സുചിത്ര
രചന : അപ്പു
:::::::::::::::::::::::::
“സുജീ… നീ സാഹചര്യം മനസ്സിലാക്കണം. നിന്നോട് പണ്ടെങ്ങോ എനിക്കിഷ്ടം ഉണ്ടായിരുന്നു എന്ന് കരുതി നിന്നെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല. ആ ഇഷ്ടമൊക്കെ വെറുമൊരു തമാശ മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ട് കാലം കുറെയായി.”
വരുൺ പറയുന്നതൊക്കെയും നിർവികാരയായി കേട്ട് നിൽക്കുകയായിരുന്നു സുചിത്ര. അവന്റെ വാക്കുകൾ അവളിൽ പുച്ഛം നിറച്ചു.
” അങ്ങനെയാണോ വരുണേട്ടാ..? നമ്മുടെ ഇഷ്ടമൊക്കെ പണ്ട് തന്നെ അവസാനിച്ചതായിരുന്നോ…? അതോ ഏട്ടൻ ജോലി കിട്ടി ബാംഗ്ലൂർ പോയതിനു ശേഷം അവസാനിച്ചതാണോ..?”
അവൾ ചോദിച്ചത് കേട്ട് അവൻ ഒന്നു പതറി.
” നീ എന്തിനാടി വീണ്ടും വീണ്ടും അവനോട് സംസാരിക്കാൻ നിൽക്കുന്നത്..? അവന് നിന്നെ വേണ്ട എന്ന് അവൻ പറയാതെ പറഞ്ഞു കഴിഞ്ഞു. ഇനി വേറെന്തു വേണമെന്നാണ്..? “
വരുണിന്റെ അമ്മ ശാരദ ചോദിച്ചത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.
“ശാരദാമ്മേ… ഞാൻ..”
അവൾ പറയാൻ തുടങ്ങിയത് അവർ കൈ കൊണ്ട് തടഞ്ഞു.
“കൂടുതൽ ഒന്നും പറയണ്ട.. ഇറങ്ങി പോടീ..”
അവർ പറഞ്ഞത് കേട്ട് ശ്വാസം വിലങ്ങിയത് പോലെ നിന്ന് പോയി അവൾ. അവരുടെ മുഖത്ത് പഴയ സ്നേഹമോ, വാത്സല്യമോ ഒന്നും കാണാനില്ല എന്നുള്ളത് അവളെ ഞെട്ടിച്ചു.തോൽവി സമ്മതിച്ചതു പോലെ അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
“പിന്നെ ഒരു കാര്യം കൂടി.. ഇനി മേലിൽ പഴയ ഓരോ കാര്യങ്ങളും പറഞ്ഞ് ഈ വീടിന്റെ പടി കടക്കരുത്.”
ഒരു ഭീഷണി പോലെ ശാരദ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ പൊട്ടി കരഞ്ഞു കൊണ്ട് തന്റെ വീട്ടിലേക്ക് ഓടി.
സുചിത്രയും വരുണും അയൽക്കാരാണ്.അയൽക്കാർ എന്നതിനേക്കാൾ ഉപരി അവർ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. പിന്നീട് അവർ കൗമാരത്തിലേക്ക് ചുവട് വച്ചപ്പോൾ ഇരുവരും പ്രണയത്തിലായി. വരുണിന്റെ കുടുംബത്തേക്കാൾ താഴ്ന്ന സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബം ആയിരുന്നു സുചിത്രയുടേത്.
വരുണിന്റെയും സുചിത്രയുടെയും പ്രണയം ആരും അറിയാതെ അവർ മുന്നോട്ട് കൊണ്ടു പോയി.
“ഏട്ടൻ ബാംഗ്ലൂർ പോയി കഴിഞ്ഞാൽ പിന്നെ എന്നെ മറക്കുമോ..?”
വരുണിനു ബാംഗ്ലൂരിൽ ജോലി കിട്ടി പോകാൻ തുടങ്ങുമ്പോൾ സുചിത്ര കണ്ണീരോടെ ചോദിച്ചു.അവൻ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.
” അങ്ങനെ മറക്കാൻ വേണ്ടിയാണോ കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ഇരവരും പരസ്പരം സ്നേഹിക്കുന്നത്..? “
അവൻ ചോദിച്ചത് കേട്ട് അവൾ പുഞ്ചിരിച്ചു.
“എടീ പൊട്ടിക്കാളീ.. ഞാൻ ഇത്രയും നല്ല സാലറി ഉള്ള ജോലി കണ്ടെത്തിയത് തന്നെ നമ്മുടെ ജീവിതം മെച്ചപ്പെടാൻ വേണ്ടിയാണ്.അറിയാലോ നമ്മുടെ കാര്യം..? വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ പോലും ഒന്നിച്ചു ജീവിക്കണമെങ്കിൽ നമുക്ക് പണം ഉണ്ടായേ പറ്റൂ..”
അവൻ ഉപദേശം പോലെ അവളോട് പറഞ്ഞു.
