വീട്ടിൽ അനിയനുമായുള്ള തല്ലുപിടിത്തം കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നത് കേട്ട് ദിവ്യ അവരെ തുറിച്ചു നോക്കി.

രചന : അപ്പു

:::::::::::::::::::::::::::

” ഹ്മ്മ്.. ഇങ്ങനേം ഉണ്ടോ ഒരു അഹമ്മതി..? പെണ്ണാണെന്ന് എന്തെങ്കിലും ഒരു വിചാരം അവൾക്കുണ്ടോ..? “

വീട്ടിൽ അനിയനുമായുള്ള തല്ലുപിടിത്തം കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നത് കേട്ട് ദിവ്യ അവരെ തുറിച്ചു നോക്കി.

” പെണ്ണായാൽ എന്താ..? എന്നെ നോവിച്ചാൽ ഞാനും നോവിക്കും.. “

വാശി പോലെ അവൾ പറഞ്ഞു.

” ആഹാ.. അതത്ര നല്ലത് അല്ലല്ലോ.. നാളെ വല്ലവന്റേം വീട്ടിൽ ചെന്നു കേറാനുള്ളതാ.. അവന്റെ ഒക്കെ കുത്ത് കൊള്ളുമ്പോൾ പഠിച്ചോളും.. “

അത് കൂടെ കേട്ടതോടെ ദിവ്യയുടെ ദേഷ്യം അവൾക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല..!

” ഇതുതന്നെയാണ് നിന്റെ പ്രശ്നം.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ ചാടിക്കടിക്കാൻ നിൽക്കുന്ന നിന്റെ ഈ സ്വഭാവവും കൊണ്ട് ആരുടെയെങ്കിലും വീട്ടിലേക്ക് കയറി ചെന്നാൽ അവർ പിറ്റേന്ന് തന്നെ നിന്നെ തിരികെ ഇവിടേക്ക് കൊണ്ടുവന്നു വിടും.. “

മുത്തശ്ശി പറയുന്ന ഓരോ വാക്കുകളും ദിവ്യയിൽ ദേഷ്യം കൂട്ടാൻ മാത്രമേ ഉപകരിക്കുന്നുണ്ടായിരുന്നുള്ളൂ..!

” മുത്തശ്ശി.. ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങളൊക്കെ ജീവിച്ച പഴഞ്ചൻ ചുറ്റുപാടല്ല ഇപ്പോഴുള്ളത്. ഞങ്ങളൊക്കെ പുതിയ തലമുറയിലെ കുട്ടികളാണ്. പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം എന്ന് പഠിപ്പിച്ചു തന്നെയാണ് എന്റെ അച്ഛനും അമ്മയും ഒക്കെ എന്നെ വളർത്തുന്നത്. അങ്ങനെയുള്ളപ്പോൾ മുത്തശ്ശി വെറുതെ ഓരോ കാര്യങ്ങൾക്കിടയിലും ഇടങ്കോലിടാൻ നടക്കണ്ട. “

അത്രയും പറഞ്ഞുകൊണ്ട് ദിവ്യയും അനിയനും കൂടി അകത്തേക്ക് കയറിപ്പോയി.

അവരുടെ ആ പോക്കും സംസാരവും ഒന്നും മുത്തശ്ശിക്ക് തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല.അല്ലെങ്കിലും പഴയ മനസ്സല്ലേ..? ഒരുവിധം കാര്യങ്ങൾ ഒന്നും അവർക്ക് മനസ്സിലാവില്ല.

വീട്ടിൽ അവർ ഒരു കൂട്ടിലിട്ട വളർത്താനാണ് ഉദ്ദേശിച്ചിരുന്നത്.പക്ഷേ ഒരിക്കലും അവരുടെ പിടിയിൽ നിന്നു കൊടുക്കാൻ ദിവ്യ തയ്യാറായിരുന്നില്ല.

പകരം അവൾ ലോകം കാണാനും ചുറ്റിത്തിരിയാനും ആഗ്രഹിച്ചു.

സ്കൂളിലെ സ്പോർട്സ് മീറ്റിന് ഹൈ ജമ്പിനും ലോങ്ങ് ജമ്പിനും സമ്മാനവുമായി വന്ന അവളെ അമ്മയും സഹോദരനും ഒക്കെ അഭിനന്ദിക്കുമ്പോഴും മുഖവും കയറ്റി പിടിച്ചു നിന്നത് മുത്തശ്ശിയായിരുന്നു.

