മനം പോലെ മംഗല്യം
രചന: സുമയ്യ ബീഗം TA
എനിക്കു പ്രത്യേകിച്ച് ഡിമാൻഡ് ഒന്നും ഇല്ല ഐശ്വര്യ റായിയുടെ കണ്ണും കാജോളിന്റെ ചിരിയും പഴയ സുഹാസിനിയുടെ മൂക്കും മോനിഷയുടെ അത്ര മുടിയും ഒക്കെ മതി കാര്യം ഞാൻ ഒരു ഫ്രീക്കൻ ആണെങ്കിലും എന്തോ എനിക്കു നാടൻ പെണ്കുട്ടികളോടാണ് താല്പര്യം. എന്തേ ഇതൊക്കെ എന്നെപോലെ സുമുഖനും സൽസ്വഭാവിയും സമ്പന്നനുമായ ഒരു ചെക്കന് എളുപ്പം നേടിയെടുക്കാവുന്ന ചെറിയ ആഗ്രഹം അല്ലേ ?എന്തു പറയുന്നു ചേച്ചീസ് ?
എന്തുപറയാനാണ് മോനെ ഇതിൽ ഏതെങ്കിലും ഒന്ന് നിന്റെ അളിയൻ പെണ്ണുകാണാൻ വന്നപ്പോൾ നോക്കിയിരുന്നെങ്കിൽ ഞാൻ ഇപ്പോളും ഇവിടെ തന്നെ കണ്ടേനെ.
അയ്യേ ചേച്ചിയെപ്പോലുള്ള ചീള് കേസുകളുമായി എന്നെ താരതമ്യപ്പെടുത്തരുത്. അളിയൻ അങ്ങേരൊരു പാചകക്കാരൻ ഞാൻ അതുപോലാണോ ?എനിക്ക് വിദ്യാഭ്യാസം ഉണ്ട് പിന്നെ അളിയനില്ലാത്ത ഒന്ന് ഗ്ലാമർ അതെനിക്ക് ഇഷ്ടം പോലെ
പോടാ ചൊറിത്തവളെ, പാചകക്കാരൻ നിന്റെ വല്യച്ഛൻ. എന്റെ കെട്യോന് ഒരു ഹോട്ടലും അതുകൂടാതെ കാറ്ററിംഗ് ഉണ്ട്. നിനക്ക് എന്നതാടാ ഇത്ര കാര്യമായിട്ട് ഉള്ളത്.
അങ്ങേയറ്റം ഒരു വിനീത് ശ്രീനിവാസൻ എന്നു പറയാം ഗ്ലാമറിന്റ കാര്യത്തിലും പൊക്കത്തിലും. നിറം കുറുപ്പല്ല വെളുപ്പും അല്ല ഇരുനിറത്തിൽ താഴെ. പിന്നെ മുള്ളൻ പന്നിയുടെ മുള്ളു പോലെ തലമുടി. മമ്മൂട്ടി പോലിരിക്കുന്ന എന്റെ കെട്യോന്റെ അടുത്ത് നീ വെറും മാമുക്കോയ. ആ നിനക്ക് ഐശ്വര്യ റായിയെ കിട്ടും വായും പൊളിച്ചിരുന്നോ.
അതേടി എല്ലാ പെങ്ങമ്മാരുടെയും കല്യാണം കഴിഞ്ഞാൽ ഉള്ള വിചാരം ആങ്ങളമാർ ഊളകളും കെട്ടിയോന്മാർ മിടുക്കന്മാരും ആണെന്നു…
എന്റെ കർത്താവെ രാവിലെ തുടങ്ങിയോ ?നീ എന്തിനാടി സൂസിക്കുട്ടി ഇത്ര രാവിലെ വന്നത് ഉച്ചകഴിഞ്ഞുപോരാരുന്നോ ?അത്രേം തലയ്ക്കു സ്വസ്ഥത കിട്ടിയേനെ.
