ഈ നാലുവർഷത്തിലൊരിക്കൽ പോലും നാട്ടിൽ പോകാനും പറ്റിയിട്ടില്ല എന്നത് വേറെ കാര്യം…

ബാഗിനുളളിലെ സ്വപ്നം

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::::::

ദുബായിലേക്ക് ബിമാനം കയറുമ്പോൾ എന്റെ ഖൽബിൽ ആകെയുണ്ടായിരുന്നത് ഉമ്മാനെ നന്നായി നോക്കണം പെങ്ങന്മാരുടെ നിക്കാഹ് നടത്താനുളള കായ് കണ്ടെത്തണം എന്നതൊക്ക യായിരുന്നു…

വന്നിട്ടിപ്പോൾ നാലു വർഷത്തോളമായി.. ഇതു വരെ ഇവിടെ വരുന്നതിന് വേണ്ടി ഉസ്മാനിക്കയ് ക്ക് കൊടുത്ത ഒന്നര ലക്ഷം രൂപ പോലും കൊടുക്കാൻ എനക്ക് കഴിഞ്ഞിട്ടില്ല… ഈ നാലുവർഷത്തിലൊരിക്കൽ പോലും നാട്ടിൽ പോകാനും പറ്റിയിട്ടില്ല എന്നത് വേറെ കാര്യം…

പെരേന്ന് ഉമ്മ വിളിക്കുമ്പോ എപ്പയും കരച്ചിലാ..

“അന്നെക്കാണാൻ എനക്ക് ബല്ലാണ്ട് പൂതി കയറീക്കണ്..ജ്ജ് ഒന്ന് ബേഗം പുറപ്പെട്ട് ബരോ?”

എനക്ക് സങ്കടം വരും അത് കേക്കുമ്പോ..

ഇവിടെ എനക്ക് ഒരു സൂപ്പർ മാർക്കറ്റിലാണ് പണി..അവിടന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് പുരേലെ ചിലവുകൾക്കുളള കായ് അയച്ചിരുന്നത്… ഇനിയും എത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരുമെന്ന് പടച്ച തമ്പുരാന് മാത്രമേ അറിയൂ..

എന്നാലും ഇടയ്ക്ക് ഞമ്മള് കിനാവ് കാണാറുണ്ട്.. ഏതെങ്കിലും ഒരു അറബിയുടെ ബാഗ് വഴിയിൽ കിടന്ന് എനക്ക് കിട്ടുന്നത് ..അതിൽ തോനെ പണവും..എല്ലാം എനക്ക് പടച്ചോൻ തന്നതാന്ന് കരുതി ഞമ്മളതും കൊണ്ട് നാട്ടിലേക്ക് ഒറ്റ പാച്ചൽ…

എന്നിട്ട് ഉമ്മാനെ പൊന്നുകൊണ്ട് മൂടുന്നത്.. പെങ്ങന്മാരുടെ നിക്കാഹ് ഉഷാറായി നടത്തണത്… എന്നിട്ട് വലിയ ഒരു പെര പണിയണത്… പിന്നെ നല്ലൊരു മൊഞ്ചത്തീനെ മ്മടെ പെരേക്ക് കൂട്ടണത്…

പടച്ചോനേ എല്ലാം നടന്നാ മതിയായിരുന്നു…

അങ്ങനെ ഒരീസം..അന്ന് കടയിൽ നല്ല തിരക്കായിരുന്നു..കട ബന്ധാക്കാൻ വൈകീത് കൊണ്ട് കദീറിക്ക എന്നെ ആ പണി ഏൽപ്പിച്ചു എങ്ങോട്ടോ കൈച്ചലായിക്കണ്…

ഓര് അങ്ങനെത്തന്നാണപ്പാ നല്ല തിരക്ക്ണ്ടന്ന് കണ്ടാ അപ്പ കൈച്ചലാവും …

സമയം ഏകദേശം രാത്രി ഒരു മണിയായേക്കണ്.. കട ബന്ധാക്കി കണ്ണും തിരുമ്പി ഞാൻ വീട്ടിലേക്ക് ബരുന്ന വഴി… എന്തോ കാലിൽ തടയണപോലെ എനക്ക് തോന്നി..