“അതൊക്കെ എനിക്കും അറിയാം.. പക്ഷെ ഇനി ഏട്ടനെ ഉടനെ ഒന്നും കാണാൻ കഴിയില്ലല്ലോ.. അതോർക്കുമ്പോൾ…”
ബാക്കി പറയാതെ അവൾ ഒന്ന് വിതുമ്പി.
“ഞാൻ എന്നും വിളിക്കുമല്ലോ.. പിന്നെ പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ ഇപ്പോ.. നമുക്ക് കാണാൻ തോന്നുമ്പോ വീഡിയോ കാൾ വിളിക്കാലോ..”
അവൻ അവളെ ആശ്വസിപ്പിച്ചു. അവളോട് യാത്ര പറഞ്ഞു അവൻ പോയപ്പോൾ അവൾ വല്ലാതെ സങ്കടപ്പെട്ടു. എല്ലാദിവസവും അവളെ തേടി അവന്റെ കോളുകൾ എത്താറുണ്ടായിരുന്നു. ഇടയ്ക്കൊക്കെ വീഡിയോ കാൾ ചെയ്യാറുണ്ട്. പരസ്പരം കലഹിച്ചും പ്രണയിച്ചും അവർ മുന്നോട്ടു പോയി. ഇടയ്ക്ക് ഒന്ന് രണ്ട് തവണ വരുൺ നാട്ടിലേക്ക് ലീവിന് വന്നു. അപ്പോഴൊക്കെയും പരസ്പരം കാണാനും സമയം ചെലവഴിക്കാനും അവൻ ശ്രദ്ധിച്ചിരുന്നു.
പക്ഷേ ഇടയ്ക്കെപ്പോഴെ സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നത് അവൾ അറിഞ്ഞിരുന്നു. മുൻപത്തേ പോലെ കോളുകളും മെസ്സേജുകളും ഒന്നും തന്നെ അവളെ തേടി എത്താറില്ല. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഒക്കെ ജോലിത്തിരക്കാണെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി.ദിവസങ്ങളോളം അവൻ വിളിക്കാതിരുന്നെങ്കിലും അവൾക്ക് അവനോടുള്ള ഇഷ്ടത്തിൽ യാതൊരു വിധ മാറ്റവും വന്നില്ല.
ഇത്തവണ ലീവിന് നാട്ടിൽ എത്തിയിട്ടും അവളെ കാണാനായി അവൻ വന്നില്ല. അതുകൊണ്ടാണ് അവനെ തേടി അവന്റെ വീട്ടിലേക്ക് ചെന്നത്. അവിടെ ഉണ്ടായ അനുഭവങ്ങൾ ഒന്നും മറക്കാൻ കഴിയുന്നതല്ല.
കുറച്ചു ദിവസങ്ങൾക്ക് അപ്പുറം വരുൺ തിരികെ പോയി എന്ന് അറിഞ്ഞു. അപ്പോഴൊക്കെയും അവനെ മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള കഠിനമായ ശ്രമത്തിൽ ആയിരുന്നു അവൾ. അതിൽ ഒരു പരിധിവരെ അവൾ വിജയിക്കുകയും ചെയ്തു. ആ സമയത്താണ് വരുണിന്റെ വിവാഹമാണ് എന്നൊരു വാർത്ത അവൾ അറിയുന്നത്. മറവിക്ക് വിട്ടുകൊടുത്തത് ഒക്കെ തന്നെ നോക്കി പല്ലിളിക്കുന്നത് അവൾ അറിഞ്ഞു.
വരുൺ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുടെ മകളാണ് വധു. വരുൺ ഇവിടെ നിന്ന് ജോലിക്ക് അവിടെയെത്തി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവർ ഇരുവരും പ്രണയത്തിലായിരുന്നു എന്ന്. ആ വാർത്ത ആരിൽ നിന്നോ കേട്ടറിഞ്ഞതോടെ അവൾ പൂർണമായും തകർന്നു പോയി. തന്നെ അയാൾ വഞ്ചിക്കുകയായിരുന്നു എന്ന് അവൾക്ക് ആ നിമിഷം ഉറപ്പായി.
” കാശുള്ള വീട്ടിലെ ചെക്കന്മാരെ വലവീശി പിടിക്കാൻ ഇറങ്ങി തിരിച്ചാൽ അവർ അതിനൊന്നും നിന്നു കൊടുക്കില്ല.. അങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെണ്ണുങ്ങളുടെയൊക്കെ അവസ്ഥ ഇങ്ങനെയിരിക്കും.. “
തന്നെ കണ്ട ഏതോ ഒരു സമയത്ത് ശാരദാമ്മ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ആ സമയത്താണ് അവൾ തിരിച്ചറിഞ്ഞത് എല്ലാ കാര്യങ്ങളും ശാരദാമ്മയ്ക്കും അറിയാമായിരുന്നു എന്ന്.! അത് നൽകിയ വേദന ചെറുതായിരുന്നില്ല.
