ നോക്കി….

വിളിക്കണോ വേണ്ടയോ എന്ന് ഒരുപാട് നേരം ആലോചിച്ചു….

കൈ തട്ടി കോള്പോയ്‌….

ബെൽ കേട്ടപ്പോ തന്നെ ഞാൻ കാൾ കട്ട്‌ ചെയ്ത്.വീണ്ടും താഴേക്ക് നോക്കി,
ഒരു കാൾ വന്നു…

Sruthi

കുറച്ചു നേരം എടുക്കണോ വേണ്ടയോയെന്ന് കുറച്ചു നേരം ആലോചിച്ചു.

മടുത്തു ചിന്തിക്കാതെ കാൾ ഞാൻ അറ്റൻഡ് ചെയ്തു.

ഹലോ…

എന്താടോ പതിവില്ലാതെ തന്റെ കോള്…?

അവളുടെ ശബ്ദം കേട്ടപ്പോ ആ പഴയ കോളേജ് ജീവിതത്തിലേക്ക് ഞാൻ തിരിച്ചു പോയ്‌…..

പിൻ ബെഞ്ചിലിരുന്ന് ശ്രുതിയേ നോക്കി ക്ലാസുകൾ തള്ളി നീക്കിയ ഒരു ഉഴപ്പൻ ആയിരുന്നു ഞാൻ…

അവളോട് അത്രക്ക് ഇഷ്ടമായിരുന്നു…

പക്ഷെ ഒരു ദിവസം അവള് വന്നു എന്നോട് അടുത്തപ്പോൾ അന്ന് മുതൽ എനിക്ക് വലിയ മാറ്റം വച്ചു തുടങ്ങിയിരുന്നു….

കോളേജ് വിട്ട് ഇറങ്ങുമ്പോ എന്റെ ജീവിതത്തിൽ വാങ്ങിയ ഏറ്റവും ഉയർന്ന മാർക്കും വാങ്ങിയയിരുന്നു….

ഒരു സബ്ജെക്ട് പോലും വീണ്ടും എഴുതി എടുക്കേണ്ടി വന്നില്ല….

അത് കഴിഞ്ഞു ജോലിക്ക് അപേക്ഷിച്ചും psc എഴുതിയും…. ഇടവെട്ട് ഇടവെട്ട് ശ്രുതിയേ കാണാൻ പോകുന്നതും എല്ലാം ഒരു നിമിഷം എന്നിലൂടെ കടന്ന് പോയ്‌….

ഹലോ….

ശ്രുതിയുടെ ശബ്ദം കേട്ട് ആ ഓർമകളിൽ നിന്ന് തിരികെ വരാൻ ഞാൻ കുറച്ചു നേരമെടുത്തു.

ഹലോ…..

എന്താണ് താൻ ഒന്നും മിണ്ടാത്തത്…

വൈഫിനു സുഖമാണോ….?
അവളുടെ ചോദ്യം കേട്ടപ്പോ എന്റെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു…….

ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ വിദൂരതെക്ക് നോക്കി ഞാൻ അവളോട് തന്റെ പ്രശ്നം ഒക്കെ പറഞ്ഞപ്പോ ഒന്നും പറയാതെ അവൾ ഫോൺ കട്ട്‌ ചെയ്ത്.

അത്യാവശ്യം വേണ്ട കുറച്ചു പൈസ അവൾ എനിക്ക് പേ ചെയ്തു തന്നു.

തൊട്ട് പിറകെ അവൾ വീണ്ടും വിളിച്ചു.

എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണമെന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത്…. ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ അവൾ പോയ്‌…

മീരയുടെ അടുത്തേക്ക് ചെല്ലുമ്പോ അവൾ എന്നെ നോക്കി ബെഡിൽ അവശതയോടെ കിടപ്പുണ്ട്.
ഒരു മന്ദാഹാസത്തോടെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു..
നെറ്റിയിലേക്ക് കിടന്ന മുടി തുമ്പുകൾ ഒതുക്കി വച്ചു ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു… ആ കൈകളിൽ മുറുകെ പിടിച്ചു….

വിഷമിക്കണ്ട എന്റെ പെണ്ണിന് ഒന്നും ഉണ്ടാവില്ല…. വേഗം തന്നെ നമുക്ക് വീട്ടിൽ പോകാം….

കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് മീരക്ക് വയറ്റിൽ ഒരു കുഞ്ഞ് മുഴ വന്നത്…

അപ്പൊ മുതൽ ചികിത്സ തുടങ്ങി ഓപ്പറേഷൻ ഓരോന്ന് കഴിയും തോറും മുഴകളുടെ എണ്ണവും കൂടി….

ഇതിപ്പോ അവളേം കൊണ്ടേ പോകു എന്നാ അവസ്ഥയും എങ്കിലും പോരാടും…

ഹോസ്പിറ്റൽ ബില്ല് കെട്ടാൻ കാശില്ലാതെ വലഞ്ഞപ്പോഴാണ് ആ ഭൂത കാലം എനിക്കായ് വീണ്ടും തിരികെ വന്നത്…..

മീരയെ നോക്കി വീട്ടിലേക്ക് മടങ്ങുവാൻ അവളും കാത്തിരിപ്പാണ്….

അവളുടെ കയ്യും പിടിച്ചു ഞാൻ ഹോസ്പിറ്റൽ വീട്ടിറങ്ങി വീട്ടിലേക്കുള്ള യാത്ര യിലേക്ക്…..