ആ ഇരുണ്ട വെളിച്ചത്തിൽ ഒരു ബാഗ് ആയിരുന്നു അതെന്ന് എനക്ക് തിരിഞ്ഞു..

പെട്ടെന്ന് എന്റെ ചിന്ത ഞാൻ സ്ഥിരം കാണുന്ന കിനാവിലേക്ക് പാഞ്ഞു…

പടച്ചോനേ ഇത് ഏതേലും അറബീടെ ബാഗോ മറ്റോ ആണോ…

വഴിയിൽ തിരക്ക് കുറവായതിനാൽ ബാഗ് എനക്ക് എളുപ്പത്തിൽ കൈക്കലാക്കാനായി…

പിന്നെ മറ്റൊന്നും നിരീച്ചീല അവിടന്ന് പെട്ടെന്ന് മറ്റൊരു ഒഴിഞ്ഞ സ്ഥലം നോക്കി ഞാൻ പാഞ്ഞു…

സ്ഥലം കണ്ടെത്തിയതിന് ശേഷം ആകാംക്ഷയോ ടെ ഞാനാ ബാഗിന്റെ സിബ്ബ് തുറന്നു…

ആ കാഴ്ച്ച കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചു..

“പടച്ചോനേ! ദിർഹംസ്…”

ഇത് കിനാവാണോന്നറിയാൻ ഞാൻ എന്നെ ത്തന്നെ ഒന്നു നുളളി നോക്കീന്…

ഞാൻ നിരീച്ചത്രയില്ലെങ്കിലും കായ് കണ്ടാ ആർക്കാ സുയിപ്പാവാത്തത്…

ഏകദേശം ഒരു 25000 ദിർഹംസ് ഉണ്ടായിരുന്നു അതിൽ..നാട്ടിലെ നാല് ലക്ഷത്തോളം ഉറുപ്യ…

ഇത് കൊണ്ട് ഇപ്പോ എന്താക്കാനാ എന്ന് ഞാൻ ആലോചിച്ചെങ്കിലും പടച്ചോൻ തന്നേന് കണക്ക് പറയുന്നത് ശരിയല്ലാലോ…

ഇതെങ്കീ ഇത്.. തൽക്കാലം കടം വീട്ടാനേലും ആവൂലോ..ഇനി എത്രേം പെട്ടന്ന് നാട്ടിൽ പോണം..ഉമ്മാനേം പെങ്ങന്മാരേയും കണാൻ എന്റെ മനസ്സ് കൊതിച്ചു….ഇതറിയുമ്പോ ഓർക്ക് പെരുത്ത് സന്തോഷാവും..

സ്വിച്ച് ഓഫ് ആയ നിലയിൽ ഒരു മൊബൈൽ ഫോൺ കൂടെ ആ ബാഗിനുളളിലുണ്ടായിരുന്നു.. ആ മൊബൈൽ കണ്ടതും എനിക്കെന്തോ പന്തികേടു തോന്നി..ഇതന്താണപ്പാ ഈ യുഗത്തിലും ഇതുപോലത്തെ കച്ചറ ഫോൺ ഉപയോഗിക്കുന്ന അറബിയോ…വല്ല കൂതറ അറബിയുമായിരിക്കും എന്ന് ഞാൻ ഓർത്തു…

പക്ഷെ വഴിയെ എന്റെ ചിന്തകൾ അതിന്റെ ഉടമസ്ഥനിലേക്ക് പായാൻ തുടങ്ങി…

ഇനി ഇത് ഏതേലും പാവപ്പെട്ടോന്റെ ബാഗ് ആവോ പടച്ചോനേ…

അങ്ങനേങ്കി ഞാനീ കാണിക്കണത് ഇസ്ലാമിന് നിരക്കാത്തതാവൂലേ..

എനക്കെന്തോ കുറ്റബോധം തോന്നിതുടങ്ങീക്ക ണ്….

