മുന്നിലിരിക്കുന്ന ഓഫീസർ ചോദിച്ചപ്പോൾ അവൾക്ക് വല്ലാത്ത ഒരു പരവേശം തോന്നുന്നുണ്ടായിരുന്നു

രചന: അപ്പു

:::::::::::::::

” എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് തുറന്നു പറഞ്ഞാൽ അല്ലേ മനസ്സിലാക്കാൻ പറ്റൂ..? തുറന്നു സംസാരിക്കാനാണ് നമ്മൾ ഇന്ന് ഇങ്ങനെയൊരു അവസരം ഒരുക്കിയിരിക്കുന്നത്. അപ്പോൾ ഇങ്ങനെ മൗനം പാലിച്ചിരുന്നിട്ട് എന്ത് പ്രയോജനം ഉണ്ടാകാനാണ്..? “

മുന്നിലിരിക്കുന്ന ഓഫീസർ ചോദിച്ചപ്പോൾ അവൾക്ക് വല്ലാത്ത ഒരു പരവേശം തോന്നുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ആ ഓഫീസറിന് അവളോട് സഹതാപം തോന്നി.

” താൻ ഇങ്ങനെ പേടിക്കുകയൊന്നും വേണ്ട. ഞങ്ങൾ ആരും തന്നെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. തന്റെ ഒരു സുഹൃത്തിനെപ്പോലെ കണ്ടു തന്റെ പ്രശ്നം എന്താണെന്ന് എന്നോട് തുറന്നു പറയാം.. “

ആ പോലീസ് ഉദ്യോഗസ്ഥൻ ശാന്തമായി പറയുമ്പോൾ അവളുടെ മനസ്സും ശാന്തമാകുന്നുണ്ടായിരുന്നു.

” സത്യം പറഞ്ഞാൽ സാറിനെ പോലെ ഒരാളിനോട് ഇത് തുറന്നു പറയാമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ പ്രശ്നം പറഞ്ഞു കഴിഞ്ഞാൽ എന്ത് പരിഹാരമാണ് സാർ എനിക്ക് നിർദ്ദേശിക്കുക എന്നും എനിക്കറിയില്ല. പക്ഷേ എനിക്കൊരു അല്പം മനസ്സമാധാനം വേണം സാർ. അതിന് ആരോടെങ്കിലും ഇതൊന്നു തുറന്നു പറയാനാണ് എനിക്ക് തോന്നുന്നത്. പക്ഷേ അങ്ങനെ പറയാൻ വേണ്ടി അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ എനിക്കില്ല.. “

അവൾ തന്റെ മനസ്സ് തുറക്കാൻ തയ്യാറെടുക്കുകയാണ് എന്ന് കണ്ടപ്പോൾ, എസ് ഐ അവളെ തന്നെ ശ്രദ്ധിച്ചു.

” ആദ്യം കുട്ടി കാര്യം പറയൂ.. അതിനു ശേഷം എന്തു പരിഹാരമാണ് ഉള്ളത് എന്ന് ഞാൻ പറഞ്ഞു തരാം..”

മധ്യവയസ്കനായ ആ എസ് ഐ പറയുന്നത് തന്റെ അച്ഛൻ പറയുന്നതു പോലെയാണ് അവൾക്ക് തോന്നിയത്. ആ തോന്നലിൽ നിന്ന് ഉടലെടുത്ത ധൈര്യം കൊണ്ടാണ് തന്റെ ജീവിതം അയാൾക്ക് മുന്നിൽ തുറന്നു പറയാൻ അവൾക്ക് തോന്നിയത്.

” സർ എന്റെ പേര് രേണുക. ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുകയാണ് ഞാൻ. സ്വദേശം കൊല്ലം ആണെങ്കിലും ഇവിടെ ജോലിയുടെ സൗകര്യം ഒരു ഫ്ലാറ്റിൽ താമസിക്കുകയാണ്. എന്നോടൊപ്പം എന്റെ ഭർത്താവും ഉണ്ട്. “

അവൾ ഒരു തുടക്കം പോലെ കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു തുടങ്ങി.

