സ്പർശം
രചന: Sangeetha K H
ഇന്ദു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. ആകെ വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ട് കുക്കൂ ക്ലോക്കിലെ പക്ഷി ചിലച്ചു…
പുലരാൻ ഇനിയും സമയം ഉണ്ട്. ഇന്നിനി ഉറക്കം പ്രതീക്ഷിക്കണ്ട. ഈ സമയം പതിവ് കുറ്റ വിചാരണയ്ക്കുള്ളതാണ്. തന്നിലെ 23 കാരി ആ പതിമൂന്നുകാരിയെ യുക്തിയുടെ മുൾമുനയിൽ നിർത്തി ചോദ്യ ശരങ്ങൾ ഉതിർക്കുന്ന സമയം.
അയാൾ നിന്റെ മാ റിൽ വിരലോടിച്ചപ്പോൾ ഒച്ച വെച്ചൂടായിരുന്നോ?
ഒരു കർട്ടന് അപ്പുറം അയാളുടെ ഭാര്യ ഉണ്ടായിരുന്നില്ലേ?
ഏറ്റവും കുറഞ്ഞത് ആ കൈ തട്ടാ മായിരുന്നില്ലേ?
സ്വയം നിർമ്മിത ആരോപണങ്ങൾ ഒരു കള്ളിമുൾചെടി പോലെ അവളുടെ ഹൃദയത്തിൽ ഉടക്കി വലിച്ചു . സ്വന്തം ചിന്തകൾ തന്നെ അവളുടെ മനസ്സിനെ വേവിക്കാൻ തുടങ്ങിയപ്പോൾ ഇന്ദു എഴുന്നേറ്റു..
അന്നത്തെ ദിനപത്രം ഓടിച്ചു നോക്കവേ ആണ് ആ വാർത്ത കണ്ണിൽ ഉടക്കിയത്. പോ ക്സോ കേസിൽ, ബോംബെ ഹൈ കോർട്ടിലെ വനിതാ ജഡ്ജിയുടെ വിധി പ്രഖ്യാപനം ആയിരുന്നു അന്നത്തെ പേപ്പറിലെ പ്രധാന വാർത്ത. തൊലി-തൊലിയോട് ഉരസിയാലേ പീ ഡനം നടന്നു എന്ന് പറയാൻ പറ്റുകയുള്ളത്രേ. ഈശ്വരാ !! സ്ത്രീ ആയിട്ടും അവർക്ക് ഒരു കുഞ്ഞിനോട് ആ നരാധമൻ ചെയ്തതിൽ ഒരു വിഷമവും തോന്നിയില്ലേ!!
എത്ര അവഹേളനം സഹിച്ചാവും ആ അമ്മയും കുഞ്ഞും കോടതിയെ സമീപിച്ചിട്ടുണ്ടാവുക. നീതി ദേവത യഥാർത്ഥത്തിൽ അന്ധ തന്നെ. പേപ്പർ വലിച്ചെറിഞ്ഞു അവൾ എഴുന്നേറ്റൂ.
എല്ലാ സ്ത്രീജനങ്ങളെയും പോലെ തന്റെ ദിവസത്തിന്റെ ആരംഭം അവൾ അടുക്കളയിൽ നിന്ന് തുടങ്ങി. ഇന്ന് അൽപ്പം നേരത്തെ ഇറങ്ങേണ്ടതുണ്ട്.അതിനാൽ 8 മണിക്കുള്ള ശിഖ മോൾ പിടിക്കണം.
ബസ്സിലെ തിക്കും തിരക്കും അവളെ ശ്വാസം മുട്ടിച്ചു.പിന്നിലേക്ക് ഇറങ്ങി നിൽക്കാനുള്ള കണ്ടക്ടറുടെ നിർദ്ദേശം അവഗണിച്ച് മുന്നിലേക്ക് തന്നെ നിന്നു..സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് എച്ച് എം വന്നത്.
