ഫോണും നെഞ്ചോട് ചേർത്ത് കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ, ജീവിതം തന്നെ മാറിമറിഞ്ഞ ചില….

_upscale

രചന : അപ്പു

::::::::::::::::::::::::::::::::

” ക്ഷമിക്കണം എന്ന് പറയാനുള്ള അർഹത പോലും എനിക്കില്ല എന്ന് അറിയാം.. എങ്കിലും അതുമാത്രമല്ലേ എനിക്ക് പറയാൻ പറ്റൂ…”

അയാളുടെ വാക്കുകളിൽ നിഴലിട്ടു നിൽക്കുന്ന കുറ്റബോധം കാണാതെ അല്ല.. പക്ഷേ ആ കുറ്റബോധത്തിന് മായ്ച്ചു കളയാൻ പറ്റുന്നതല്ല എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും..!

“ഞാൻ ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല.. എങ്കിലും ചോദിക്കാതെ വയ്യ.. എനിക്ക് ഒരു അവസരം കൂടി തന്നൂടെ..? താനില്ലാതെ തന്റെ സാമീപ്യം ഇല്ലാതെ മക്കളില്ലാതെ എന്നെക്കൊണ്ട് പറ്റുന്നില്ല..”

അതൊക്കെ പറയുമ്പോഴും അയാളുടെ ശബ്ദം ഇടറുന്നുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ അയാൾക്ക് വ്യക്തമായ ഒരു മറുപടി കൊടുക്കാൻ ഇന്നും എനിക്ക് കഴിയില്ല.

അതുകൊണ്ടു തന്നെയാണ് മറുപടി പറയാതെ ഫോൺ കട്ടാക്കിയത്.

ഫോണും നെഞ്ചോട് ചേർത്ത് കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ, ജീവിതം തന്നെ മാറിമറിഞ്ഞ ചില നിമിഷങ്ങളുടെ ഓർമ്മകളിൽ ആയിരുന്നു ഞാൻ..!

അദ്ദേഹത്തിന്റെ പേര് മനു എന്നാണ്.. എന്റെ മക്കളുടെ അച്ഛൻ അങ്ങനെ പരിചയപ്പെടുത്താനാണ് എനിക്കിഷ്ടം. കാരണം എന്റെ ഭർത്താവ് എന്ന് ആവേശത്തോടെ പറഞ്ഞിരുന്ന ആ കാലഘട്ടത്തിൽ നിന്ന് ഞാൻ ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. അല്ലെങ്കിൽ നിർബന്ധമായി അയാൾ എന്നെ തള്ളി മാറ്റിയിരിക്കുന്നു..!

വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചിരുന്ന ബന്ധം ആണെങ്കിലും, ഞങ്ങൾ തമ്മിലുള്ള സ്നേഹവും പ്രണയവും ഒരുപാട് കാലമായി പരസ്പരം അറിയാവുന്നവരെ പോലെയായിരുന്നു.

വിവാഹം ഉറപ്പിച്ച ആദ്യ നാളുകളിൽ അദ്ദേഹത്തിന് എന്നോട് അടുക്കാൻ വല്ലാത്തൊരു മടിയുണ്ടായിരുന്നു. അതിന് വ്യക്തമായ ഒരു കാരണവുമുണ്ട്. പ്രണയനൈരാശ്യം..!

അദ്ദേഹത്തിന് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു.. ഹിമ.. അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. കോളേജിൽ അദ്ദേഹത്തിന്റെ ജൂനിയറായി പഠിച്ച പെൺകുട്ടിയാണ്.

പല സാഹചര്യങ്ങളിലും പരസ്പരം കണ്ടുമുട്ടി സൗഹൃദം സ്ഥാപിച്ചു പതിയെ പ്രണയത്തിലേക്ക് വഴി മാറിയ ബന്ധം. കോളേജ് കഴിഞ്ഞ് അദ്ദേഹം ജോലിക്ക് ജോയിൻ ചെയ്തിട്ടും ഹിമയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല.

പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൾ അദ്ദേഹത്തെ അവഗണിക്കാൻ തുടങ്ങി. അദ്ദേഹത്തെ വിളിക്കുകയോ അദ്ദേഹത്തിന്റെ മെസ്സേജുകൾക്കും മറുപടി നൽകുകയോ ഒന്നും ചെയ്യാതെയായി. പരസ്പരം കാണാനും മിണ്ടാനുമുള്ള അവസരങ്ങൾ അവൾ മനപ്പൂർവ്വം ഒഴിവാക്കി.