അമ്മച്ചി ഇത് തന്നെ പറയണം. എന്റെ ട്രീസമ്മേ നിങ്ങൾ ഒറ്റ ഒരാളാണ് ഈ പൊന്നുമോനെ ഇത്രക്ക് പന്നൻ ആക്കിയത്.ഒരുകൊല്ലം കൊണ്ടു അമ്പതു വീട്ടിൽ എങ്കിലും ഇവൻ പെണ്ണുകാണാൻ പോയിട്ടുണ്ട്. എന്നിട്ട് ഒന്നിനെ എങ്കിലും ഇവന് ബോധിച്ചോ ?നിറമില്ല, മുടിയില്ല, ജോലിയില്ല. ഓരോന്നിനും ഓരോ കുറ്റം. അതൊക്കെ കേട്ടു ഇവനൊപ്പം തുള്ളാൻ നിങ്ങളും. അപ്പനും അമ്മയും ആണ് പോലും. ഇന്ന് ഞാൻ കൊണ്ടു വന്ന ഈ ആലോചന നല്ല ഓന്നാംതരമാ എന്തേലും മുടക്കു ഇതിനും പറഞ്ഞാൽ കർത്താവുസത്യം നീ ഇങ്ങനെ കെട്ടാതെ മൂത്തു നരച്ചു നിന്നുപോകും നോക്കിക്കോ ?
അമ്മച്ചി ഈ മ റുതയോടു പ്രാകരുതു എന്നുപറയോ കരിനാക്കാണ്, എനിക്കിട്ടു പണി കിട്ടും.
സൂസിമോൾ പറഞ്ഞതിലും കാര്യമുണ്ട് ഇനി നീ എന്തേലും മുട്ടാപ്പോക്കു പറഞ്ഞാൽ ഞങ്ങളും ഈ പെണ്ണാലോചന ഇവിടം കൊണ്ടു നിർത്തും. അമ്മച്ചിയും ഓവർ ഹീറ്റ് ആണല്ലോ.
പതിനൊന്നു മണിക്ക് പെണ്ണിന്റെ വീടിന്റെ മുറ്റത്തു കാർ നിർത്തുമ്പോൾ സൂസിമോൾ അനിയൻ ജിമ്മിച്ചനെ ഒന്ന് നോക്കി. എല്ലാം ഇപ്പോൾ ശരിയാക്കാം എന്നമട്ടിൽ ജിമ്മി ഒരു വളിച്ച ചിരി ചിരിച്ചു. കൊഞ്ഞനം കുത്തി ഇറങ്ങിയ ചേച്ചിക്കും അമ്മച്ചിക്കും പിന്നിലായി ഡോർ തുറന്നു ഇറങ്ങുമ്പോൾ ഭാവി അമ്മായിച്ഛൻ സ്വീകരിക്കാൻ എത്തി. എവിടെയോ കണ്ടു മറന്ന മുഖം. ആൾ ഗ്ലാമറാണ്. കട്ടിമീശയും കണ്ണാടിയും ആറടി പൊക്കവും ഒക്കെയായി ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈൽ. പുടിച്ചിരിക്കുന്നു ഇഷ്ടായി അപ്പൻ കിടുക്കി അപ്പോൾ മകള് കിടുകിടുക്കും. വല്ലാത്തൊരു സന്തോഷത്തോടെ സെറ്റിയിൽ ചാരി ഇരുന്നു. പരിചയപ്പെടുമ്പോൾ ഭാവി അമ്മായിയമ്മയെ കണ്ടു. സൂപ്പർ ആകാശദൂതിലെ മാധവിയെപോലെ. മുടി അതിലും ഉണ്ട് സമാദാനം. ഈശോയെ മോൾ തകർക്കും. ഈ അപ്പന്റെയും അമ്മച്ചിയുടേം പ്രൊഡക്ഷൻ അല്ലേ മോശമാവില്ല ഒട്ടും മോശമാവില്ല.