” ഇന്ദു ടീച്ചറെ, ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്നൊരു കൗമാര ബോധവൽക്കരണ ക്ലാസ് എടുക്കേണ്ടതുണ്ട്. സൂസൻ ടീച്ചർ രാവിലെ ആണ് ലീവ് വിളിച്ചു പറഞ്ഞത്.ടീച്ചർക്ക് ഒന്ന് എടുക്കാമോ “
“അയ്യോ മാഡം, ഞാനോ.!?”
“ഓ കാര്യമായിട്ടൊന്നുമില്ല ടീച്ചറെ. ഇന്നത്തെ കാലത്ത് സ്വന്തം ശരീരം സൂക്ഷിക്കുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മതി. നമ്മുടെ കുട്ടികളെ അറിയാമല്ലോ അവർക്ക് അതൊന്നും പറഞ്ഞു കൊടുക്കാൻ ആരുമില്ലെന്നേ. അപ്പോൾ പറഞ്ഞതുപോലെ ലഞ്ച് ബ്രേക്ക് സമയത്ത് പെൺകുട്ടികളെ കമ്പ്യൂട്ടർ ലാബിലേക്ക് അയക്കാം.”
ക്ലാസ്സ് ചാർജ് ഇല്ലാത്തതു കൊണ്ട് ആദ്യ പിരിയഡ് ഫ്രീയാണ്. ഓർമ്മകൾ മലവെള്ളപ്പാച്ചിൽ എന്നപോലെ കുത്തി ഒഴുകുകയാണ്. എല്ലാവരും സാമർഥ്യമുള്ള, വകതിരിവുള്ള കുട്ടി എന്ന പട്ടം ചാർത്തി നൽകിയ തന്നിലെ ഇന്ദു മരിച്ച ദിവസം.
ആ ശപിക്കപ്പെട്ട ദിവസം.
വീടിനടുത്തുള്ള സ്റ്റുഡിയോയിൽ ചിറ്റയുടെ മോളും കളിക്കൂട്ടുകാരിയുമായ ലക്ഷ്മിയുമൊത്താണ് ഫോട്ടോ എടുക്കാൻ പോയത്. സ്കൂളിൽ അത്യാവശ്യമായി എത്തിക്കാൻ ടീച്ചർ വിളിച്ചു പറഞ്ഞത് കൊണ്ടാണ് അത്ര ധൃതിയിൽ പരിചയമുള്ള സ്റ്റുഡിയോയിൽ പോയത്. റിസെപ്ഷനിൽ അയാളുടെ അതിസുന്ദരിയായ ഭാര്യ , ലക്ഷ്മിയോട് വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അയാൾ ഫോട്ടോ എടുക്കാൻ ആരംഭിച്ചു. കട്ടിയുള്ള കർട്ടൻ വലിച്ചിട്ടു പെട്ടന്ന് ഒരു പാർട്ടീഷൻ ഉണ്ടാക്കി അവരിൽ നിന്ന് തന്റെ കാഴ്ച്ച മറച്ചു. പെട്ടെന്ന് ആയിരുന്നു ക്യാമറയിലൂടെ ഫോക്കസ് ചെയ്ത അയാൾ തനിക്കരി കിൽ എത്തിയത്. യൂണിഫോമിന്റെ കോളർ ശെരിയാക്കാൻ എന്ന മട്ടിൽ അയാൾ കാട്ടിക്കൂട്ടിയ പ്രവർത്തികൾ.. സപ്ത നാഡിയും തളർന്നു ജീവച്ഛവം പോലെ താൻ ഇരുന്നത്. ഒന്ന് അലറി വിളിക്കാനോ കൈ തട്ടാനോ കഴിയാതെ മരവിച്ചു പോയി.. ഏതാനും നിമിഷങ്ങൾ… പക്ഷേ ആ നിമിഷങ്ങൾ ഇന്നും ഒരു വേട്ട നായെ പോലെ തന്നെ പിന്തുടരുന്നു..ഒരു ഡോക്ടറുടെ കാബിനിൽ പോലും ഒറ്റയ്ക്ക് കേറാൻ ഭയം ആണ് ഇന്ന്.
” എന്താണ്? ടീച്ചർ വലിയ ആലോചനയിൽ ആണല്ലോ “?
വിവേക് സർ ആണ്.ശബ്ദത്തിന്റെ ഉടമയെ നോക്കാതെ തന്നെ അവൾ തിരിച്ചറിഞ്ഞു.
” അങ്ങനെയൊന്നുമില്ല “
ഒരു ഒഴുക്കൻ മറുപടിയോടെ അവൾ സാറിൽ നിന്ന് മുഖം തിരിച്ചു. സാറിന് തന്നോട് ഒരു പ്രത്യേക താല്പര്യം ഉള്ളത് കണ്ടില്ലെന്ന് നടിക്കുകയാണ്. പലപ്പോഴും വിചാരിക്കും ഇത്ര അവഗണന സർ അർഹിക്കുന്നില്ല എന്ന്. പക്ഷെ ആരെയും ഹൃദയത്തിലേക്ക് ചേർക്കാൻ കഴിയാത്ത വിധത്തിൽ ഹൃദയം കല്ലിച്ചു പോയ വ്യക്തിയാണ് താനെന്ന് ആർക്കും അറിയില്ല.തന്റെ ഉള്ളിലെ യുദ്ധം ആരോടും പറയാനും കഴിയുന്നില്ല.
തുടർന്നുള്ള പീരിയഡുകൾ ക്ലാസ് ഉണ്ടായിരുന്നതുകൊണ്ട് അവൾ ചിന്തകളിൽ നിന്നും മോചിതയായി. ഉച്ച ഭക്ഷണത്തിലുള്ള ബെൽ അടിച്ച തോടുകൂടി ഇന്ദുവിന്റെ പരിഭ്രമവും കൂടി. അല്പസമയത്തിനുശേഷം കുട്ടികൾക്ക് ക്ലാസ് എടുക്കണം..
ഭക്ഷണം കഴിഞ്ഞ് യാന്ത്രികം ആയിട്ടാണ് അവൾ ലാബിലേക്ക് ചെന്നത്. പെൺകുട്ടികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു.
പതിവുപോലെ കുട്ടികൾക്കു മുന്നിലെത്തിയപ്പോൾ നല്ലൊരു അധ്യാപിക ആയി അവൾ മാറി.. ബോർഡിൽ വലിയ അക്ഷരത്തിൽ NO എന്ന വാക്ക് അവൾ എഴുതി.
” പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ആദ്യം പഠിക്കേണ്ടത് ഇതാണ്.
“A BIG NO ” ..
നമ്മുടെ ശരീരത്തിൽ ആരെങ്കിലും തൊട്ടാൽഉറക്കെ, ദൃഢമായി, “NO” എന്നു പറയാൻ നാം പഠിക്കണം.
കഴിയുന്നത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അവിടെനിന്ന് ഓടി പോരണം”.
“നമ്മുടെ മാതാ പിതാക്കൾ, അധ്യാപകർ, ഗ്രാൻഡ് പേരെന്റ്സ് ഇങ്ങനെ ആരെങ്കിലും നിങ്ങൾക്ക് വിശ്വാസം ഉള്ള 5 പേർ എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം. അവരിൽ ആരോടെങ്കിലും ഈ വിവരം നിങ്ങൾ ഉടൻ തന്നെ നിർബന്ധമായും പറയണം.”
“ഓർമ്മിക്കുക ഇത്തരം സംഭവങ്ങൾ മൂടി വയ്ക്കുന്നത് നമ്മളെപ്പോലെ മറ്റൊരാൾക്ക് കൂടെ ദുരന്തം സംഭവിക്കാൻ നാം തന്നെ കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.”
NO — RUN — TELL
തുടർന്ന് ഗുഡ് ടച്ച് / ബാഡ് ടച്ച്, പ്രൈവറ്റ് പാർട്സ് തുടങ്ങിയ കാര്യങ്ങൾ അവൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചു. മോശമായ രീതിയിൽ ഉണ്ടാകുന്ന കാര്യങ്ങൾ ഉടൻ തന്നെ രക്ഷിതാക്കളെയോ , അധ്യാപകരെ യോ അറിയിക്കേണ്ട ആവശ്യകത അവരെ ബോധ്യപ്പെടുത്തി. ആ ർത്തവം, വ്യക്തി ശുചിത്വം,സൈബർ സുരക്ഷ തുടങ്ങിയ കാര്യങ്ങളും കൂടി ഉൾപ്പെടുത്തിയുള്ള ക്ലാസ് ഒരു മണിക്കൂർ നീണ്ടു.
പലർക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി കുട്ടികൾ പേര് എഴുതാതെ നൽകിയ കുറിപ്പുകൾ വെളിപ്പെടുത്തി. ക്ലാസ്സിൽ നിന്നും ലഭിച്ച വിവരങ്ങൾ H . M. നോട് ഡിസ്കസ് ചെയ്തപ്പോൾ P.T.A. മീറ്റിംഗിൽ ചർച്ച ചെയ്യാം എന്ന് ധാരണയായി.
മൂന്നു ദിവസങ്ങൾക്കുശേഷം സ്റ്റാഫ് റൂമിൽ തനിച്ച് ഇരിക്കുമ്പോഴാണ് ഒരു കുട്ടി തന്നെ നോക്കി പുറത്തു നിൽക്കുന്നത് അവൾ കണ്ടത്. അകത്തേക്ക് കടന്നു വരാൻ പറഞ്ഞു. ഓമനത്തം നിറഞ്ഞ മുഖത്ത് വിഷാദം നിഴലിച്ചു നിന്നു.
” എന്താ മോളെ, എന്താ വേണ്ടത് “
ഇന്ദുവിന്റെ ആർദ്രത നിറഞ്ഞ ശബ്ദം കേ ട്ടതും ആ കുട്ടി പൊട്ടിക്കരഞ്ഞു. സീറ്റിൽ നിന്ന് എഴുന്നേറ്റു അവൾ ആ പെൺകുട്ടിയെ ചേർത്തുപിടിച്ചു. കൈ കൊണ്ട് നിറുകയിൽ തലോടി മറുകൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു.
അശ്വതി എന്നാണ് അവളുടെ പേര്. അച്ഛൻ മരിച്ചതിനാൽ വലിയച്ഛന്റെ വീട്ടിൽ ആണ് ഇപ്പോൾ. വലിയ സൗകര്യമൊന്നും ഇല്ലാത്ത ആ വീട്ടിൽ കുട്ടികളെല്ലാവരും ഹാളിലാണ് കിടക്കുന്നതത്രേ. രാത്രി ആകുമ്പോൾ ഉറക്കത്തിൽ തന്റെ ദേഹമാകെ ഇഴയുന്ന കൈകൾ, അതാണ് പാവം കുട്ടിയുടെ കരച്ചിലിന് കാരണം. അമ്മ താമസിക്കുന്നത് ജോലിക്കു നിൽക്കുന്ന ഏതോ വീട്ടിലാണ്. അമ്മയോടോ, വലിയച്ഛന്റെ കുടുംബത്തിൽ ഉള്ളവരോടോ പറയാൻ കഴിയാതെ ഉരുകുകയാണ് പാവം.
” എനിക്ക് ജീവിക്കേണ്ട ടീച്ചറെ അച്ഛനുള്ളിടത്തേക്ക് എനിക്കും പോയാൽ മതി”
വർഷങ്ങൾക്ക് മുൻപ് ഉള്ള താനാണ് കരയുന്നതെന്ന് ഇന്ദുവിന് തോന്നി. ഇന്ദു ടീച്ചർ ഒരുതരത്തിൽ ആ കുട്ടിയെ ആശ്വസിപ്പിച്ചു. അവളോട് അമ്മയുടെ ഫോൺ നമ്പർ വാങ്ങിച്ചു. ആ നമ്പറിൽ വിളിച്ചു അമ്മയോട് നാളെ തന്നെ സ്കൂളിൽ എത്താൻ ആവശ്യപ്പെട്ടു. സ്കൂളിൽനിന്നുള്ള അപ്രതീക്ഷിത ഫോൺ വിളിയിൽ ആ സാധു സ്ത്രീ ഭയന്നുപോയി. ഒരു സ്കോളർഷിപ്പിന്റെ ഫോമിൽ ഒപ്പിടാൻ ആണെന്ന് ഒടുവിൽ ടീച്ചർക്ക് നുണ പറയേണ്ടി വന്നു.
പിറ്റേന്ന് കാലത്ത് അവളുടെ അമ്മ സ്കൂളിലെത്തി. പ്രധാനാധ്യാപികയെ കാര്യങ്ങളൊക്കെ ആദ്യം തന്നെ ബോധ്യപ്പെടുത്തിയിരുന്നു. ടീച്ചർ തന്നെ ഡീൽ ചെയ്താൽ മതി എന്ന് പറഞ്ഞു മാഡം തന്റെ റൂമിലേക്ക് പോയി. അവരുടെ ജീവിതസാഹചര്യങ്ങൾ എല്ലാം ഒരു സൗഹൃദ സംഭാഷണത്തിലൂടെ ടീച്ചർ ചോദിച്ചു മനസ്സിലാക്കി.
കുട്ടി ഇപ്പോൾ നേരിടുന്ന ശാരീരിക ചൂഷണം അമ്മയെ വളരെ സാവധാനത്തിൽ ബോധ്യപെടുത്തി. നിയമപരമായി പ്രശ്നം കൈകാര്യം ചെയ്യാനുള്ള പരിതസ്ഥിതിയിൽ അല്ല ആ പാവം. എത്ര ബുദ്ധിമുട്ട് സഹിച്ചാലും ഇനി കുട്ടിയെ തന്റെ കൂടെ നിർത്തുകയുള്ളു എന്ന് പറഞ്ഞ് ആ സ്ത്രീ കരഞ്ഞു. ഒരു തരത്തിൽ ആ അമ്മയെ സമാധാനിപ്പിച്ചു.
വളരെയധികം ചാരിതാർഥ്യത്തോടെ ആണ് അന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയത്. തന്റെ ഉള്ളിലെ പതിമൂന്നുകാരിയെ കുറ്റബോധത്തിന്റെ മുള്ളുകൾ നിറഞ്ഞ പുറന്തോടിൽ നിന്ന് അവൾ സ്വതന്ത്രമാക്കി.
പതിവു ഗൗരവത്തിൽ നിന്നും ഒരു ചെറുപുഞ്ചിരി അന്നാദ്യമായി തനിക്കെതിരെ വന്ന സാറിന് സമ്മാനിച്ചുകൊണ്ട് ഇന്ദു നടന്നു .
************************
ഇന്നത്തെ കാലത്ത് പീ ഡകർക്ക് ആൺ പെൺ ഭേദം ഇല്ല. നമ്മുടെ ആൺ കുട്ടികളും സുരക്ഷിതർ അല്ല. S ex education, adolescent awareness classes ഒക്കെ സ്കൂളുകളിൽ ഇന്ന് നടപ്പിലാക്കി വരുന്നു. എന്നിട്ടും പോ ക്സോ കേസുകളുടെ എണ്ണം കൂടിയെ വരുന്നുള്ളു. സ്കൂളുകളിൽ role play പോലുള്ള മാർഗങ്ങളിലൂടെ കുട്ടികളിൽ ഇത്തരം സന്ദർഭങ്ങളെ നേരിടാനുള്ള മനസ്സാന്നിധ്യം/ ആർജവം വളർത്തിയെടുക്കണം.
രണ്ടു വയസ്സ് മുതൽ അമ്മമാർ മക്കളെ ‘സ്പർശത്തിന്റെ അതിർവരമ്പുകൾ ‘ പഠിപ്പിക്കണം. എന്തും പറയാനുള്ള അടുപ്പം രക്ഷിതാക്കളോട് മക്കൾക്ക് നാം ഉണ്ടാക്കിയെടുക്കണം.
നമ്മുടെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൗമാരവും വർണാഭമാകട്ടെ.
അതിനായി നമുക്കേവർക്കും ഒരുമിക്കാം🤝