വരുണിന്റെ കല്യാണത്തിന് വീട്ടിൽ എല്ലാവരെയും ക്ഷണിച്ചെങ്കിലും, പോകാനുള്ള മനസ്സ് അവൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അവൾക്ക് തോന്നി ആ വിവാഹം നേരിൽ കാണുന്നതാണ് നല്ലതെന്ന്. ആ തീരുമാനം നിമിത്തം അവൾ വിവാഹത്തിന് പങ്കെടുത്തു. ഓരോ ചടങ്ങുകളും സന്തോഷത്തോടെ ചെയ്യുന്ന വരുണിനെ അവൾ കണ്ണീരോടെ നോക്കി നിന്നു. പ്രണയത്തോടെ ഇരുവരും പരസ്പരം നോക്കുന്നത് കൂടി കണ്ടപ്പോൾ അവൾക്ക് ചങ്ക് തകർന്നതു പോലെ തോന്നി.
ദിവസങ്ങൾ ഓടി മറഞ്ഞപ്പോൾ അവൾ അവനെ പൂർണ്ണമായും മറവിക്ക് വിട്ടുകൊടുത്തു. വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെ തന്നെ വരുണും ഭാര്യയും ബാംഗ്ലൂരിലേക്ക് മടങ്ങിപ്പോയി. വല്ലപ്പോഴും നാട്ടിലേക്ക് വരുന്ന അതിഥികൾ മാത്രമായി അവർ ചുരുങ്ങി. അതോടെ ശാരദാമ്മ നാട്ടിൽ തനിച്ചായി.
ഒരു മഴക്കാലത്ത് വീട്ടുമുറ്റത്ത് വഴുക്കി വീണിട്ടും അവരെ പരിചരിക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞു മരുമകൾ എത്തിയില്ല. പക്ഷേ അമ്മയെ പരിചരിക്കാൻ വരുൺ എത്തിയിരുന്നു. പണ്ടത്തെ നിഴൽ രൂപം മാത്രമായി മാറിയിരുന്നു അവൻ ആ സമയത്ത്.
കൺമുന്നിൽ കണ്ടിട്ടും അവൾക്ക് അവനോട് യാതൊരു തരത്തിലുള്ള സഹതാപവും സ്നേഹവും തോന്നിയില്ല. ഏതോ പരിചയക്കാരനോട് എന്നപോലെ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവൾ നടന്നകന്നു .
” എന്ത് ചെയ്യാനാ..? അവന്റെ വിധി.. അല്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ ഉണ്ടാകേണ്ട കാര്യമുണ്ടോ..? നാണക്കേട് കാരണം വീടിനു പുറത്തേക്ക് ഇറങ്ങുന്നു പോലുമില്ല..”
ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഉമ്മറത്തിരുന്നു ശാരദാമ്മ പതം പറഞ്ഞു കരയുന്നത് കണ്ടു. വരുൺ തന്നെയാണ് ചർച്ച വിഷയം എന്ന് തോന്നി. പക്ഷേ ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുപോലെ അകത്തേക്ക് നടന്നു പോവുകയാണ് ചെയ്തത്. ശാരദാമ യാത്ര പറഞ്ഞു പോയി കഴിഞ്ഞപ്പോൾ അമ്മയാണ് വിവരങ്ങളൊക്കെ പറഞ്ഞത്.
” വരുണിന്റെ ഭാര്യക്ക് ബാംഗ്ലൂരിൽ മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധം ഉണ്ടായിരുന്നു. അവർ തമ്മിൽ പിരിഞ്ഞു നിൽക്കുന്ന സമയത്താണ് വരുണിനെ പരിചയപ്പെടുന്നതും വിവാഹം നടക്കുന്നതും. പക്ഷേ കുറച്ചുനാൾ മുൻപ് അവളുടെ കാമുകൻ മടങ്ങി വന്നത്രേ.. അതോടെ അവൾക്ക് വരുന്നിനോടുള്ള താല്പര്യം നഷ്ടപ്പെട്ടു. എന്നും തല്ലും വഴക്കും ഒക്കെ ആയിരുന്നു എന്ന്. ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന വരുൺ അവരെ ഇരുവരെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടിരുന്നു എന്ന്. അതോടെയാണ് ഡിവോഴ്സ് ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്. ഇതിപ്പോൾ ഡിവോഴ്സിന് പോലും നിൽക്കാതെ അവൾ അവന്റെ കൂടെ ഇറങ്ങിപ്പോയി. ആകെ നാണക്കേടായി വരുൺ തിരികെ വന്നു. അവൻ വന്നിട്ട് രണ്ടുമൂന്നു ദിവസമായി എന്നാണ് പറഞ്ഞത്.പാവം.. “
അമ്മ സഹതാപപൂർവം പറയുന്നത് കണ്ടു. പക്ഷേ അവൾക്ക് ഈ പറഞ്ഞ ഒരു വികാരവും അയാളോട് തോന്നിയില്ല. ദേഷ്യമോ വാശിയോ പരാതിയോ പരിഭവമോ ഒന്നുമില്ല. എന്റെ വിധി ഇതായിരുന്നു.. അത് ഞാൻ അംഗീകരിക്കുന്നു..!!
✍️ അപ്പു

