എന്റെ ഓരോ ആഗ്രഹത്തിനെ കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറയുമ്പോൾ ചിരിയോടെ കേട്ടിരിക്കുന്ന ആനന്ദിനെ ഓർമ്മ വന്നു….

രചന : അപ്പു

::::::::::::::::::::::::::

എത്ര നിസ്സാരമായിട്ടാണ് അവൻ എന്റെ മുഖത്തു നോക്കി ഇങ്ങനെ ഒരു കാര്യം പറഞ്ഞത്..? ഇക്കണ്ട കാലം മുഴുവൻ അവനെ മാത്രം മനസ്സിൽ സങ്കൽപ്പിച്ച് ജീവിച്ച എനിക്ക് യാതൊരു വിലയുമില്ലാതെ എന്നെ ഒരു സഹോദരിയായി മാത്രമാണ് കണ്ടത് എന്ന് പറയാൻ അവനു എങ്ങനെ കഴിഞ്ഞു..?

എന്റെ ഇഷ്ടം അവന് വ്യക്തമായി അറിയുന്നതായിരുന്നില്ലേ..? അവന്റെ വീട്ടിലും എന്റെ വീട്ടിലും ഒക്കെ അത് ചർച്ചയായത് ആയിരുന്നില്ലേ..?

അപ്പോഴൊന്നും ഒരു വാക്കു പോലും എതിർത്ത് പറയാതെ എല്ലാം സമ്മതമാണ് എന്ന മട്ടിൽ നിന്നിട്ട് ഇപ്പോൾ ഈ അവസാന നിമിഷം അവൻ എന്തിനാണ് ഇങ്ങനെയൊരു കാര്യം എന്നോട് വെളിപ്പെടുത്തിയത്..?

ഇനി എന്ത് ചെയ്യും എന്ന് ഓർത്തിട്ട് ആവണിക്ക് ഒരു ഊഹവും കിട്ടുന്നുണ്ടായിരുന്നില്ല.

ആനന്ദിന്റെ ഭാഗത്തു നിന്നും നേരിട്ട ചതി അവളെ അത്രത്തോളം തകർത്തു കളഞ്ഞിരുന്നു.

വിവാഹവും ഉറപ്പിച്ച് വിവാഹ തീയതിയും എടുത്തതിനുശേഷം ഇപ്പോൾ ഈ അവസാന നിമിഷത്തിൽ നിന്നെ ഞാനൊരു സഹോദരിയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നുള്ള അവന്റെ വെളിപ്പെടുത്തൽ ആരെയൊക്കെ എങ്ങനെ ബാധിക്കും എന്ന് ഓർക്കുമ്പോൾ അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു.

അതിനേക്കാൾ ഉപരി 11 വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയവും കൂടി അവസാനിക്കുകയാണ് എന്ന് ഓർത്തപ്പോൾ അവൾക്ക് ഹൃദയം തകരുന്നത് പോലെയാണ് തോന്നിയത്.

ആർത്തലച്ച് കരയുമ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത് ആനന്ദിന്റെ മുഖമായിരുന്നു.

തന്റെ അമ്മയുടെ ആത്മാർത്ഥ സുഹൃത്ത് ഉഷാന്റിയുടെ മകനാണ് ആനന്ദ്.ചെറുപ്പം മുതൽക്കേ അവനെ തനിക്ക് പരിചയമുണ്ട്.

അമ്മയും ആന്റിയും ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവരാണ്.പിന്നീട് ജീവിതം പല വഴിക്കും മുന്നോട്ടു പോയപ്പോൾ അവർ തമ്മിൽ പിരിഞ്ഞുവെങ്കിലും ഒടുവിൽ വിവാഹിതരായി ഒരേ നാട്ടിൽ തന്നെ അവർ എത്തിച്ചേർന്നു.

അതും അടുത്തടുത്ത വീടുകളിൽ.. അതോടെ അവർ തമ്മിലുള്ള സൗഹൃദം പഴയതിലും ഇരട്ടിയായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു.