“അമ്മയ്ക്ക് എന്താ അമ്മേ ഒരു സന്തോഷം ഇല്ലാത്തത്..? എന്റെ മോള് സമ്മാനവും വാങ്ങി വന്നത് അമ്മ കണ്ടില്ലേ..?”

സന്തോഷത്തോടെ അമ്മ ചോദിച്ചപ്പോൾ അമ്മയ്ക്ക് നേരെ മുഖം വീർപ്പിച്ചു നോക്കുകയാണ് മുത്തശ്ശി ചെയ്തത്.

“കൊള്ളാം നന്നായിരിക്കുന്നു.. നീയും കൂടി ഇതിന് സപ്പോർട്ട് നിൽക്കുകയാണോ പ്രഭേ..? പെൺകുട്ടികളെ അച്ചടക്കത്തോടെ അടക്കി ഒതുക്കി വളർത്തണമെന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു..? ചാട്ടത്തിനും ഓട്ടത്തിനുമൊക്കെയാണ് പെൺകുട്ടികളെ പറഞ്ഞു വിടേണ്ടത്..എന്താ കഥ..? ഇതൊക്കെ കണ്ടിട്ടും നിന്റെ കെട്ടിയോൻ മിണ്ടാതെ നിൽക്കുന്നത് കാണുമ്പോഴാണ് എനിക്ക് അത്ഭുതം തോന്നുന്നത്..”

മുത്തശ്ശി പറഞ്ഞ ആ വാക്കുകൾ അത്രയും നേരം സന്തോഷത്തിൽ നിന്ന് ആ കുടുംബത്തിനെയും മുഴുവൻ സങ്കടപ്പെടുത്താൻ പോന്നതായിരുന്നു.

വൈകുന്നേരം പ്രഭയുടെ ഭർത്താവ് സതീശൻ വന്നപ്പോൾ തന്നെ മുത്തശ്ശി കാര്യങ്ങൾ മുഴുവൻ അയാൾക്ക് മുന്നിൽ അവതരിപ്പിച്ചു.

“നിന്റെ മോളെ ഇങ്ങനെ ഓടാനും ചാടാനും വിടുന്നതിന് നീ ഭാവിയിൽ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. നിന്നെക്കൊണ്ട് കൊള്ളില്ലാത്തത് കൊണ്ടാണ് അവൾ ഇങ്ങനെ കുത്തിമറിയാൻ പോകുന്നത്..പെൺകുട്ടിയാണ്.. മര്യാദയ്ക്ക് അടക്കി വളർത്തിയാൽ നിനക്ക് കൊള്ളാം.. “

മുത്തശ്ശി പറഞ്ഞത് കേട്ടപ്പോൾ അയാൾ ചിരിച്ചു.

“അമ്മേ ഇത് പഴയ കാലമൊന്നുമല്ല.. ആകാശത്ത് വരെ പോകുന്ന പെൺകുട്ടികൾ ഉണ്ട്. പണ്ട് നിങ്ങളുടെയൊക്കെ കാലത്താണ് പെൺകുട്ടികൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുത് വീടിന്റെ പുറംലോകം കാണരുത് എന്നൊക്കെ പറയുന്നത്. ഇന്നത്തെ കാലത്ത് പെൺകുട്ടികളെ അടച്ചിട്ട വളർത്താൻ അല്ല അവർ പറവകളെ പോലെ പാറി നടക്കണം എന്നാണ് പറയാറ്.ഈ ലോകം അവരുടേതും കൂടിയല്ലേ..? അവരും ലോകം കാണട്ടെ.. എന്റെ മോള് സ്പോട്ട് മീറ്റിന് മത്സരിച്ചതും സമ്മാനം വാങ്ങിച്ചതും ഒക്കെ എനിക്ക് സന്തോഷം തന്നെയാണ്. അവളുടെ അച്ഛൻ എന്ന നിലയ്ക്ക് എനിക്ക് അഭിമാനവും ആണ്..”

അച്ഛൻ പറഞ്ഞപ്പോൾ മുത്തശ്ശി വാല് മുറിഞ്ഞത് പോലെ അകത്തേക്ക് കയറി പോകുന്നത് കണ്ടു.

പക്ഷേ എത്രയൊക്കെയായിട്ടും അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല.

ദിവ്യയുടെ സ്വരം ഒരല്പം ഉയർന്നാൽ,അവൾ ഒന്ന് പൊട്ടിച്ചിരിച്ചാൽ, ആഹാരം ഒരുത്തിരി കൂടുതൽ ചോദിച്ചാൽ,.. അങ്ങനെ അങ്ങനെ പല സാഹചര്യങ്ങളിലും മുത്തശ്ശി നീയൊരു പെൺകുട്ടിയാണ് എന്ന് അവളെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ അപ്പോഴൊക്കെയും ഞാൻ പെണ്ണായത് കൊണ്ട് എന്താ പ്രശ്നം എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നു.

അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതിന്റെ തലേ ദിവസവും മുത്തശ്ശി അവളെ ഉപദേശിച്ചത് അങ്ങനെയായിരുന്നു.

“പുതിയൊരു വീട്ടിലേക്ക് കയറി ചെല്ലുകയാണ്.ഇവിടുത്തെ പോലെ ഒന്നുമല്ല അവിടെ.ചിലപ്പോൾ കറികളും രീതികളും ഒക്കെ വ്യത്യാസമായിരിക്കും. എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്ത് പൊരുത്തപ്പെട്ട് പോകാൻ നിനക്ക് സാധിക്കണം. സ്ത്രീകളുടെ ക്ഷമയാണ് ഒരു കുടുംബത്തിന്റെ വിജയം..”

മുത്തശ്ശി പറഞ്ഞതിന് അന്ന് അവൾ എതിർപ്പ് ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ പുതിയൊരു ജീവിതത്തിലേക്ക് പോകുന്നതിനു മുൻപ് മുത്തശ്ശിയെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്ന് കരുതിയത് കൊണ്ടായിരിക്കണം.

കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ചു നാളുകൾ ഒന്നും വലിയ പ്രശ്നമില്ലായിരുന്നു ദിവ്യയുടെ ജീവിതത്തിൽ. പക്ഷേ പതിയെ പതിയെ അവളുടെ ഭർത്താവിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉള്ളതുപോലെ അവൾക്ക് തോന്നിത്തുടങ്ങി.

അയാളുടെ വീട്ടുകാരോട് സംസാരിച്ചപ്പോൾ അവരെല്ലാവരും അവൾക്ക് സംശയ രോഗം ആണെന്ന് വിധിയെഴുതി.വിവരം ദിവ്യയുടെ വീട്ടിലും എത്തി.

“നിന്റെ മോളോട് അവിടെ അടങ്ങി ജീവിക്കാൻ പറയു.. ചെന്ന് കയറുന്ന വീട്ടിൽ അവിടെയുള്ളവർക്കും സമാധാനം കൊടുക്കാത്ത ഒരു പെണ്ണിനെ ഞാൻ ആദ്യമായിട്ട് കാണുകയാണ്..”

മുത്തശ്ശി അമർഷത്തോടെ പറഞ്ഞപ്പോൾ ദിവ്യയുടെ അച്ഛനും അമ്മയും അത് ശ്രദ്ധിച്ചത് പോലുമില്ല.

ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും തന്റെ സംശയങ്ങൾ ശരിയാണ് എന്നുള്ള തരത്തിൽ തന്നെയായിരുന്നു ദിവ്യയുടെ രീതികൾ.തന്റെ സംശയം ഊട്ടിയുറപ്പിക്കാൻ വേണ്ടി അവൾ അയാളുടെ മൊബൈൽ ഫോൺ ചെക്ക് ചെയ്തു.

അതിൽ നിന്ന് തെളിവുകളൊന്നും കിട്ടാതെ ആയതോടുകൂടി അയാളുടെ ദിനചര്യകൾ അവൾ കൃത്യമായി വീക്ഷിക്കുന്നുണ്ടായിരുന്നു.ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം അയാളുടെ പിന്നാലെ അവൾ അലയുകയും ചെയ്തു.

അവളുടെ കഷ്ടപ്പാടുകൾക്കൊക്കെയും ഫലമുണ്ടായി എന്ന് തന്നെ പറയാം..!

അവളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിൽക്കുന്നുണ്ടായിരുന്നു.. അത് ഭർത്താവിന്റെ വീട്ടിൽ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നിട്ടും സമൂഹത്തിനു മുന്നിൽ ഭാര്യയായി കാണിക്കാൻ ഒരു പെണ്ണിനെ വേണം എന്നുള്ളതുകൊണ്ട് മാത്രം ദിവ്യയെ അവിടെ വാഴിക്കുന്നു എന്ന് തന്നെ.

കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞ ദിവസം അവൾ ആ വീട്ടിൽ എല്ലാവരുടെയും മുന്നിൽ വച്ചുതന്നെ അത് തുറന്നു ചോദിച്ചു. ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും പിന്നീട് അത് സമ്മതിച്ചു കൊടുക്കാതെ തരമില്ല എന്നായി..