കല്യാണത്തിന് സ്യൂട്ട് ഇടണോ അതോ അമ്മായിഅപ്പനെപോലെ ജുബ്ബയും മുണ്ടും ഒക്കെ ഇട്ടു ഒരു അച്ചായൻ സ്റ്റൈൽ മതിയോ ?മമ്മൂട്ടി ഫാൻ ആയതുകൊണ്ട് രണ്ടും ഇഷ്ടം മൂപ്പർക്ക് എല്ലാം ഓക്കേ ആണല്ലോ ?എനിക്കും ചേരാതിരിക്കില്ല. ചേച്ചി പറഞ്ഞപോലെ വിനീത് ശ്രീനിവാസൻ അല്ല എന്നുറപ്പാണ്. അവൾക്കു കുശുമ്പ് അത്ര തന്നെ. ഫോണിൽ ഫ്രണ്ട് ക്യാമറയിൽ നോക്കി ഒന്നുകൂടി ഉറപ്പ് വരുത്തി. അപ്പോഴാണ് അമ്മായിയച്ഛന്റെ ആജ്ഞാപനം മോളെ ഇങ്ങുവരൂ.
സെറ്റിയിൽ ഒന്നൂടെ ചാരി മെല്ലെ തല ഉയർത്തിനോക്കവെ മെറൂൺ കളർ നെറ്റ് തുണിയിൽ അടിപൊളി ഒരു ഗൗൺ ഇട്ടു കഥാനായിക എന്റെ ഹീറോയിൻ മാസ്സ് എൻട്രി.
ഫാഷൻ ടിവിയിലെ ചേച്ചിമാരേക്കാൾ സൂപ്പർ പൂച്ചനടത്തം, ബോളിവുഡ് നടിമാരെപോലെ നല്ല ബോഡി ഷേപ്പ്. അല്ലേലും കെട്ടുന്നെങ്കിൽ അത് നല്ല ബോഡി ഷേപ്പ് ഉള്ള പെണ്ണിനെ വേണമെന്ന് വല്യ ആഗ്രഹം ആയിരുന്നു. ചില പെമ്പിള്ളേർ ഉണ്ട് മുഖം ഭംഗി ആയിരിക്കും പക്ഷേ മൊത്തത്തിൽ ഫുട്ബോൾ പോലിരിക്കും. പെണ്ണ് സ്ലിം ആണെങ്കിൽ ഏതു ഡ്രെസ്സും ഇടാം ഇല്ലേൽ കല്യാണം കഴിഞ്ഞു വിരുന്നു കഴിയുമ്പോൾ ആന പോലാകും ഒരു പ്രസവം കൂടി കഴിഞ്ഞാൽ ശരിക്കും അമ്മച്ചി. പിന്നെ പള്ളിലച്ചന്റെ ളോഹ പോലത്തെ എന്തേലും ചുരിദാർ മാത്രേ പറ്റൂ.
ഇത്ര ഒക്കെ ആലോചിച്ചപ്പോൾ കൊച്ചു അടുത്തെത്തി, മുമ്പിലേക്ക് നീട്ടിയ ട്രേയിൽ പൈനാപ്പിൾ ജ്യൂസ്. നന്നായി ചായ ഒത്തിരി വീട്ടിൽ നിന്നും കുടിച്ചു മടുത്തു. ദോഷം പറയരുതല്ലോ എല്ലായിടത്തും നല്ല ചായ ആയിരുന്നു ഒന്നിനൊന്നു മെച്ചം പക്ഷേ ചായയെ ഇഷ്ടപ്പെട്ടുള്ളു അതുമാത്രം.
ഒരു ഗ്ലാസ് എടുത്തു സ്റ്റൈലിൽ ചിരിച്ചു മുഖം ഉയർത്തിയപ്പോൾ കർത്താവെ എന്നു വിളിച്ചത് ഇത്തിരി ഉറക്കെ ആയിപോയി. ജ്യൂസ് തന്ന ആളും അമ്പരന്നു നിൽക്കുന്നു. അപ്പുറത്തിരുന്ന സൂസിച്ചേച്ചിയാണ് ആ ഷോക്ക് സീൻ ഒന്ന് ബ്രേക്ക് ചെയ്തത്. ഡാ ജിമ്മി ഇത് ആൻ മരിയ അല്ലേ നിന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച ആൻ. ഞാൻ സർവം തകർന്ന മട്ടിൽ ചേച്ചിയെ ഒന്നുനോക്കി ചേച്ചി ഭയങ്കര സന്തോഷത്തിലാണ് പിച്ചക്കാരിക്ക് ലോട്ടറി അടിച്ചപോലെ . പിന്നെ ബാക്കി ഉള്ളവർക്ക് ചേച്ചി വിസ്തരിച്ചു കൊടുത്തു .
