സ്വന്തം – രചന : NKR മട്ടന്നൂർ
ആദ്യം പടി കടന്നു വന്നത് ബ്ലേഡ് രാഘവേട്ടനായിരുന്നു. അതും ഒരുദിവസം സന്ധ്യാ നേരം കഴിഞ്ഞപ്പോൾ. അമ്മ പേടിയോടെ വാതിലടച്ച് അകത്ത് എന്നേയും കെട്ടിപ്പിടിച്ചിരുന്നു കരയുകയായിരുന്നു. അയാളോട് ഇറങ്ങി പോവാന്‍ പറയുന്നതിനിടയിലും അമ്മയ്ക്ക് കരച്ചില് നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. വാതിലില്‍ കുറേ ആഞ്ഞു തള്ളി നോക്കിയെങ്കിലും ഫലമില്ലെന്ന് കണ്ടു അയാള്‍ മുറ്റത്തേക്കിറങ്ങി. എന്നിട്ട് ഇത്രേം പറഞ്ഞു. ഞാനിനിയും വരും.
അതൊരു താക്കീത് പോലത്തെ പറച്ചിലായിരുന്നു. അയാള്‍ പോയിട്ടും അമ്മ എന്നോട് ചേര്‍ന്നിരുന്നു കരഞ്ഞു.
അമ്മ സുന്ദരിയായിരുന്നു. അച്ഛന് പോയതില്‍ പിന്നേയാ അമ്മ അണിഞ്ഞൊരുങ്ങാത്തത്. അല്ലെങ്കില്‍ എവിടേക്ക് പോകാനിറങ്ങുമ്പോഴും അമ്മ ഒരു മണിക്കൂര്‍ നേരം കണ്ണാടിക്ക് മുന്നിലാവും. ഒടുവില്‍ ഒരുങ്ങി കഴിഞ്ഞാല്‍ അച്ഛനോട് പോയി ചോദിക്കും. എങ്ങനേയുണ്ടെന്ന്…? അപ്പോഴാവും അച്ഛന് അമ്മയേ കെട്ടിപ്പിടിച്ചു ഉമ്മ വെയ്ക്കാറ്.
ഞാന്‍ കാണുന്നില്ലാന്നാ അവര്‍ രണ്ടു പേരും കരുതണത്. പക്ഷേ എപ്പോഴും ഞാനത് കാണാന്‍ മറഞ്ഞു നില്‍ക്കാറുണ്ട്. അച്ഛന് അമ്മയോടും അമ്മയ്ക്ക് തിരിച്ചും നല്ല സ്നേഹമായിരുന്നു. അവര്‍ പരസ്പരം പങ്കുവെയ്ക്കുന്ന സ്നേഹം മുഴുവന്‍ രണ്ടുപേരും കൂടി എനിക്കാ തരിക. അതുകൊണ്ട് എന്നെ ജീവനാണ് രണ്ടുപേര്‍ക്കും.
ആ സന്തോഷങ്ങള്‍ അധിക കാലം നീണ്ടു നിന്നില്ല. ഒരു ദിവസം എന്റെ സ്വന്തമായിരുന്ന അച്ഛനേ ആരൊക്കെയോ ചേര്‍ന്ന് വെള്ള പുതപ്പിച്ച് ഉമ്മറത്ത് കൊണ്ടു വന്നു കിടത്തി. ഞാന്‍ പോയി ഒത്തിരി വിളിച്ചു നോക്കിയെങ്കിലും അച്ഛനെന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അങ്ങനേ കിടന്നു. അമ്മയെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചു കൊണ്ടു വന്നു അച്ഛന്റെ ദേഹത്തെ വെള്ളത്തുണി മാറ്റി മുഖം കാട്ടിക്കൊടുത്തു. അമ്മ ഒരു വലിയ കരച്ചലോടെ അച്ഛന്റെ ദേഹത്തേക്ക് വീണു.