ആന്റിക്ക് ആനന്ദ് ജനിച്ചപ്പോഴും അമ്മയ്ക്ക് ഞാൻ ജനിച്ചപ്പോൾ അവർക്ക് രണ്ടാൾക്കും സ്വന്തം കുട്ടികൾ ഉണ്ടായ സന്തോഷമായിരുന്നു.

ഭാര്യമാർ തമ്മിലുള്ള സൗഹൃദം പതിയെ പതിയെ ഭർത്താക്കന്മാർ തമ്മിലും കുട്ടികളായ ഞങ്ങൾ തമ്മിലും ഉണ്ടായി.ഇണ പിരിയാത്ത ചങ്ങാതിമാരായി ഞങ്ങൾ വളർന്നു.

പക്ഷേ ദൈവം ഞങ്ങളെ പരീക്ഷിക്കാൻ നേരിട്ട് എത്തി..!

താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അച്ഛനും അമ്മയും ഒരു അപകടത്തിൽ മരണപ്പെടുന്നത്. അന്ന് ആനന്ദ് പ്ലസ്ടുവിന് പഠിക്കുകയാണ്.

തീർത്തും തനിച്ചായി പോയ തന്നെ ഏറ്റെടുത്തത് അമ്മാവനും കുടുംബവും ആയിരുന്നു. തന്നെ ഏറ്റെടുക്കാൻ ഉഷ ആന്റിയും വീട്ടുകാരും തയ്യാറായിരുന്നെങ്കിലും, പുറത്തു നിന്ന് ഒരു കുടുംബത്ത് ഒരു പെൺകുട്ടിയെ കൊണ്ടുചെന്ന് നിർത്തുന്നത് നല്ലതല്ല എന്ന് പലരും അഭിപ്രായപ്പെട്ടു. അതോടെ തന്നെ ഏറ്റെടുക്കാൻ അമ്മാവൻ നിർബന്ധിതനായി എന്ന് വേണം പറയാൻ.

ഒരിക്കലും പൂർണ്ണ മനസോടെ ആയിരുന്നില്ല അമ്മാവന്റെ ആ ഏറ്റെടുക്കൽ. സഹോദരിയുടെ മകളെ അനാഥയാക്കി എന്നൊരു പേരു ദോഷം കേൾക്കേണ്ടി വരരുത് എന്നൊരു ചിന്ത കൊണ്ട് മാത്രം ഏറ്റെടുത്തതായിരുന്നു അവർ തന്നെ.

അവരുടെ വീട്ടിലേക്ക് ചെന്നത് മുതൽ ശമ്പളമില്ലാത്ത ജോലിക്കാരിയായിരുന്നു താൻ.അപ്പോഴൊക്കെ ഉഷാന്റിയെ ഒന്ന് കാണാനും ആന്റിയുടെ മാറിൽ തലചായ്ക്കാനും വല്ലാതെ ആഗ്രഹം തോന്നിയിരുന്നു..

തന്റെ സങ്കടങ്ങളും വേദനകളും ഒക്കെ ആന്റിയോട് പങ്കുവെച്ചാൽ ഒരുപക്ഷേ അതിന് ഒരു കുറവ് വരും എന്നൊരു ചിന്ത തന്റെ ഉള്ളിലുണ്ടായിരുന്നു.

അമ്മയുടെ സ്ഥാനം തന്നെയായിരുന്നു ആന്റിക്ക് ഉള്ളത്.

പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം തന്നെ പഠിപ്പിക്കാൻ വിടാൻ അമ്മാവനും അമ്മായിക്കും തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ നാട്ടുകാരുടെ വക ഓരോ ചോദ്യങ്ങളും ഉണ്ടാകും എന്ന് പറയുന്നതുകൊണ്ട് മാത്രം തന്നെ പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളിൽ പഠിപ്പിക്കാൻ അവർ തയ്യാറായി.

സ്കൂളിൽ പോകാൻ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് ഉഷാന്റിയും ആനന്ദും കൂടി വീട്ടിലേക്ക് വന്നത്. അവർ വന്നത് അറിയാതെ അടുക്കളപ്പുറത്തിരുന്ന് ഞാൻ പാത്രങ്ങൾ കഴുകുകയായിരുന്നു.