വീട്ടുകാരുടെ അറിവോടും സമ്മതത്തോടും ആയിരുന്നു ഇത്തരത്തിൽ ഒരു പ്രവർത്തി നടന്നിരുന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ അവൾ ആകെ തകർന്നു പോയി.

“നിങ്ങളുടെ മകൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നു..?”

ആ ഒരു ചോദ്യത്തിൽ അവൾ ആ വീട്ടുകാരുടെ മുഴുവൻ വായടച്ചു.

ആ ബന്ധം വേണ്ട എന്ന് വച്ച് അവൾ സ്വന്തം വീട്ടിലേക്ക് തിരികെ വന്നപ്പോഴും മുത്തശ്ശി അവളെ ഒരുപാട് വഴക്കു പറഞ്ഞു.

“നിന്നെക്കൊണ്ടു കൊള്ളാത്തതു കൊണ്ടാണ് അവൻ വേറൊരു പെണ്ണിനെ തേടി പോയത്.സ്നേഹവും പരിചരണവും കൊണ്ട് അവനെ തിരികെ നേടിയെടുക്കുന്നതിന് പകരം അവനെ എന്നന്നേക്കുമായി ഉപേക്ഷിച്ചു തിരികെ വന്നിരിക്കുന്നു.. അഹങ്കാരം എന്നല്ലാതെ എന്ത് പറയാനാണ്..?”

മുത്തശ്ശി ദേഷ്യത്തോടെ തന്നെ പറയുന്നുണ്ടായിരുന്നു.

” ഭർത്താവ് ചെയ്യുകയും പറയുകയും ചെയ്യുന്ന സകല വൃത്തികേടുകളും സഹിച്ച ജീവിക്കാൻ ഞാൻ പുരാണ കഥാപാത്രം ഒന്നുമല്ല. എനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യത്തിന് ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും.പിന്നെ മുത്തശ്ശി മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഞാനൊരു പെണ്ണ് ആയതുകൊണ്ട് ഭർത്താവ് എന്തു തോന്നിയാസം ചെയ്താലും അത് സഹിച്ച് അയാളുടെ കൂടെ ജീവിക്കണം എന്നൊന്നുമില്ല. ഞാനൊരു തെറ്റ് ചെയ്താൽ അയാൾ എന്നെ ഉപേക്ഷിച്ചു പോകുമല്ലോ.. അയാളുടെ സ്ഥാനത്ത് ഞാനാണ് തെറ്റ് ചെയ്തത് എങ്കിൽ മുത്തശ്ശി ഇങ്ങനെ തന്നെ പറയുമായിരുന്നോ..? ആണിന് ഒരു ന്യായം പെണ്ണിന് വേറൊരു ന്യായം.. ഇതെന്ത് കഥയാണ്..? അയാൾക്ക് എന്നെ വേണ്ടാതെ മറ്റൊരു പെണ്ണിനെ തേടി പോയിട്ടുണ്ടെങ്കിൽ അയാൾ അങ്ങനെ തന്നെ ജീവിക്കട്ടെ. എന്റെ ജീവിതത്തിൽ അയാൾ വേണ്ട എന്നുള്ളത് എന്റെ ഉറച്ച തീരുമാനമാണ്.. അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല.. “

അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി പോകുമ്പോൾ അച്ഛനും അമ്മയ്ക്കും അഭിമാനം മാത്രമായിരുന്നു..

തെറ്റായ ഒരു സാഹചര്യത്തിൽ, താൻ വെറും ഒരു പെണ്ണാണ് എന്ന ചിന്തിച്ച് ജീവനൊടുക്കാൻ ശ്രമിക്കാതെ അതിൽ നിന്ന് കര കയറി വരാൻ അവൾ കാണിക്കുന്ന മനസ്സ് അവർക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു…!

വർഷങ്ങൾക്കു അപ്പുറം, ഒരു ജില്ലയെ മുഴുവൻ ഭരിക്കുന്ന ജില്ലാ കളക്ടർ ആയി അവൾ സ്ഥാനം ഏറ്റെടുക്കുമ്പോഴും ആളുകൾ പറയുന്നുണ്ടായിരുന്നു വെറുമൊരു പെണ്ണ് ആയ നിനക്ക് എന്ത് ചെയ്യാൻ കഴിയും എന്ന്..?

അതിനുള്ള മറുപടി അവൾ തെളിയിച്ചുകൊടുത്തത് തന്റെ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു..

പെണ്ണാണ്.. പക്ഷേ ആരുടെയും അടിമയല്ല…!!