നാട്ടിലെ എല്ലാ വിശേഷങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അവൾ സാറാമ്മ ചേടത്തിയോടു പറയും…

കുത്തിത്തിരിപ്പ്

രചന: Josepheena Thomas

സാറാമ്മച്ചേടത്തിക്ക് ഇരിക്കപ്പൊറുതി ഇല്ല. തൊട്ടപ്പുറത്തെ വീട്ടിലെ നാരായണൻ
നായരുടെ മകൻ ഉണ്ണികൃഷ്ണന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായി. നായര് തന്റെ ഒരേയൊരു മകന്റെ വിവാഹം വളരെ കേമമായിത്തന്നെ നടത്തി. സ്വതവേ അസൂയക്കാരിയായ സാറാമ്മച്ചേടത്തിക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇതിൽ കൂടുതൽ പിന്നെന്തു വേണം.? ഒരേയൊരു മകനുള്ളത് ദുബായിലാണ് കുടുംബ സമേതം. അവരുടെ ജോലിക്കാരി മീനാക്ഷിയാണെങ്കിലോ അവർക്കു ചേർന്നവൾ തന്നെ. സാറാമ്മച്ചേടത്തിക്കാണെങ്കിൽ കഴുത്തിനു ചുറ്റും നാക്കാ. മീനാക്ഷിയോ? ഒട്ടും മോശമല്ല. ആളിത്തിരി പെശകാ . എന്തൊക്കെയോ ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതു കൊണ്ട് കെട്ടിയോൻ ഇട്ടേച്ചു പോയി. ഒരു മോളുള്ളതിനെ കെട്ടിച്ചു വിട്ടു.

നാട്ടിലെ എല്ലാ വിശേഷങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അവൾ സാറാമ്മ ചേടത്തിയോടു പറയും. ഒരു ദിവസമെങ്കിലും മീനാക്ഷിയെ കണ്ടില്ലെങ്കിൽ ചേടത്തിക്കുറക്കം വരുകേല. ഒരു രഹസ്യം പറയട്ടെ, മീനാക്ഷിയ്ക്ക് ഒരിരട്ടപ്പേരുണ്ട്. “ചാനൽ മീനാക്ഷി ” ചിലർ “മഞ്ഞപ്പത്ര “മെന്നും വിളിക്കും.

എന്തായാലും നാരായണൻ നായരുടെ മകന്റെ കല്യാണം കഴിഞ്ഞേപ്പിന്നെ ചേടത്തിക്ക് യാതൊരു സ്വസ്ഥതയുമില്ല. അവിടെ വല്ല അനക്കവും കേൾക്കുന്നുണ്ടോ എന്നാണ് ഏതു നേരത്തും ശ്രദ്ധ. അവർക്കാകെയുള്ളയൊരു പ്രതീക്ഷ നായരുടെ കെട്ടിയവൾ സുഭദ്രയാണ് അവർ ആളിത്തിരി മുറ്റാ . ചേടത്തിയുടെ ഭാഷയിൽ പറഞ്ഞാൽ നാരായണൻ നായർ ഒരു പെൺ കോന്തൻ, നട്ടെല്ലില്ലാത്തവൻ. ഭാര്യയുടെ കീഴെ കിടക്കുന്നവൻ.

നായരുടെ മരുമകൾ മണിക്കുട്ടിയെ ഒറ്റയ്ക്കൊന്നു കിട്ടിയിരുന്നെങ്കിൽ എന്ന് അവർ പലപ്പോഴും ആശിച്ചു. സാറാമ്മച്ചേടത്തിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് സുഭദ്രാമ അതിനൊരവസരവും കൊടുക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുമായിരുന്നു. ഒരു ദിവസം നാരായണൻ നായരും

സുഭദ്രാമ്മയും കൂടി എവിടെയോ പോയ സമയം. ഇതു തന്നെ പറ്റിയ സമയം . സാറാമ്മച്ചേടത്തിയുടെ ചിന്തകൾക്കു ചിറകു മുളച്ചു. അവർ മതിലിനിപ്പുറത്തുനിന്ന് നീട്ടി വിളിച്ചു.

” മണിക്കുട്ടീ …….. മണിക്കുട്ടീ……”

” എന്നതാ സാറാമ്മച്ചേടത്തിയേ ” മണിക്കുട്ടി മതിലിന്റടുത്തേക്കിറങ്ങി വന്നു.

“മോളങ്ങു ക്ഷീണിച്ചു പോയല്ലോ. കെട്ടിക്കേറി വന്നപ്പം നല്ല മിടുക്കിയല്ലാരുന്നോ .”

” ഇപ്പഴും ഞാൻ നല്ല മിടുക്കിയല്ലേ ചേടത്തീ.” മണിക്കുട്ടി വിട്ടു കൊടുത്തില്ല.

” ഊം….. ഇപ്പം ദേണ്ടെ കണ്ണും കുഴിഞ്ഞ് നെറോം പോയി. ഇതെന്നാ കോലമാ കൊച്ചേ?”

“പിന്നേ…. ചേടത്തിക്കു വെറുതെ തോന്നുന്നതാ.എനിക്കൊരു ക്ഷീണോമില്ല. “

” അല്ലെടീ കൊച്ചേ…. ഞാനൊള്ളതാ പറഞ്ഞെ, “സാറാമ്മ ചേടത്തി ചുറ്റുപാടും ഒന്നു പരതി നോക്കി. ഇത്തിരി ശബ്ദം താഴ്ത്തി . “എടീ കൊച്ചേ……നിന്നെ സുഭദ്രാമ്മയ്ക്കു കാര്യമാണോടി . അവളേ ആളിത്തിരി കേമിയാ …. നീയിത്തിരി സൂക്ഷിച്ചൊക്കെ നിന്നൊ അവടെ സ്വഭാവം എപ്പഴാ മാറുന്നേന്നു പറയാൻ ഒക്കുകേല “

മണിക്കുട്ടിക്കു ചിരിവന്നു.

“നീ ചിരിച്ചോ. നിന്റെ കെട്ടിയോനെന്തിയേടീ കൊച്ചേ ? അവനു നിന്നെ ഇഷ്ടമാണോടീ?”

“അതെന്നാ ചേടത്തീ ?”

“ഓ …. ഒന്നുമില്ലെടി കൊച്ചേ “

” ചേടത്തി പറ ….ചേടത്തീ “

“ഹ.. ഒന്നുമില്ലെന്നു പറഞ്ഞില്ലേ ..”

ചേടത്തി അവളുടെ മുഖത്തേക്കു പാളി നോക്കി. ങാ… ഞാൻ പറയുകേലാരുന്നു. പക്ഷേങ്കില് നീ നിർബന്ധം പിടിച്ചാ ഞാനെന്നാ ചെയ്യും ?” ചേടത്തി കുറച്ചു കൂടി ശബ്ദം താഴ്ത്തി …. ” അവനില്ലേടീ നിന്റെ കെട്ടിയോൻ …..അവനേ …കല്യാണത്തിനു മുൻപ് ഒരു ബന്ധമുണ്ടാരുന്നു. ഞങ്ങടെ ആൾക്കാരാ… കൂടെ പഠിച്ചതാന്നോ മറ്റോ പറേന്ന കേട്ടു. “

“ഓ… ഡെയ്സിയാണോ ചേടത്തീ…അതെനിക്കറിയാം ചേടത്തീ…..ഉണ്ണിയേട്ടൻ എന്നോടു പറഞ്ഞിട്ടുണ്ട്. “

” അയ്യോടീ കൊച്ചേ…. അങ്ങേരിപ്പം വരുമെടീ ഞാനാക്കാര്യം മറന്നു. ” ജാള്യത മറയ്ക്കാൻ ചേടത്തി വൃഥാ ഒരു ശ്രമം നടത്തി നോക്കി.

ചേടത്തിയുടെ കുത്തിത്തിരിപ്പ് നടന്നില്ലല്ലോ എന്നോർത്ത് മണിക്കുട്ടിക്കു ചിരി നിയന്ത്രിക്കാൻ പറ്റിയില്ല.