എനിക്കും കരച്ചില് വന്നു. ഞാനും അച്ഛനേ വിളിച്ചു ഉച്ചത്തില്‍ കരഞ്ഞു. അമ്മയേ ആരൊക്കെയോ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി. എന്നെ അപ്പുറത്തെ വീട്ടിലെ രാധേച്ചി കൂട്ടിക്കൊണ്ടുപോയി ബന്നും കാപ്പിയും തന്നു. ഞാനത് കഴിച്ചോണ്ടിരിക്കുമ്പോള്‍ രാധേച്ചിയും കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അച്ഛന് വരാതെ അന്നു രാത്രി കടന്നു പോയി. അങ്ങനത്തെ ഒരുപാട് രാത്രികള്‍. അമ്മ എപ്പോഴും കരച്ചില് തന്നെ.
ഒന്നിനും ഒരു മറുപടിയും തന്നില്ലെനിക്ക്. ഞാന്‍ എന്തു ചോദിച്ചാലും അമ്മ കരയുന്നതു കാണാന്‍ വയ്യാത്തതിനാല്‍ പിന്നേയൊന്നും ചോദിക്കാതേയായി. എങ്കിലും അമ്മ ഇടയ്ക്കൊക്കെ എന്നോട് പറയും ഇനി അമ്മയ്ക്ക് സ്വന്തമായ് എന്റെ മോനൂട്ടന് മാത്രേ ഉള്ളൂന്ന്. അച്ഛന് എന്നേയും അമ്മയേയും വിട്ടു പോയതെന്തിനായിരുന്നു. ആരോടും ചോദിക്കാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അതെന്റെ ഉള്ളിലെവിടേയോ
സൂക്ഷിച്ചു.
അമ്മയേ സ്വന്തമാക്കാന്‍ ആരൊക്കെയോ പിന്നേയും വന്നു കൊണ്ടിരുന്നു. ആ ഉറപ്പുള്ള വാതിലും അകത്ത് അമ്മയുടെ കയ്യിലെ കൊടുവാളും ആവും ഞങ്ങളേ രക്ഷിച്ചു കൊണ്ടിരുന്നത്. ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ഞങ്ങളാ വീട് വിറ്റ് ദൂരേക്ക് പോയത്. എന്നെ ഹോസ്റ്റലില്‍ ആക്കി അമ്മ. അമ്മയ്ക്ക് ഒരു പ്രായമായ അച്ഛനേയും അമ്മയേയും നോക്കാനുള്ള ജോലി കിട്ടി. ആ വീട്ടില്‍ സുരക്ഷിതമായ് താമസിക്കാനുള്ള സൗകര്യവും കിട്ടിയതിന് ശേഷമാണ് അമ്മയുടെ മുഖത്തെ ആ പഴയ ചിരി ഞാന്‍ വീണ്ടും കണ്ടു തുടങ്ങിയത്.
ഒരുദിവസം അമ്മ പറഞ്ഞു. ഇനി അമ്മയേ സ്വന്തമാക്കാനായ് ആരും വരില്ലാ. ഇനി അമ്മയ്ക്ക് മനുവും മനുവിന് അമ്മയും സ്വന്തം. അങ്ങനേ മതിയെനിക്കും നമ്മള്‍ക്ക് നമ്മള് മാത്രം മതി സ്വന്തമായിട്ട്. ഞങ്ങളുടെ സ്വന്തമായിരുന്ന അച്ഛന് ഒരു അപകടത്തില്‍ മരിച്ചു പോയതാണെന്ന് ഇപ്പോഴെനിക്കും അറിയാം. ഹോസ്റ്റലിലെ എന്റെ മുറിയില്‍ അമ്മ തന്ന അച്ഛന്റെ ഒരു ഫോട്ടോ ഉണ്ട് ഞാനെന്നും ഉണരുമ്പോള്‍ കണികാണാനായ് സൂക്ഷിച്ചു വെച്ചിട്ട്. നല്ലപോലെ പഠിച്ച് ഒരു ജോലി നേടാനുള്ള പരിശ്രമത്തിലാണ് ഞാനിപ്പോള്‍.
എനിക്ക് എല്ലാത്തിനും കൂട്ടായ് എന്റെ സ്വന്തം അമ്മയും.