“ഭർത്താവ് എന്ന് പറയുമ്പോൾ ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു എന്നുകൂടി പറയട്ടെ.. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഒന്നിച്ച് തന്നെയാണ് ഞങ്ങൾ പഠിച്ചത് ഒക്കെ..! പഠനം കഴിഞ്ഞ് ആദ്യം ജോലി കിട്ടിയത് അവനായിരുന്നു. അതിന്റെ തൊട്ടടുത്ത മാസം തന്നെ എനിക്കും ജോലി കിട്ടി.ഞങ്ങൾക്ക് രണ്ടാൾക്കും ഇവിടെ ഒന്നിച്ച് ജോലി ആയതിനു ശേഷം ആണ് ഞങ്ങളുടെ പ്രണയത്തിനെ കുറിച്ച് ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ അവതരിപ്പിക്കുന്നത്. ആദ്യം അവരൊക്കെ കുറേ എതിർപ്പ് പ്രകടിപ്പിച്ചതാണ്. ഞങ്ങൾ രണ്ടാളും ഒരേ പ്രായത്തിലുള്ളവരാണ് എന്നുള്ളതാണ് അവർ പ്രധാനമായും പറഞ്ഞ എതിർപ്പ്. യാതൊരു വിധ ഉത്തരവാദിത്വവും ഇല്ലാത്ത പ്രായമാണ് ഞങ്ങളുടേത് എന്ന് രണ്ട് വീട്ടുകാരും പറഞ്ഞപ്പോൾ അത് ഒരുപക്ഷേ ശരിയായിരിക്കും എന്ന് ഞങ്ങൾക്കും തോന്നിയിരുന്നു.”

അത്രയും പറഞ്ഞു അവൾ ഉമിനീർ ഇറക്കി.

“അതിനു ശേഷം, പിന്നെയും ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഞങ്ങളുടെ വിവാഹം രണ്ടു വീട്ടുകാരും ചേർന്ന് നടത്തി തന്നത്. സത്യം പറഞ്ഞാൽ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ആ സമയത്തൊക്കെ ഞാൻ. എന്നാൽ വിവാഹം കഴിഞ്ഞതോടെ വിവാഹ ജീവിതത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന പ്രതീക്ഷകൾ മുഴുവൻ കരിഞ്ഞു പോയി എന്നു തന്നെ പറയാം.”

അത് പറയുമ്പോൾ അവളുടെ മുഖത്ത് നിന്ന് തന്നെ നിരാശ വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു. എന്തോ വലിയൊരു ദുരന്തം ആ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു എന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ ആ ഉദ്യോഗസ്ഥനു മനസ്സിലാക്കാൻ കഴിഞ്ഞു.

” കുട്ടി കാര്യം പറയൂ… തന്റെ വിവാഹജീവിതത്തിൽ എന്താണ് സംഭവിച്ചത്..? “

ആകാംക്ഷയോടെ അയാൾ അന്വേഷിച്ചു.

” എന്റെ ഭർത്താവിന്റെ സ്വഭാവം തന്നെയായിരുന്നു എന്റെ ജീവിതത്തിന്റെ പരാജയം. വിവാഹ ശേഷമാണ് ഞാൻ ഒരു ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അയാൾ ഒരു പോൺ അഡിക്ട് ആയിരുന്നു.”

അത് പറയുമ്പോൾ നാണക്കേട് കാരണം ആകണം അവൾ തലയുയർത്തി നോക്കിയിരുന്നില്ല. അവളുടെ അവസ്ഥ അയാൾക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു എങ്കിൽ പോലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ അവൾ മറ്റുള്ള കാര്യങ്ങൾ കൂടി വിശദമായി പറയേണ്ടതുണ്ടായിരുന്നു.