പിന്നീട് ഒരിക്കൽ അറിഞ്ഞു അവളുടെ വിവാഹമാണെന്ന്. അതറിഞ്ഞപ്പോൾ അദ്ദേഹം തകർന്നു പോയിരുന്നു.

എങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ അവളുടെ തറവാട്ടിലേക്ക് കയറി ചെല്ലാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പണ്ടെപ്പോഴും അവൾ പറഞ്ഞ വാക്കുകളായിരുന്നു.

” എന്തൊക്കെ സംഭവിച്ചാലും മനുവേട്ടൻ അല്ലാതെ എന്റെ ജീവിതത്തിൽ മറ്റാരുമുണ്ടാകില്ല. എന്റെ മരണത്തോടെ അല്ലാതെ നമ്മളെ തമ്മിൽ വേർതിരിക്കാൻ ആർക്കും കഴിയില്ല..”

ആ വാക്കിനെ വിശ്വസിച്ചിട്ട് ആയിരുന്നു അന്ന് അവളുടെ തറവാട് മുറ്റത്തേക്ക് അദ്ദേഹം കയറി ചെന്നത്.

വീടിനു മുന്നിൽ നിന്ന് നടന്ന കാരണവന്മാരോട് കാര്യം പറയുമ്പോൾ അവരുടെ മുഖത്ത് കണ്ട പുച്ഛവും പരിഹാസവും എന്തിനാണെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. ഹിമയെ വിളിച്ചാൽ കൊണ്ടുപോകാൻ ആണ് വന്നത് എന്ന് പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരാൾ വെല്ലുവിളി പോലെ പറഞ്ഞു,അവൾ നിന്നോടൊപ്പം വരുമെങ്കിൽ ഇറക്കിക്കൊണ്ടുപോയി കൊള്ളാൻ..

പക്ഷേ ആ വാക്കുകൾ അദ്ദേഹത്തിന് വല്ലാത്തൊരു ഊർജ്ജമാണ് പകർന്നു നൽകിയത്. കാരണം മറ്റൊന്നുമായിരുന്നില്ല, ഹിമ അദ്ദേഹത്തിനെ തള്ളിക്കളയില്ല എന്നുള്ള അമിതമായ വിശ്വാസം.

” എന്ത് ബന്ധത്തിന്റെ പുറത്താണ് ഞാൻ നിങ്ങളോട് ഒപ്പം ഇറങ്ങി വരണം എന്നു പറയുന്നത്.. കോളേജിൽ പഠിക്കുന്ന സമയത്ത് സാധാരണ എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പരസ്പരം ഒരു ആകർഷണം തോന്നും. അങ്ങനെയൊരു ആകർഷണം മാത്രമാണ് എനിക്ക് നിങ്ങളോടും തോന്നിയത്. അതിന്റെ പേരിൽ എനിക്ക് കിട്ടാൻ പോകുന്ന സൗഭാഗ്യത്തെ തട്ടിത്തെറിപ്പിക്കാൻ അത്രയും വലിയ മന്ദബുദ്ധി ഒന്നുമല്ല ഞാൻ. ദയവുചെയ്ത് ഇവിടെ നിന്ന് ഇനിയും പ്രശ്നങ്ങളുണ്ടാക്കാതെ ഇറങ്ങിപ്പോണം.. “

അദ്ദേഹത്തിന് മുന്നിൽ കൈകൂപ്പി നിന്നുകൊണ്ട് ഹീമ പറഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയിരുന്നു അദ്ദേഹം. രണ്ടുമൂന്നു വർഷത്തെ പ്രണയം, യാതൊരു കുറ്റബോധവും ഇല്ലാതെ അവൾ വേണ്ടെന്നു വച്ചപ്പോൾ തകർന്നു പോയത് അദ്ദേഹം മാത്രമായിരുന്നു.

അവൾ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുമ്പോഴും പ്രണയനൈരാശ്യത്തിൽ മുങ്ങി ജീവിതം വെറുത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. പിന്നീട് പല സുഹൃത്തുക്കളുടെയും സമയോചിതമായ ഇടപെടൽ കൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങിയത്.