അന്യന്റെ മുതൽ ആശിച്ചതേ തെറ്റ്…ഇനി അത് സ്വന്തമാക്കുന്നത് അതിനേക്കാൾ വലിയ തെറ്റാവൂലേ.. വേണ്ട പടച്ചോൻ പൊറുക്കില്ല…

എന്തായാലും ആ ബാഗ് ഞാൻ പോലീസ്റ്റേഷനിൽ ഏൽപ്പിക്കാൻ തന്നെ അവസാനം തീരുമാനിച്ചു..

കയ്യിൽ മിച്ചമുണ്ടായിരന്ന പൈസക്ക് ടാക്സി വിളിച്ച് നേരെ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു…

പോലീസ്റ്റേഷനിലേക്ക് കയറാൻ എനക്ക് ചെറിയ പേടിയുണ്ടായിരന്നു… ഇന്ന് വരെ കേറേണ്ടി വന്നിട്ടില്ലേ അതാ ആ പേടി…

അവിടെച്ചെന്ന് ബാഗ് ഏൽപ്പിച്ചതും ഓര് എന്നെ രാജാവിനെ പോലെയാണ് സ്വീകരിച്ചത്… നാട്ടിലായിരുന്നേൽ ചിലപ്പോ ഞാനിപ്പോ പ്രതിയായായേനെ എന്ന് ഞാനോർത്തു…

ഒരുപാട് പുകഴ്ത്തി അവരെന്നെ..ഞാനേതോ വേറെ ദുനിയാവില് എത്തിയ പോലെ.. എനക്ക് പെരുത്ത് സന്തോഷായേക്കണ്…

അവർ ആ ഫോൺ ചാർജ് ചെയ്ത് അതിന്റെ ഉടമസ്ഥനെ വിളിച്ചു…

തമിഴ്നാട് സ്വദേശിയായ ഒരു പാവം കഫ്ത്തീരിയ ജോലിക്കാരന്റെ പൈസയായിരുന്നു അത്…

മൂപ്പര് വരുന്നത് വരെ ഞാനവിടെ കാത്ത് നിന്നു…

ബാഗ് കണ്ടതും ഓർക്കുണ്ടായ സന്തോഷം……

ഹോ!!

അയാളുടെ കണ്ണ് നിറഞ്ഞു..ബാഗ് തിരിച്ചേൽപ്പിച്ച ത് ഞാനാണെന്നറിഞ്ഞതും എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു..ഒരുപാട് നന്ദി പറഞ്ഞു..

മൂപ്പര് മോളെ കെട്ടിക്കാനായി മൂന്നു വർഷത്തോള മായി കുറി ചേർന്ന് ഉണ്ടാക്കിയ പൈസയായിരു ന്നു അതെന്നും നിങ്ങളെ ദൈവം കാക്കും എന്നും അയാളെന്നോടു പറഞ്ഞു…

ദുബായ് പോലീസ് ആണ് എന്നെ വീടുവരെ എത്തിച്ചത്.. എനിക്കതിൽ അഭിമാനം തോന്നി..

അന്നു രാത്രി എനക്ക് ഉറങ്ങാൻ കഴിഞ്ഞീല… എന്തോ മനസ്സിന് വല്ലാത്തൊരു സുഖം…

അതിനുശേഷവും ഓര് മിക്കപ്പോഴും എന്നെ വിളിക്കാറുണ്ട്.. നാട്ടിൽ പോയതിനുശേഷവും വിളിച്ചിരുന്നു…അങ്ങനെ എനിക്ക് പുതിയൊരു ചങ്ങായീനെ കൂടെ കിട്ടിയിരിക്കണ്..

ഉറങ്ങാൻ നേരം ഞാൻ പ്രാത്ഥിച്ചു.

“അൽഹംദുലില്ലാഹ്…ഇനി ഇപ്പോ എന്ത് സ്വപ്നാണാവോ നീ ഞമ്മക്ക് കാണിച്ച് തരാൻ പോണത്..അല്ല സ്വപ്നങ്ങളാണല്ലോ എന്നെ പോലെയുള്ളോരെ ഇവിടെ പിടിച്ചു നിർത്തണത്..

**********

ദുബായിൽ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയത്