ഒരിക്കൽ കൂടി
രചന: അപ്പു
::::::::::::::::::::::::::::
“ഇന്ന് ഞാൻ നിന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്, എന്റെ ശരീരത്തിന്റെ ദാ ഹം തീർക്കാൻ വേണ്ടിയാണ് എന്നാണോ നീ കരുതിയത്..? “
ഗൗരവത്തോടെ തന്നോട് ചോദിക്കുന്നവളോട് എന്തു മറുപടി പറയണമെന്നറിയാതെ അവൻ ഒരു നിമിഷം പകച്ചു.
” അല്ലാതെ പിന്നെ ഭർത്താവുള്ള നിനക്ക് കാമുകനായ എന്നെ കണ്ടിട്ട് എന്ത് കാര്യം ആണ്..? “
പരിഹാസത്തോടെ അവൻ ചോദിക്കുമ്പോൾ തന്റെ തൊലിയുരിഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി.അവൾ പുച്ഛത്തോടെ ചിരിച്ചു.
“കഷ്ടം.. നീ എന്നെ കുറിച്ച് ഇങ്ങനെ ആണോ കരുതി വച്ചിരിക്കുന്നത്..? ഒരിക്കൽ നിന്നെ സ്നേഹിച്ചു പോയത് ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..”
അവളുടെ വാക്കുകളിൽ നിറഞ്ഞ പുച്ഛം തന്നെ വല്ലാതെ വേദനിപ്പിക്കുന്നത് അവൻ അറിഞ്ഞു. അവന് ഒരു പതർച്ച ഉണ്ടായി.
” ഞാൻ എന്തിനാണ് നിന്നെ കാണാൻ ശ്രമിച്ചത് എന്നൊരു ചോദ്യം നിന്നിൽ അവശേഷിക്കുന്നത് എനിക്കറിയാം.. “
അവൾ പറഞ്ഞു തുടങ്ങി. അവൻ അവളുടെ വാക്കുകൾക്ക് കാതോർത്തു.
” ഈ ഭൂമിയിലെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.. ഇവിടെ നിന്ന് യാത്ര പറഞ്ഞു പോകുന്നതിനു മുൻപ് എന്റെ പ്രിയപ്പെട്ടവരെയൊക്കെ ഒരിക്കൽ കൂടി കാണാൻ വല്ലാത്തൊരു മോഹം..ആ ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇറങ്ങിത്തിരിച്ചത്.. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീ ആയിരുന്നല്ലോ.. അപ്പോൾ യാത്രയുടെ തുടക്കം നിന്നിൽ നിന്ന് ആവട്ടെ എന്ന് ഞാൻ കരുതി.. പക്ഷേ അത് ഇങ്ങനെ ഒരു ദുരന്തമായി മാറുമെന്ന് എനിക്കറിയില്ലായിരുന്നു.. “
വേദനയോടെ അവൾ പറഞ്ഞത് കേട്ട് അവനും സങ്കടം തോന്നി. അതിനേക്കാൾ ഉപരി അവൾ പറഞ്ഞ വാചകങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന അർത്ഥം തേടുകയായിരുന്നു അവൻ.
” നീ എന്താ ഉദ്ദേശിക്കുന്നത്..? നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്ന് പറഞ്ഞാൽ.. “
അവൻ വ്യഗ്രതയോടെ അന്വേഷിച്ചു.
” നമ്മൾ തമ്മിൽ പിരിഞ്ഞത് എങ്ങനെയാണെന്ന് നീ ഓർക്കുന്നുണ്ടോ..? “
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. ആ ചോദ്യത്തിനോടൊപ്പം അവർ ഇരുവരും പഴയകാലത്തിലേക്ക് ഒരു നിമിഷം യാത്ര ചെയ്തു.
കോളേജിൽ ഒന്നിച്ച് ജോയിൻ ചെയ്തവരാണ് അവർ ഇരുവരും. ഒരേ ക്ലാസിൽ തന്നെയായിരുന്നു പഠനം. അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു. ഒരിക്കൽ അവൾക്ക് മറ്റൊരു പ്രൊപ്പോസൽ വന്ന അവസരത്തിലാണ് അവൻ അവളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. അത് അവൾക്കൊരു അമ്പരപ്പ് തന്നെയായിരുന്നു.അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു വെളിപ്പെടുത്തൽ ആയിരുന്നു അത്. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങൾ അവൾ അവനോട് പിണങ്ങി നടന്നു. പക്ഷേ ആ ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസ്സിലായി അവൻ ഇല്ലാതെ അവളുടെ ജീവിതം പൂർണമാകില്ലെന്ന്. അവന് തന്റെ ജീവിതത്തിൽ വളരെ വലിയൊരു സ്ഥാനം ഉണ്ടെന്ന് അവൾ മനസ്സിലാക്കിയത് അന്നായിരുന്നു.
തന്റെ ഇഷ്ടം അവനെ അറിയിക്കാൻ അവളും മടിച്ചില്ല. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിനേക്കാൾ ഉപരി പ്രണയം ആയിരുന്നു. അതിന്റെ മാധുര്യം ഇരുവരും ആസ്വദിക്കുന്നുണ്ടായിരുന്നു.പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.
അവരുടെ ഡിഗ്രി അവസാന പരീക്ഷകൾ നടക്കുന്ന സമയത്ത് അവൾക്ക് വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി. സ്വാഭാവികമായും അവൾ അവനോടുള്ള അവളുടെ പ്രണയം വെളിപ്പെടുത്തി. വീട്ടുകാർക്ക് അതിൽ നല്ല രീതിയിൽ തന്നെ എതിർപ്പുണ്ടായിരുന്നു. അവർ അവനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചതോടെ അവരുടെ എതിർപ്പ് കൂടുതൽ വർദ്ധിച്ചു.
അവനും അവളും വ്യത്യസ്ത ജാതിയിൽ ഉള്ള ആൾക്കാരായിരുന്നു എന്നുള്ളതായിരുന്നു അവരുടെ എതിർപ്പിന് കാരണം. അവരുടെ എതിർപ്പിനെ മറികടക്കാൻ അവർ ഇരുവരും ഒരുപാട് ശ്രമിച്ചെങ്കിലും അമ്മയുടെയും അച്ഛന്റെയും ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ അവൾക്ക് മറ്റു വഴികൾ ഇല്ലാതെ അവർ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
ഇരുവരും തമ്മിൽ കാര്യങ്ങൾ പറഞ്ഞു പിരിയുമ്പോൾ, രണ്ടാളും ഒരുപോലെ കരയുന്നുണ്ടായിരുന്നു. ആ വേർപാട് രണ്ടു പേർക്കും വേദന തന്നെയായിരുന്നു.
“ഒരിക്കലും ഞാൻ നിന്നെ മറക്കില്ല. എന്റെ ജീവിതം ഇത്രത്തോളം മനോഹരമാക്കി തന്നത് നീയാണ്. നിന്നോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങളിലാണ് ഞാൻ ഒരുപാട് ഒരുപാട് സന്തോഷിച്ചത്. ഒരു സ്ത്രീ എന്താണെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്. നീ എന്നും എന്റെ ഓർമ്മകളിൽ ഉണ്ടാകും.”
തമ്മിൽ പിരിയുന്ന സമയത്ത് അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അത്. ആ വാക്കുകൾ ഓർമ്മ വന്നതോടെ അവൾ ഞെട്ടലോടെ അവനെ നോക്കി. അന്ന് ഇങ്ങനെ ഒരു വാക്ക് പറഞ്ഞവന്റെ നിഴൽ പോലും അല്ല ഇത് എന്ന് അവൾ ഓർത്തു. അവനും ആ ഓർമ്മകളിലായിരുന്നു എന്ന് അവന്റെ കുനിഞ്ഞ ശിരസ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
” നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് അഞ്ച് വർഷങ്ങളെ ആയിട്ടുള്ളൂ. അതിനിടയ്ക്ക് തന്നെ നിനക്ക് ഇത്രയും വലിയൊരു മാറ്റം വന്നു എന്ന് ഞാൻ അറിഞ്ഞില്ല.അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ നിന്നെ തേടി വരുമായിരുന്നില്ല. “
അതീവ സങ്കടത്തോടെ അവൾ പറയുമ്പോൾ അവൻ മറുപടിയില്ലാതെ നിൽക്കുകയായിരുന്നു.
“നീ എന്നെ തെറ്റിദ്ധരിക്കരുത്.ഞാൻ ഒരിക്കലും നിന്റെ ശരീരം മോഹിച്ചിട്ടില്ല.”
അവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.
” നിനക്ക് ഇപ്പോൾ എന്നോട് ഇങ്ങനെ ഒരു വികാരമാണ് തോന്നുന്നത് എങ്കിൽ, അന്ന് നമ്മൾ തമ്മിൽ പ്രണയിച്ചതിന് എന്ത് അർത്ഥമാണുള്ളത്..? അന്നും നീ എന്റെ ശരീരം മോഹിച്ചിട്ടില്ല എന്ന് പറയാൻ പറ്റുമോ..? “
അവൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അവൾ വീണ്ടും ചോദിച്ചു. ആ ചോദ്യം അവന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു.
“നീ അങ്ങനെ സംസാരിക്കരുത്.ഒരിക്കലും നിന്റെ ശരീരം മോഹിച്ചു ഞാൻ നിന്നോടൊപ്പം നടന്നിട്ടില്ല. നമ്മുടെ പ്രണയത്തിൽ ഞാൻ കളങ്കം ചേർത്തിട്ടില്ല. നിന്നെ ഞാൻ പ്രണയിച്ചത് ആത്മാർത്ഥമായിട്ട് തന്നെയാണ്. അത് ഇപ്പോഴും നെഞ്ചിൽ കൈവച്ച് എനിക്ക് പറയാനാകും.”
അവൻ അവളോട് ധൃതിപ്പെട്ട് മറുപടി പറഞ്ഞു.
” നീ ഈ പറയുന്നത് ഞാൻ വിശ്വസിക്കണം അല്ലേ..? “
അവൾ ഒഴുകിവന്ന കണ്ണീർ തുടച്ചു കൊണ്ട് വാശിയോടെ ചോദിച്ചു.
” നീ വിശ്വസിച്ചേ മതിയാകൂ.. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.”
അവൻ വീണ്ടും പറഞ്ഞു.
” ശരി ഞാൻ വിശ്വസിക്കാം.. പക്ഷേ എനിക്ക് അറിയണം.. കുറെ നാളുകൾക്കു ശേഷം നിന്നെക്കാണാനായി ഓടി വന്ന എന്നെ നിന്റെ കിടക്കയിലേക്ക് ക്ഷണിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം എന്തായിരുന്നുവെന്ന് നീ പറഞ്ഞെ മതിയാവൂ.”
അവൾ ഗൗരവത്തോടെ അന്വേഷിച്ചു.
” വിവാഹിതയായ പൂർവ്വ കാമുകി എന്നെ തേടി വരുന്നത് അവൾ അവളുടെ ഭർത്താവിൽ തൃപ്ത അല്ലാത്തതു കൊണ്ട് ആയിരിക്കുമെന്ന് എന്നോട് ചില സുഹൃത്തുക്കൾ പറഞ്ഞു… “
അത്രയും പറഞ്ഞുകൊണ്ട് അവൻ തല കുനിച്ചു. അവൾ പരിഹാസത്തോടെ ചിരിച്ചു.
” കഷ്ടം.. അവർ അങ്ങനെ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് നീ അങ്ങ് കരുതി. അപ്പോൾ എന്റെ സ്വഭാവത്തിന് യാതൊരു മൂല്യവും ഇല്ല എന്നാണോ..? ഒരാളിൽ തൃപ്ത അല്ലാതെ മറ്റൊരാളെ തേടിയിറങ്ങുന്ന ഒരു പെൺകുട്ടി ആയിട്ടാണോ നീ എന്നെ കരുതിയിരിക്കുന്നത്..? അങ്ങനെ ഒരു മോശം സ്വഭാവമാണോ എന്റേത്..? “
അവൾ കരച്ചിലോടെ ചോദിക്കുന്നത് കേട്ട് അവൻ അമ്പരന്നു.
“സത്യമായിട്ടും ഞാൻ അങ്ങനെയൊന്നും കരുതിയില്ല.. അവർ അങ്ങനെ പറഞ്ഞപ്പോൾ അതൊന്നു പരീക്ഷിച്ചു നോക്കണം എന്ന് മാത്രമേ..”
അവൻ ആ വാചകം പൂർത്തിയാക്കിയില്ല.
“നിനക്ക് അത് പരീക്ഷിച്ചു നോക്കണം എന്ന് തോന്നിയെങ്കിൽ, എന്റെ സ്വഭാവത്തിൽ നിനക്ക് സംശയമുള്ളത് കൊണ്ടാണ്.”