ആ അവസരത്തിലാണ് എന്നെ പെണ്ണുകാണാൻ വരുന്നതും വിവാഹം ഉറപ്പിക്കുന്നതും ഒക്കെ. ഈ കഥകൾ മുഴുവൻ അദ്ദേഹം തന്നെ എന്നെ പറഞ്ഞു കേൾപ്പിച്ചതാണ്.

അദ്ദേഹത്തിന്റെ സാഹചര്യം വ്യക്തമായി അറിയാവുന്നതു കൊണ്ട് തന്നെ ആദ്യമൊക്കെ എന്നോട് കാണിച്ച അകൽച്ച ഒരിക്കലും ഞാൻ കാര്യമാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ് എന്നെ സ്നേഹിക്കാൻ പാകപ്പെടുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു.

വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ വലതുകാൽ വച്ച് കയറുമ്പോൾ അദ്ദേഹം എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന് വ്യക്തമായി തന്നെ എനിക്ക് അറിയാമായിരുന്നു. ആരും കണ്ടാൽ കൊതിച്ചു പോകുന്ന തരത്തിലുള്ള ഒരു ദാമ്പത്യം ആയിരുന്നു ഞങ്ങളുടെത്.

എന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും ഞാൻ അറിയാതെ തന്നെ മനസ്സിലാക്കുന്ന എന്റെ പാതിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ സന്തുഷ്ടമായ ദാമ്പത്യത്തിനിടയിലേക്കാണ് ഞങ്ങളുടെ മക്കളുടെ കടന്നു വരവ്.

അധികം വൈകാതെ അദ്ദേഹത്തിന് വിദേശത്ത് നല്ലൊരു ജോലിയുടെ ഓഫർ വന്നു. നല്ലൊരു അവസരം ആയതുകൊണ്ട് തന്നെ അത് വേണ്ടെന്നു വയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അപ്പോഴും ഞങ്ങളെ പിരിഞ്ഞു പോകുന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് വിഷമം.

അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി വിദേശത്തേക്ക് കയറ്റി വിട്ടത് ഞാൻ തന്നെയായിരുന്നു.അവിടെ ചെന്നിട്ടും ദിവസങ്ങളോളം അദ്ദേഹത്തിന് സങ്കടം തന്നെയായിരുന്നു.

നാളുകൾ കടന്നുപോയി. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ലീവിന് വന്നിരുന്നു. ഞാനും അദ്ദേഹവും ഒക്കെ ഒരുപോലെ സന്തോഷിച്ച ദിവസങ്ങൾ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.

പക്ഷേ ലീവ് കഴിഞ്ഞ് മടങ്ങിപ്പോയി അധികം വൈകാതെ അദ്ദേഹം എന്തൊക്കെയോ എന്നോട് ഒളിക്കുന്നതു പോലെ എനിക്ക് തോന്നി തുടങ്ങിയിരുന്നു. ഒരുപക്ഷേ ഞങ്ങൾ തമ്മിലുള്ള സംസാരം കുറഞ്ഞതായിരിക്കാം എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടാകാൻ കാരണം എന്ന് ഞാൻ ആശ്വസിച്ചു.

പക്ഷേ അത് അങ്ങനെയല്ല എന്ന് എന്നെ മനസ്സിലാക്കി തന്നത് അദ്ദേഹം തന്നെയായിരുന്നു.

” ദേവി ഞാൻ പറയുന്നതുകൊണ്ട് തനിക്കൊന്നും തോന്നരുത്. തന്നോട് ഒന്നും മറച്ചു വെക്കരുത് എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. അതുകൊണ്ട് പറയുന്നതാണ്. ഞാനിവിടെ വച്ച് ഹിമയെ കണ്ടിരുന്നു. പരസ്പരം പരിചയം പുതുക്കിയപ്പോൾ അവളുടെ ദാമ്പത്യ ജീവിതത്തിലെ കഷ്ടതകൾ മുഴുവൻ അവൾ എന്നോട് തുറന്നു പറഞ്ഞിരുന്നു. കുറച്ചു നാളുകളായി ഞങ്ങൾ പരസ്പരം കാണാനും വിളിക്കാറും സംസാരിക്കാറും ഒക്കെയുണ്ട്. ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് പോലും എനിക്ക് അറിയാൻ കഴിയുന്നില്ല. എന്റെ മനസ്സ് ഞാൻ പോലും അറിയാതെ അവളിലേക്ക് അടുക്കുകയാണ്. നിനക്കറിയാമല്ലോ പണ്ട് ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചതാണെന്ന്. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ എന്റെ മനസ്സ് അവളിലേക്ക് ചാഞ്ഞു പോകുന്നു. ഒരിക്കലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല. അവളെ ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല..”

അന്ന് ആ ഫോൺകോൾ മാറ്റിമറിച്ചത് എന്റെ ജീവിതം തന്നെയായിരുന്നു.

ഒരേസമയം കാമുകിയെയും ഭാര്യയെയും വേണമെന്ന് പറയുന്ന വിരോധാഭാസം..! ഇനിയൊരിക്കലും അയാൾക്ക് വേണ്ടി കാത്തുനിൽക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചതാണ്. എന്റെ മക്കളെ നല്ല രീതിയിൽ വളർത്തണമെന്ന് തോന്നിയതു കൊണ്ട് തന്നെ, അത്രയും കാലം അലമാരയിൽ പൂട്ടിവച്ച സർട്ടിഫിക്കറ്റുകൾ ഓരോന്നായി വെളിച്ചം കണ്ടു തുടങ്ങി.

സ്വന്തമായി ജോലി ചെയ്തു തുടങ്ങി കുടുംബം നോക്കി തുടങ്ങിയപ്പോൾ, അയാൾ ഇല്ലെങ്കിലും ജീവിതത്തിൽ മുന്നോട്ടു പോകാം എന്ന് എനിക്ക് സ്വയം ഒരു വിശ്വാസം വന്നു തുടങ്ങിയിരുന്നു.

ഇടയ്ക്കൊക്കെ അയാൾ ഫോൺ ചെയ്യാറുണ്ട്. മക്കളോട് സംസാരിക്കാറുണ്ട്. അതൊന്നും ഞാൻ വിലക്കാറില്ല. കാരണം ഞാനും അയാളും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിൽ കുട്ടികളുടെ പിതൃത്വം നിഷേധിക്കുന്നത് തെറ്റല്ലേ..?

ഏകദേശം ഒന്നൊന്നര വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് അയാളോട് സംസാരിക്കുന്നത്. കാമുകിയുമായി അടുത്തത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ അയാൾക്ക് തോന്നുന്നുണ്ട്. തിരിച്ച് ഞങ്ങളുടെ സുന്ദരമായ ജീവിതത്തിലേക്ക് ഒരു പോക്ക് അയാൾ ആഗ്രഹിക്കുന്നുണ്ട്.

അയാൾക്ക് എന്ത്‌ മറുപടി കൊടുക്കണം എന്ന് ആലോചിക്കുമ്പോൾ മനസ്സിലേക്ക് തെളിഞ്ഞു വരുന്നത് മക്കളുടെ മുഖം മാത്രമാണ്..

അയാളുടെ നമ്പറിലേക്ക് വിളിക്കുമ്പോൾ, എന്തു മറുപടി പറയണം എന്ന് വ്യക്തമായ ഒരു ധാരണ ആ നേരം കൊണ്ട് എനിക്ക് ഉണ്ടായിരുന്നു.

“എന്റെ മക്കൾക്ക് അവരുടെ അച്ഛനെ വേണം. പക്ഷേ എനിക്ക് ഒരു ഭർത്താവിന്റെ ആവശ്യമില്ല. കാരണം എന്റെ സ്നേഹത്തെയും പ്രണയത്തെയും ഒരേസമയം വഞ്ചിച്ചവൻ ആണ് നിങ്ങൾ.. തെറ്റുകളിലേക്ക് ഇനിയും തിരിഞ്ഞു നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് ഞങ്ങളുടെ അരികിലേക്ക് വരാം..”

അത്രയും പറഞ്ഞു നിർത്തുമ്പോൾ മറുവശത്തു നിന്ന് കേട്ട കരച്ചിൽ ഒരുപക്ഷേ സന്തോഷത്തിന്റേത് ആയിരിക്കും..!!

✍️ അപ്പു