എന്നെ കാണാതെ ആന്റി അന്വേഷിച്ചു വരുമ്പോൾ കാണുന്ന കാഴ്ച എന്നെക്കാൾ ഇരട്ടി വലിപ്പമുള്ള പാത്രങ്ങൾ തേച്ചു കഴുകുന്ന തന്നെയാണ്.

എന്റെ പിന്നിൽ നിന്ന് എങ്ങൽ അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കുന്നത്.ആന്റിയെ കണ്ടപ്പോൾ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഓടിച്ചെന്ന് കെട്ടിപ്പുണരാൻ തോന്നിയെങ്കിലും താൻ നിൽക്കുന്ന വേഷത്തെക്കുറിച്ച് ഓർത്തപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയില്ല.

പക്ഷേ അത് മനസ്സിലാക്കിയത് പോലെ ആന്റി ഓടിവന്ന് എന്നെ ചേർത്തു പിടിച്ചു.നാളുകൾക്കു ശേഷം അമ്മയുടെ സാമീപ്യം അറിഞ്ഞത് പോലെയുള്ള സന്തോഷമായിരുന്നു തന്റെത്.

വാവിട്ട് കരഞ്ഞു പോയിരുന്നു താനും.. ഞങ്ങളുടെ കരച്ചിലും സ്നേഹപ്രകടനവും ഒക്കെ കണ്ടു നിന്ന ആനന്ദും കരയുന്നുണ്ടായിരുന്നു. ഇതിനോടകം തന്നെ ആ വീട്ടിലെ എന്റെ സ്ഥാനം എന്താണെന്ന് രണ്ടുപേരും മനസ്സിലാക്കിയിട്ടുണ്ടാകണം.

” നിനക്ക് എന്നും താങ്ങായും തണലായും ഞാനുണ്ടാകും.. “

അന്ന് അവിടെ വച്ച് ആനന്ദ് തനിക്ക് വാക്ക് തന്നു.പക്ഷേ അതിന്റെ അർത്ഥം അന്ന് തനിക്ക് അറിയില്ലായിരുന്നു.

പിന്നീട് താനത് മനസ്സിലാക്കി..കോളേജിലൊക്കെ എത്തിയപ്പോഴേക്കും ആനന്ദിന് തന്നോട് പ്രണയമാണ് എന്ന് തന്നെ താൻ വിശ്വസിച്ചു.

ആ രീതിയിൽ തന്നെയാണ് അവനോട് ഇടപെട്ടിട്ടുള്ളത്. ഇടയ്ക്കൊക്കെ കാണുമ്പോഴും മിണ്ടുമ്പോഴും തങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ഞങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ട്..

അല്ല ഞങ്ങളല്ല.. ഞാനാണ് സ്വപ്നം കണ്ടത് മുഴുവൻ..

എന്റെ ഓരോ ആഗ്രഹത്തിനെ കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറയുമ്പോൾ ചിരിയോടെ കേട്ടിരിക്കുന്ന ആനന്ദിനെ ഓർമ്മ വന്നു.

എന്തൊക്കെ പറഞ്ഞാലും തിരികെ മറുപടിയൊന്നും പറയാതെ കേട്ടുകൊണ്ടിരിക്കുന്ന അവനെ കാണുമ്പോൾ ചിലപ്പോഴൊക്കെ ദേഷ്യം വരും. നീയെന്താ ഒന്നും പറയാത്തത് എന്ന് ദേഷ്യത്തോടെ ചോദിച്ചാൽ അവൻ പുഞ്ചിരിക്കും.

നീ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് എന്ന് പറയുമ്പോൾ എന്റെ കവിളുകൾ ചുമക്കും.. അവൻ അതൊക്കെ ആസ്വദിക്കുന്നു എന്ന് തന്നെയാണ് കഴിഞ്ഞ നിമിഷങ്ങൾക്കു മുൻപ് വരെ കരുതിയിരുന്നത്..! പക്ഷെ…!!

നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ മുന്നിൽ താൻ ആനന്ദന്റെ പെണ്ണാണ്.ഇവിടെ അമ്മാവനും അമ്മായിയും ആനന്ദ് തന്നെ കൂട്ടിക്കൊണ്ടു പോകുന്നതോടെ അവരുടെ തലയിൽ നിന്നുള്ള ഭാരം ഒഴിഞ്ഞു കിട്ടുമല്ലോ എന്നുള്ള സന്തോഷത്തിലാണ്. അവരുടെയൊക്കെ മുന്നിൽ തന്നെ ആനന്ദ് എന്നെ ഒരു സഹോദരിയായി മാത്രമാണ് കണ്ടിരിക്കുന്നത് എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?

അവനെ ഇങ്ങനെ ഒരു കാര്യം പറയാൻ ഈ നിമിഷം വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടായിരുന്നൊ..? ഞാനവനോട് ഒരു പ്രണയനിയെ പോലെയാണ് ഇടപെടുന്നത് എന്ന് അവന് തോന്നിയ നിമിഷം തന്നെ എന്നെ തിരുത്താമായിരുന്നില്ലേ..?

അന്നൊന്നും പറയാതെ എല്ലാം കേൾക്കുകയും കാണുകയും ചെയ്തിരുന്നിട്ട് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി കഴിഞ്ഞപ്പോൾ എനിക്ക് അങ്ങനെയൊരു സ്ഥാനം അവന്റെ മനസ്സിലില്ല എന്ന് തുറന്നു പറയുമ്പോൾ എന്താണ് ചെയ്യേണ്ടത്..?

പലതരത്തിലുള്ള ആലോചനകൾ മുന്നിൽ വന്നു നിന്നപ്പോൾ, ആരുടെയും മുന്നിൽ പരിഹാസ കഥാപാത്രമായി നിന്നു കൊടുക്കേണ്ട എന്നുതന്നെ മനസ്സ് ഉപദേശിച്ചു..!!

പിറ്റേന്ന് നേരം പുലർന്നപ്പോൾ വീടും നാട്ടുകാരും അറിഞ്ഞത് അവളുടെ മരണവാർത്തയായിരുന്നു..

ആനന്ദിനു വേണ്ടി ഒരു ലെറ്ററും അവൾ കരുതി വെച്ചിരുന്നു.

” പ്രിയപ്പെട്ട ആനന്ദിന്…

നീ പറഞ്ഞതൊക്കെ അംഗീകരിക്കണമെന്നും നിന്നെ ഒരു സഹോദരനായി കണ്ട് ജീവിക്കണം എന്നുമൊക്കെ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതൊരിക്കലും സാധിക്കില്ല എന്ന് കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് തന്നെ എനിക്ക് മനസ്സിലായി.കാരണം എന്റെ മനസ്സിൽ ഒരിക്കലും നിനക്ക് ഒരു സഹോദരന്റെ സ്ഥാനം ഉണ്ടായിരുന്നില്ല. എന്റെ മനസ്സ് അങ്ങനെ മാറിപ്പോയ സമയത്ത് എപ്പോഴെങ്കിലും നിനക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ..? നിന്നെ ഒരു സഹോദരിയായി കണ്ടിട്ടാണ് ഞാൻ ചേർത്തുപിടിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അന്ന് ആ സമയത്ത് എനിക്ക് ചെറിയ വിഷമം ഉണ്ടായേനെ. പക്ഷേ അത് ഒരിക്കലും ഇങ്ങനെ വട വൃക്ഷമായി പടർന്നു പന്തലിക്കില്ലായിരുന്നു.എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടത്തിന് വർഷങ്ങൾ പഴക്കമുണ്ട്. പെട്ടെന്നൊരു ദിവസം അതില്ലാതാക്കി നിന്നെ ഒരു സഹോദരനായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. നിന്റെ ജീവിതത്തിൽ ഇനിയും ഒരു ശല്യമായി നിൽക്കാൻ തോന്നിയില്ല.. നന്നായി ജീവിക്കൂ.. “

ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ആനന്ദ് കുറ്റബോധം കൊണ്ട് അലമുറയിടുന്നുണ്ടായിരുന്നു.

എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് അവളെ തിരുത്തി കൊടുക്കാമായിരുന്നു..!!

വൈകി വന്ന വിവേകം..!!

പക്ഷേ അതുകൊണ്ട് പ്രയോജനം ഇല്ലല്ലോ…!!!!