വസന്തം – രചന: രേവതി ജയമോഹൻ
എന്തൊരു ബോർ ആണല്ലേ അമ്മു ഇങ്ങനെ വീട്ടിൽ അടച്ചിരിക്കുന്നത്…ഫോൺ ചാർജിൽ കുത്തി ഇട്ട് കൊണ്ട് ബാലു പറഞ്ഞു.
അതെ ഡാ…ഇതൊക്കെ ഒന്ന് പെട്ടെന്ന് തീർന്നിരുന്നെങ്കിൽ പുറത്ത് എങ്കിലും പോകാമായിരുന്നു…അവൾ ഫോണിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു.
എന്താണ് ഇവിടെ ഒരു ചർച്ച…? മനോജ് അവർക്ക് ഒപ്പം ഇരുന്നുകൊണ്ട് ചോദിച്ചു.
എന്റെ അച്ഛാ ഞങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്ന് മടുത്തു. ബാലു അയാൾക്ക് ഒപ്പം ഇരുന്നുകൊണ്ട് പറഞ്ഞു.
അച്ഛാ നമുക്ക് ടിക് ടോക് വല്ലതും ചെയ്താലോ ബോർ അടി മാറും…അമ്മു അച്ഛനോട് കൊഞ്ചിക്കൊണ്ടു പറഞ്ഞു.
എങ്കിൽ നമുക്ക് ബിസ്‌ക്കറ് ന്റെ തുള എണ്ണുന്നതും ഫാൻ ഓഫ് ചെയ്താൽ എപ്പോൾ കറക്കം നില്കുമെന്നൊക്കെ ഉള്ളത് ഇട്ടാലോ…ബാലു ആവേശത്തോടെ പറഞ്ഞു. അതാകുമ്പോൾ ഇഷ്ടം പോലെ ലൈക് കിട്ടും…അമ്മുവും ബാലു നെ പിന്താങ്ങി.
മക്കളെ…നിങ്ങൾക്ക് സമയം പോകാതെ ആണോ പ്രശ്നം…എങ്കിൽ ഇതൊന്നും വേണ്ട അമ്മക്ക് ഒപ്പം കുറച്ചു സമയം ചിലവിട്ടാൽ മതി…മനോജ് അവരോട് വാത്സല്യത്തോടെ പറഞ്ഞു.
പിന്നെ…അമ്മ ടെ കൂടെ ഇരുന്നാൽ ബോറടി കൂടുകയേ ഒള്ളു…ബാലു ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
നിങ്ങൾ രണ്ട് പേർക്കും അടുക്കളയിൽ അവളെ ഒന്ന് സഹായിച്ചാൽ എന്താ..? മനോജ് അല്പം നീരസത്തോടെ ചോദിച്ചു.
അത് പിന്നെ അച്ഛാ…എനിക്ക് ഈ ചക്ക കൊണ്ട് കറി വെക്കാൻ ഒന്നും അറിയില്ല.
അമ്മു മനോജിന്റെ നീരസം മനസിലാക്കി കൊണ്ട് പറഞ്ഞു. ഓഹോ…അറിയാത്തത് പഠിക്കണം. പിന്നെ നീ ഇപ്പോൾ പുച്ഛത്തോടെ പറഞ്ഞ ചക്കയൊക്കെ ഉണ്ടാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നിട്ടും അവൾ അതൊക്കെ ഉണ്ടാകുന്നത് നിങ്ങൾ പട്ടിണി കിടക്കരുത് എന്ന് കരുതിയിട്ടാണ്…നീ ആ ഫോൺ മാറ്റിവച്ചിട്ട് അവളെ പോയി സഹായിക്ക്…മനോജ് അല്പം ശബ്ദം ഉയർത്തി ആണ് അത് പറഞ്ഞത്…
അമ്മു അപ്പോൾ തന്നെ ഫോൺ മാറ്റി വച്ച് അടുക്കളയിലേക്ക് കുതിച്ചു. നിന്നോട് ഇനി പ്രതേകിച്ചു പറയണോ…? മനോജ് ബാലുവിനോട് ചോദിച്ചു. ഇനിയും നില്കുന്നത് പന്തി അല്ല എന്ന് മനസ്സിലായതും ബാലുവും അടുക്കളയിലേക്ക് പോയി…
— —
ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ബാലുവിന്റെയും അമ്മുവിന്റെയും ബോറടി മാറി. അവർ ഇപ്പോൾ അമ്മക്ക് ഒപ്പം അടുക്കളയിലും പറമ്പിലും ഒക്കെ സഹായികൾ ആയി കൂടെ കൂടാൻ തുടങ്ങി. ഇതിനിടയിൽ അമ്മുവും ബാലുവും ഫോൺ എന്ന അവരുടെ സന്തതസഹചാരിയെ മറന്നു. അവരുടെ ലോകം അമ്മയും അച്ഛനും ആയി മാറുക ആയിരുന്നു.
— —
സുധേ…
അവളുടെ കണ്ണീർ തുള്ളികൾ അയാളുടെ നെഞ്ചിൽ പതിച്ചപ്പോൾ അയാൾ മെല്ലെ വിളിച്ചു. നീ എന്തിനാ ഇനിയും വിഷമിക്കുന്നത്…നിന്റെ ആഗ്രഹം പോലെ നമ്മുടെ മക്കൾ നിനക്ക് ഒപ്പം കൂടിയില്ലേ…പിന്നെ എന്താടോ…? അയാൾ വാത്സല്യത്തോടെ അവളുടെ മുടി ഇഴകളിൽ തഴുകി കൊണ്ട് ചോദിച്ചു.
അറിയില്ല ഏട്ടാ…മുൻപൊക്കെ ഞാൻ ഒരുപാട് വിഷമിച്ചിട്ട് ഉണ്ട് ഏട്ടനും മക്കളും എന്നിൽ നിന്നും അകന്നു പോവുക ആണെന്ന് ഓർത്ത്…പക്ഷേ ഇപ്പോൾ ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.
അവളുടെ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു. അവൾ ഒന്നൂടെ അയാളുടെ നെഞ്ചിലേക്ക് ചേർന്നു കിടന്നു. ആ സമയം അയാൾ മനസ്സ് കൊണ്ട് അവളോട് മാപ്പ് പറയുക ആയിരുന്നു.
അവളെ മറന്നു ജീവിച്ചത് ഓർത്ത് അയാൾക്ക് സ്വയം പുച്ഛം തോന്നി. ഇത്രയും സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ടായിട്ടും പലപ്പോഴും മറ്റൊരുവളിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചത് ഓർത്ത് അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു. അവളെ ഒന്ന് കൂടെ മുറുകെ പിടിച്ചു ഇനി ഒരിക്കലും അവളെ നോവിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട്…
പലപ്പോഴും ജീവിതം ഇങ്ങനെ ആണ് ഒന്ന് തുറന്നു സംസാരിച്ചാലോ കൂടെ അല്പ നേരം ചിലവഴിച്ചാലോ മതി എന്നോ നഷ്ടം ആയ വസന്തകാലം തിരികെ വരാൻ…
ഈ കൊറോണ കാലം നമുക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി ചിലവിടാം അവർക്ക് ഒപ്പം…