ഇനി ഇപ്പോൾ എളുപ്പം ആയല്ലോ ?രണ്ടുപേരും വല്യ കൂട്ടുകാർ അല്ലാരുന്നോ ?അമ്മായിഅച്ചൻ. ഇപ്പോൾ അങ്ങേരെ നോക്കുമ്പോൾ മമ്മൂട്ടി പോയി, കീരിക്കാടൻ ജോസ് ചിരിക്കുന്ന പോലെ. അമ്മായി അമ്മ മാധവി അല്ല മൂധേവി വേണ്ട അവരെ അങ്ങനെ വിളിക്കണ്ട. എന്തായാലും അവരെ നോക്കിയപ്പോളും ആദ്യം തോന്നിയ ഗ്ലാമർ ഒന്നും ഇപ്പോൾ ഇല്ല.
എല്ലാരും കൂടി ഞങ്ങൾ രണ്ടുപേരെയും സംസാരിക്കാനായി റൂമിലോട്ടു തനിച്ചു വിട്ടത് എന്തിനു എന്നറിയില്ല. അവളോട് മൂന്നുകൊല്ലം മിണ്ടി മിണ്ടി ഞാൻ മടുത്തതല്ലേ മാതാവേ !എല്ലാ സ്വപ്നങ്ങളും തകർന്നല്ലോ !ഇപ്പോൾ മനസിലായി ഭൂമി ഉരുണ്ടതാണെന്നു അല്ലേ എത്ര ഇടത്തു പോയതാ ലാസ്റ്റ് ഇവിടെ തന്നെ കൃത്യം എത്തിയല്ലോ.
ചമ്മൽ നല്ല പോലുണ്ട് നീർക്കോലി എന്നായിരുന്നു കോളേജിൽ ഇവടെ ഇരട്ടപ്പേര് ഞാൻ തന്നെ ഇട്ടു കൊടുത്തതാ. ചേരാത്ത ചുരിദാറും വലിച്ചുകേറ്റി ഇച്ചിരി ഉള്ള മുടി കുതിര വാലുപോലെ കെട്ടി തുള്ളി തുള്ളി വരുന്ന ഇവളെ ഞാൻ കൂട്ടുകാരിയാക്കിയത് ഇവൾ നന്നായി പഠിക്കുകയും എല്ലാ പിള്ളേരോടും നല്ല കമ്പനിയും ആയതുകൊണ്ട് മാത്രമാണ്. എനിക്കു തോന്നുന്നത് എനിക്കു വേണ്ടി തന്നെ മൂന്നു വർഷങ്ങളിലായിപത്തുപെമ്പിള്ളേരൊടെങ്കിലും ഇവൾ ചെന്ന് എനിക്കിഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഏഴെണ്ണം ഓൺ ദി സ്പോട് റിജെക്ട് ചെയ്‌തെങ്കിലും മൂന്നെണ്ണം ഓക്കേ ആയി.സീരിയസ് പ്രേമം ഒന്നും അല്ല കാണുമ്പോൾ ഒരു ചിരി നോട്ടം അത്രേ ഒക്കെ ഉള്ളൂ. ഫസ്റ്റ് ഇയറിലെ പെണ്ണിനെ സെക്കന്റ് ഇയർ എത്തിയപ്പോൾ പുതുതായി വന്ന ചുന്ദരിയെ കണ്ടു ഞാൻ നൈസ് ആയിട്ട് ഒഴിവാക്കി. മറ്റവളുമാര് രണ്ടും എന്നെയും തേച്ചിട്ട് പോയി. ഈ മൂന്നു പ്രണയ നാടകത്തിലും ഹംസം ആയിരുന്ന ഇവളെ തന്നെ ഈശോയെ അവസാനം നീ എന്റെ മുമ്പിൽ കൊണ്ടു വന്നു നിർത്തിയല്ലോ ?,വിധി !