” കുട്ടിക്ക് ആ സ്വഭാവം കൊണ്ട് എന്ത് പ്രശ്നമാണ് ഉണ്ടായത്..? ഇന്നത്തെ കാലത്ത് ഇതൊന്നും കാണാത്ത ആളുകൾ വിരളമാണല്ലോ. അതുകൊണ്ട് അത് കാണുന്നു എന്നുള്ളത് ഒരു പരാതിയായി ഒരിക്കലും നമുക്ക് സ്വീകരിക്കാൻ പറ്റില്ല.. “

അയാൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ വിഷാദത്തോടെ ഒരു ചിരി വിരിഞ്ഞു.

” സാറ് പറയുന്നതു പോലെ ഇന്നത്തെ കാലത്ത് ഇതൊന്നും ഒരു തെറ്റല്ല. വിരൽത്തുമ്പിൽ തന്നെ ഇതിന് ഒരുപാട് സോഴ്സുകൾ ഉള്ളപ്പോൾ ആളുകൾ ഇതിന്റെ പിന്നാലെ പോയില്ലെങ്കിൽ ആണ് അത്ഭുതം.അവനു ഇത്തരത്തിൽ ഒരു സ്വഭാവമുണ്ടായിരുന്നു എന്ന് വിവാഹത്തിന് മുൻപ് എനിക്ക് ഒരു സൂചന പോലും കിട്ടിയിരുന്നില്ല. വിവാഹശേഷം ഞാൻ അതറിഞ്ഞു കഴിഞ്ഞപ്പോൾ അവനോട് പറഞ്ഞത് ഇത് കാണുന്ന സ്വഭാവം കുറയ്ക്കണം എന്ന് മാത്രമാണ്. അന്ന് അവൻ അത് തലയാട്ടി സമ്മതിച്ചതും ആണ്. പക്ഷേ എന്നിട്ടും അവന്റെ ആ സ്വഭാവത്തിൽ മാത്രം മാറ്റം വന്നില്ല. അത് ചോദിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞ ഒരു മറുപടിയുണ്ട്. ഇത് കാണുന്നത് നിർത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഇത് ഒരുതരം അഡിക്ഷൻ പോലെയാണ്. എത്ര ശ്രമിച്ചിട്ടും ഇത് നിർത്താൻ എന്നെക്കൊണ്ട് പറ്റുന്നില്ല.. അവൻ അങ്ങനെ ദയനീയമായി പറഞ്ഞപ്പോൾ അവന്റെ അവസ്ഥയിൽ എനിക്കും സഹതാപം തോന്നി. ഒരു ഡോക്ടറിന്റെ സഹായം കൊണ്ട് മാത്രമേ അവന്റെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കാൻ കഴിയൂ എന്ന് തോന്നിയപ്പോൾ ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി ഒരു ഡോക്ടറിനെ കണ്ടുപിടിച്ചു. മറ്റാരോടും കാര്യം എന്താണ് എന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അവനെയും കൊണ്ട് ഞാൻ ഡോക്ടറെ കാണാൻ പോയി. പ്രശ്നങ്ങൾ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഇത് വലിയ കാര്യമല്ല എന്നും ശ്രമിച്ചാൽ നിർത്തലാക്കാൻ പറ്റുന്ന ശീലം മാത്രമാണ് എന്നും ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷ തോന്നി. അവൻ അതിനു വേണ്ടി ശ്രമിക്കും എന്ന് തന്നെയാണ് ഞാൻ കരുതിയത്. എന്നാൽ ഒരിക്കൽ പോലും അവൻ അതിനുള്ള ഒരു ശ്രമവും നടത്തിയില്ല. എന്നു മാത്രമല്ല, ഇത് ഇഷ്ടമല്ലാത്ത എന്നെ നിർബന്ധിച്ച് അത് കാണിക്കാനും തുടങ്ങി. അവനെ എതിർത്താൽ ക്രൂരമായി മർദ്ദിക്കാനും ആക്ഷേപിക്കാനും അവന് ഒരു മടിയും ഇല്ലാതെയായി. പതിയെ പതിയെ അതിൽ കാണുന്നതൊക്കെ ചെയ്യണമെന്നായി അവന്റെ മനസ്സിൽ. അതിലെ സ്ത്രീകൾ ചെയ്യുന്നതു പോലെ ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞു ഒരു കഴിവു കെട്ടവളായി എന്നെ ചിത്രീകരിക്കുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് സാറിന് ഊഹിക്കാമോ..?സ്വന്തം ഭാര്യയെ ഒരു പോൺസ്റ്റാറിനോട് താരതമ്യം ചെയ്യാൻ അവന് യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് എന്നെ ഏറ്റവും അധികം അമ്പരപ്പിച്ചത്.. “