അവൾ വേദനയോടെ പറഞ്ഞു.
” എനിക്ക് ഒരുപാട് മാനസിക പ്രശ്നങ്ങളുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് സംസാരിക്കാൻ എനിക്ക് ഒരുപാട് വിഷയങ്ങളുണ്ട്. നമ്മൾ തമ്മിൽ പിരിഞ്ഞപ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മുടെ ജീവിതത്തിലെ ഏതൊരു ഘട്ടത്തിലും നല്ല സുഹൃത്തുക്കൾ ആയി പരസ്പരം താങ്ങായും തണലായും നിൽക്കുമെന്ന്. ആ ഒരു വാചകത്തിന്റെ പിൻബലത്തിലാണ് നിന്നെ കാണണം എന്നൊരു മോഹം എനിക്ക് ഉണ്ടായത്. ഞാൻ പറഞ്ഞല്ലോ എന്റെ ജീവിതം ഏകദേശം കഴിയാറായി.. ഒരുപാട് ഒരുപാട് കഷ്ടതകൾ ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും ഞാൻ അനുഭവിച്ച പീഡനങ്ങൾ ചെറുതല്ല. ഒരു കുട്ടി ഉണ്ടാകാത്തത് എന്റെ തെറ്റ് കൊണ്ടാണ് എന്ന് പറഞ്ഞ് ഇപ്പോൾ നിരന്തരം ഉപദ്രവം കൂടി ഞാൻ സഹിക്കുന്നുണ്ട്.”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ ഒന്ന് ഏങ്ങി.
” നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളോട് നമ്മുടെ വിഷമങ്ങൾ പങ്കുവെച്ചാൽ നമ്മുടെ മനസ്സിന് ഒരു സംതൃപ്തി ഉണ്ടാകുമല്ലോ.. ചിലപ്പോൾ എന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന എല്ലാ തെറ്റായ ചിന്തകളെയും മോചിപ്പിക്കാൻ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് കഴിയും എന്ന് ഞാൻ കരുതി. എന്റെ മനസ്സിനെ ഞാൻ പറയാതെ തന്നെ മനസ്സിലാക്കിയിരുന്നത് നീയായിരുന്നു. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഞാൻ നിന്നെ തേടി വന്നത്. അത് ഞാൻ എടുത്ത ഏറ്റവും മോശമായ ഒരു തീരുമാനമായിരുന്നു എന്ന് ഇവിടെ വന്നു കയറിയ നിമിഷം എനിക്ക് ബോധ്യമായി.ഇനി എനിക്ക് നിന്നോട് ഒന്നും തന്നെ സംസാരിക്കാനില്ല. ഇനി നമ്മൾ തമ്മിൽ കാണില്ല.. “
അത്രയും പറഞ്ഞുകൊണ്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ആ മുറിവിട്ട് പുറത്തേക്ക് പോകുമ്പോൾ നിശ്ചലനായി നിൽക്കാൻ മാത്രമേ അവനു കഴിഞ്ഞുള്ളൂ..!
പിറ്റേന്ന് കയ്യിൽ കിട്ടിയ സായാഹ്ന പത്രത്തിൽ, റെയിൽപാളത്തിൽ നിന്ന് കണ്ടെടുത്ത അജ്ഞാത മൃ തദേഹം എന്ന പേരിൽ അവളുടെ ചിത്രം കണ്ടപ്പോൾ അവന്റെ ശരീരം വിറച്ചു.
താൻ പ്രവർത്തിച്ച അപരാധം അവന്റെ മേൽ ഒരു വാൾ പോ ലെ തൂങ്ങി. ഒരു ക്ഷമ കൊണ്ട് പോലും തന്റെ തെറ്റ് തിരുത്താൻ ആകാത്ത വിധം അവൾ തന്നിൽ നിന്ന് അകന്നുപോയി എന്നുള്ള ചിന്ത അവനെ ഭ്രാ ന്ത് പിടിപ്പിച്ചു. ഇനിയെങ്ങനെ പരിഹാരം കാണും എന്നറിയാതെ അവൻ ഉഴറി..
“വേണ്ടിയിരുന്നില്ല.. അവളെ വീണ്ടും കാണേണ്ടിയിരുന്നില്ല…”
അവൻ പിറുപിറുത്തുകൊണ്ടേയിരുന്നു.