ഡാ ജിമ്മി എന്താടാ ഒരു വാട്ടം ?ആൻ തുടങ്ങി.
അതുപിന്നെ ആൻ…
എനിക്കറിയാം ഞാൻ ആയിരുന്നു എന്ന് അറിഞ്ഞെങ്കിൽ നീ വരില്ലായിരുന്നു അല്ലേ. എനിക്കും അബദ്ധം പറ്റിയതാണ്. ചെക്കന് ഒരു പെണ്ണിനേയും ബോധിക്കുന്നില്ല അതുകൊണ്ട് ഫോട്ടോ കാണിക്കുന്നില്ല നേരിൽ വന്നു കണ്ടോളാം എന്ന് നിന്റെ ചേച്ചിയാണ് ബ്രോക്കറോട് പറഞ്ഞത്. ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചതുകൊണ്ടു ഇവിടാണ് എന്റെ വീടെന്നു നിനക്കും അറിയില്ലാരുന്നല്ലോ.ഫേസ്ബുക്കിൽ നിന്റെ പ്രൊഫൈൽ തപ്പി ഞാൻ റിക്വസ്റ്റ് അയച്ചാരുന്നു പക്ഷെ നീ അക്‌സെപ്റ് ചെയ്തില്ല. അല്ലേലും പണ്ടും ലൈൻ സെറ്റ് അപ്പ് ആക്കാനും അസ്സൈന്മെന്റ് എഴുതിപ്പിക്കാനും മാത്രം ആയിരുന്നല്ലോ നിനക്ക് എന്റെ ഫ്രണ്ട് ഷിപ്.
അതൊക്കെ പോട്ടെ എന്തുണ്ട് വിശേഷങ്ങൾ ? ഞാൻ ഡിഗ്രി കഴിഞ്ഞു എം. ബി. എ എടുത്തു.ഇത്രനാളും മുംബയിൽ ആയിരുന്നു. നീ എന്താ ഒന്നും മിണ്ടാത്തത്.
ഇല്ല ആൻ, പെട്ടന്ന് നിന്നെ കണ്ടപ്പോൾ ഞാൻ ഒരു ഷോക്കിലാണ്.എന്താ പറയേണ്ടത് എന്ന് എനിക്കു അറിയില്ല. അപ്പോൾ ശെരിയെടി ഇടയ്ക്കു വിളിക്കാം ഇറങ്ങട്ടെ.
ഭാവി അമ്മായിഅച്ഛനോടും അമ്മായിഅമ്മയോടും യാത്ര പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ സ്ഥലം കാലിയാക്കി. വീട്ടിൽ അമ്മച്ചിയും സൂസിച്ചേച്ചിയും ഒരുപോലെ നിന്ന് പൊരുതിയിട്ടും ഞാൻ പച്ചക്കൊടി കാണിച്ചില്ല. അവസാനം ചേച്ചി കാലുപിടിച്ചു.
എന്റെ ജിമ്മിച്ച എന്റെ മക്കൾ സത്യം ഞാൻ അറിഞ്ഞില്ല ഇത് നിന്റെ കൂട്ടുകാരി ആൻ ആണെന്ന്. ആണെങ്കിൽ ഞാൻ പറയില്ലാരുന്നോ ?പിന്നെ ഡാ പണ്ട് നിന്റെ കൂടെ നടന്നപ്പോൾ കണ്ട പോലൊന്നും അല്ലാലോ പെണ്ണ് സൂപ്പറായി. നീ പ്ലസ് ടു കഴിഞ്ഞു ഐ റ്റി ഐ എന്നൊക്കെ പറഞ്ഞു രണ്ടുകൊല്ലം കളഞ്ഞില്ലേ, എന്നിട്ടല്ലേ ഡിഗ്രിക്ക് ചേർന്നത് അപ്പോൾ അവളു നിന്നെക്കാൾ എളപ്പമാണല്ലോ. പിന്നെന്നാ ?
അതിപ്പോ നന്നയല്ലേ ഉള്ളൂ. എനിക്കിഷ്ടായി നല്ല കൊച്ച് വീട്ടുകാരാണെൽ അതിലും കൊള്ളാം. ഞാൻ അങ്ങ് ഉറപ്പിച്ചു. അമ്മച്ചി പറയുന്നത് മോൻ കേക്കണം. അമ്മച്ചി ഇത്തവണ കെട്ടിച്ചേ അടങ്ങു എന്ന വാശിയിലാണ്.
ഇല്ല ഇല്ല ഇല്ല ഒറ്റത്തടിയായി ജീവിച്ചോളാം എന്നാലും അവളെ വേണ്ടാ ഞാൻ ഉറപ്പിച്ചു പറഞ്ഞു രണ്ടുപേരോടും മൊബൈൽ എടുത്തു ബ്രോക്കറേയും വിളിച്ചു പറഞ്ഞു.
മാസങ്ങൾ പലതും കഴിഞ്ഞു.
വീട്ടിൽ ഇപ്പോൾ പഴയ പോലെ കല്യാണാലോചന ബഹളങ്ങൾ ഒന്നുമില്ല. അഞ്ചാറെണ്ണം വന്നത് ഞാനും മൈൻഡ് ചെയ്തില്ല എന്തോ അതിൽ പിന്നെ എല്ലാ മൂഡും പോയി.
അങ്ങനിരിക്കുമ്പോ ആണ് ജോസ് ജേക്കബിന്റെ കല്യാണം വരുന്നത് കൂടെ പഠിച്ചതാണ് നാട്ടിൽ കൂടെ പഠിച്ചവർ മിക്കവരും ഉണ്ട് അന്ന് എല്ലാരും കൂടി കൂടാൻ പ്ലാൻ ചെയ്തു . കല്യാണത്തിന്റെ അന്ന് സെബിനുമായി കത്തി വെക്കുമ്പോൾ ആണ് മറ്റു രണ്ടു കൂട്ടുകാരികളുടെ കൂടെ ആൻ വരുന്നത്. പീച്ചു കളർ ലോങ്ങ് സ്കർട്ടും ഗോൾഡൻ ടോപ്പും മുടി വിടർത്തിയിട്ടു മുല്ലപ്പൂ ചൂടിയിട്ടുണ്ട് എന്താ പറയുക ആര് കണ്ടാലും ഒന്ന് നോക്കും. ഇപ്പോൾ അവളെ കണ്ടാൽ ഒരു അച്ചായത്തി പെണ്ണാണെന്ന് തോന്നില്ല നല്ല നാടൻ പെണ്ണ്.
എന്നെ കണ്ടതും അവൾ ചെറുതായി ചിരിച്ചു ഒരു വിളറിയ ചിരി അങ്ങോട്ടും കൊടുത്തു.പിന്നെ എല്ലരും കൂടി വർത്തമാനവും ചിരിയും ബഹളവും ആയിരുന്നു. ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും ഞാൻ നോട്ടം മാറ്റി. പെണ്ണുകാണാൻ പോയതൊന്നും അവൾ ആരോടും പറഞ്ഞിട്ടില്ല. അത്രേം ഭാഗ്യം.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ സെബിൻ എന്റെ ചെവിയിൽ പറഞ്ഞു ഡാ നീർക്കോലി മുടിഞ്ഞ ഗ്ലാമർ ആയല്ലൊന്നു.
ഞാൻ ഒന്ന് മൂളി ഒന്നും മിണ്ടിയില്ല പണ്ട് ഇവളും ഞാനും എപ്പോഴും സംസാരിക്കുന്നതു കണ്ടു ഈ തെണ്ടി, നീർക്കോലി നിന്റെ ലൈൻ ആണെന്ന് പറഞ്ഞു കളിയാക്കുകയും അതിന്റെ പേരിൽ ഞാൻ ഒന്ന് പൊട്ടിക്കുകയും ചെയ്തതാണ്. ഇവളെ ഒക്കെ ആരെങ്കിലും പ്രേമിക്കുവോട ചെറ്റേ എന്നും കൂടി പറഞ്ഞിട്ടുണ്ട് അവളെ തന്നെ ഞാൻ പെണ്ണുകാണാൻ പോയി എന്നു ഇവന്മാർ ആരേലും അറിഞ്ഞാൽ തീർന്നു അതുമതി ഇന്ന് എല്ലാം കൂടി പൊങ്കാല ഇടും.