അവൾ പറയുന്നത് കേട്ട് ആകെ വല്ലാതെ ഇരിക്കുകയായിരുന്നു ആ ഉദ്യോഗസ്ഥൻ.

” ഇപ്പോൾ എന്റെ പ്രശ്നം എന്താണെന്ന് സാറിന് അറിയാമോ..? കഴിഞ്ഞ ദിവസം അവൻ എന്നെ ഒരു വീഡിയോ കാണിച്ചു. ആ വീഡിയോയിൽ ഉള്ളതുപോലെ ഞാൻ ചെയ്യണം എന്നാണ് അവന്റെ ആവശ്യം. അതെന്തായിരുന്നു എന്ന് സാറിന് അറിയാമോ..? ഭർത്താവിനെ കൂടാതെ മറ്റ് ആരെങ്കിലും ഒരാളുമായി ഞാൻ ഞങ്ങളുടെ ബെഡ്റൂമിൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ ബന്ധപ്പെടണം എന്നുള്ളതാണ് അയാളുടെ ആവശ്യം.. ഇതൊക്കെ ഞാൻ എങ്ങനെ സാധിച്ചു കൊടുക്കാനാണ് സാർ..? ഇങ്ങനെ ഭാര്യയെ കൂട്ടിക്കൊടുത്ത് ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ..? “

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ പൊട്ടി കരഞ്ഞു പോയിരുന്നു.

” എന്റെ വീട്ടിൽ ഒന്നും ഇതൊന്നും പറയാൻ പറ്റില്ല സാർ. സ്വന്തമായി തെരഞ്ഞെടുത്ത ജീവിതം ആയതുകൊണ്ട് തന്നെ വരുന്നത് അനുഭവിച്ചോട്ടെ എന്ന് അവർ ആരെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ എനിക്ക് ഒരിക്കലും അത് സഹിക്കാൻ പറ്റില്ല. പാവപ്പെട്ടവന് ആകെയുള്ള ആശ്രയം പോലീസ് സ്റ്റേഷൻ ആണല്ലോ.. അതുകൊണ്ടാണ് ഇവിടേക്ക് തന്നെ വന്നത്. സാർ ഒരു പരിഹാരം കണ്ടുപിടിച്ചു തരണം.. “

കരഞ്ഞു കൊണ്ട് ആ പെൺകുട്ടി കൈകൂപ്പിയപ്പോൾ മുന്നിൽ നിൽക്കുന്നത് സ്വന്തം മകൾ തന്നെയാണ് ആ ഉദ്യോഗസ്ഥൻ ചിന്തിച്ചു.

” മോള് പേടിക്കണ്ട.. കംപ്ലയിന്റ് എന്താണെന്ന് വെച്ചാൽ എഴുതി കൊടുത്തിട്ട് പൊയ്ക്കോ.. അവന്റെ കാര്യം ഞങ്ങൾ ഏറ്റു.. “

വാത്സല്യത്തോടെ അയാൾ അത് പറയുമ്പോൾ ഇനിയെങ്കിലും തനിക്ക് രാത്രികളെ ഭയക്കാതെ കിടന്നുറങ്ങാം എന്നൊരു ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്…!

✍️ അപ്പു