ഭക്ഷണം കഴിഞ്ഞു പിരിയാൻ നേരമാണ് സുബിൻ ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞു മാറ്റിനിർത്തിയത്. സുബിൻ ഞങ്ങടെ ഗാങ്ങിൽ തന്നെ ഉള്ളതാ ഇപ്പോൾ ദുബായിൽ ഒരു കമ്പനി മാനേജർ.
ഡാ ജിമ്മിച്ചാ, നീ ഒരു ഉപകാരം ചെയ്യണം. വീട്ടിൽ കല്യാണാലോചന നടക്കുന്നുണ്ട്. എന്തോ ഒന്നും അങ്ങ് ശെരിയാവുന്നില്ല കുറെ നാൾ കൂടി ഇന്ന് ആന്മരിയയെ കണ്ടപ്പോൾ എന്ന പിന്നെ ഇത് നോക്കിയാലോ എന്നു തോന്നുന്നു നിങ്ങൾ ഭയങ്കര കമ്പനി അല്ലാരുന്നോ നീ അവളോട് ഒന്ന് അവതരിപ്പിക്കണം പ്ലീസ്. അവടെ മനസ്സറിഞ്ഞിട്ടു ഞാൻ വീട്ടുകാരുമായി ചെല്ലാം.
എല്ലാരും യാത്ര പറഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ആനിനോട് പതിയെ അവതരിപ്പിച്ചു. എന്റെ സൗണ്ട് എനിക്കു തന്നെ അപരിചതമായി തോന്നി. മുഖത്തു നോക്കാതെ കാര്യം പറഞ്ഞെന്നു വരുത്തി മറുപടിക്ക് കാക്കവേ ആൻ സംസാരിച്ചു തുടങ്ങി.
ജിമ്മിച്ചാ, കോളേജിൽ വെച്ചു നമ്മൾ നല്ല കൂട്ടുകാർ ആയിരുന്നു. എന്നിട്ട് വർഷങ്ങൾ കൂടി അന്ന് വീട്ടിൽ വെച്ചു കണ്ടപ്പോൾ ജിമ്മിച്ചന് എന്നോടൊന്നും ചോദിക്കാൻ ഇല്ലാരുന്നു അങ്ങനെ ഒരു സാഹചര്യത്തിൽ കാണേണ്ടി വന്നതിന്റെ ദേഷ്യം മാത്രം ആയിരിന്നു . എന്നാലും ജിമ്മിച്ചാ ഞാൻ എത്ര സന്തോഷിച്ചെന്നോ ?ഓരോ തവണ വന്നു ഓരോരുത്തരെ ഇഷ്ടമാണെന്നു ജിമ്മിച്ചൻ പറയുമ്പോൾ ആദ്യം തൊട്ടേ എന്റെ മനസ്സിൽ ഒരാൾ ഉണ്ടായിരുന്നു. എനിക്കെന്തു ഇഷ്ടം ആയിരുന്നെന്നോ നിന്നെ. പക്ഷെ സുന്ദരിമാരെ തേടി നടക്കുന്ന നിനക്ക് ഈ നീർക്കോലി പെണ്ണിനെ എങ്ങനെ സ്നേഹിക്കാൻ പറ്റും. എന്നിട്ടും അന്ന് പെണ്ണുകാണാൻ വന്നപ്പോൾ അമ്മച്ചിയും സൂസിച്ചേച്ചിയും എന്നെ ചേർത്തുപിടിച്ചപ്പോൾ ഞാൻ വെറുതെ വീണ്ടും കൊതിച്ചു . എന്റെ മനസ്സ് നീ ഇപ്പോൾ ഏങ്കിലും അറിയുമെന്ന് ആഗ്രഹിച്ചു. തെറ്റായി പോയി. പക്ഷേ പിറ്റേന്നു ബ്രോക്കർ വിളിച്ചു പറഞ്ഞപ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി. ഇപ്പോൾ ഇതൊക്കെ ഞാൻ ജിമ്മിച്ചനോട് പറയുന്നത് നിന്നെ ഒത്തിരി സ്നേഹിച്ചിട്ടു നിന്റെ കൂട്ടുകാരന്റെ ഭാര്യയായി നിന്റെ മുമ്പിൽ ജീവിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് സുബിനോട് എന്റെ കല്യാണം ഉറപ്പിച്ചു എന്ന് കള്ളം പറയണം. എനിക്കു നിരാശ ഒന്നുമില്ല എനിക്കും ഒരാൾ വരും. അതൊക്കെ അങ്ങനെ തന്നെയാണല്ലോ എല്ലാ വൺ വേ ലവ് സ്റ്റോറിയുടെയും ക്ലൈമാക്സ്.
ഇത്രയും പറഞ്ഞു അവൾ മായയുടേം സഫ്നയുടേം കൂടെ നടന്നു മറഞ്ഞപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
അന്നുരാത്രി മൊത്തം മനസ്സിൽ അവൾ മാത്രം ആയിരുന്നു പലപ്പോഴും ക്ലാസ്‌റൂമിൽ എന്നെ തന്നെ നോക്കി ഇരിക്കുന്ന അവളെ കണ്ടിട്ടുണ്ട്, പലരാത്രികൾ എനിക്കായി ഉറക്കം കളഞ്ഞവൾ ഇരുന്നു അസൈൻമെന്റ് എഴുതി തന്നിട്ടുണ്ട്, ഞാൻ വായിൽ നോക്കിയ പെമ്പിള്ളേരുടെ പിറകെ എനിക്കു സപ്പോർട്ട് പറഞ്ഞുപോയി ചീത്ത കേട്ടിട്ടുണ്ട്. എന്നിട്ടും എനിക്കു അവളോട് ഒന്നും തോന്നിയിട്ടില്ല. പക്ഷേ ഇപ്പോൾ ഇത്രയും നാൾ എന്റെ എല്ലാ കുരുത്തക്കേടുകളും അറിഞ്ഞിട്ടും അവൾ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എന്തോ മനസ്സിനൊരു ചാഞ്ചല്യം. പോരാത്തതിന് അമ്മച്ചിക്കും ചേച്ചിക്കും നന്നായി ഇഷ്ടപെട്ട പെണ്ണാണ്.
പിറ്റേന്ന് സൂസി ചേച്ചിയുടെ കാലുപിടിച്ചു അവടെ വീട്ടിലെ നമ്പർ വാങ്ങി ഡയൽ ചെയ്തു. ഫോൺ എടുത്തത് ഭാഗ്യത്തിന് അവൾ ആണ്.
ആൻ അല്ലേ ഞാൻ ആണ് കേട്ടോ ജിമ്മിച്ചൻ. സുബിനോട് ഞാൻ പറഞ്ഞു നിന്റെ കല്യാണം ഉറപ്പിച്ചു എന്ന്. പിന്നെ നിന്നെ കെട്ടുന്നത് ഈ ഞാൻ ആണെന്നും.
ജിമ്മിച്ചാ…
എന്റെ പൊന്നെ എതിരൊന്നും പറയല്ലേ ?,എന്നോട് നീ ക്ഷമിക്കടി ഒത്തിരി ദ്രോഹിച്ചു മാപ്പ്. എനിക്കിപ്പോൾ നിന്നെ ശരിക്കും ഇഷ്ടാടി.
പിന്നെ എല്ലാം പെട്ടന്നങ്ങു കഴിഞ്ഞു.
ആദ്യരാത്രിയിൽ അവളുടെ മുടിയിൽ തലോടി കവിളിൽ മുത്തുമ്പോൾ എനിക്കു തോന്നി ഇപ്പോൾ അവളെ കണ്ടാൽ ഐശ്വര്യ റായ് തോറ്റു പോകും എന്ന്.

