വിധി
രചന : Ajan Anil Nair
:::::::::::::::::::
“മോനേ, നിനക്കും വേണ്ടേ ഒരു ജീവിതം ” പതിഞ്ഞ സ്വരത്തിൽ ‘അമ്മ അത് പറയുമ്പോൾ രാജേഷ് അമ്മയുടെ മെല്ലിച്ച കൈകളിൽ കൈത്തലം അമർത്തി മൗനിയായിരുന്നു
ഏറെ നേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു
” രാധയുടെ നടക്കട്ടെ ആദ്യം, എനിക്ക് എപ്പോൾ വേണമെങ്കിലും ആവാലോ, ഈ ചിങ്ങത്തിൽ അവൾക്ക് 25 ആവും, എത്ര വേഗമാ അവൾ വളർന്നത് ” ഒരു നെടുവീർപ്പിനിടയിൽ കഴിഞ്ഞ കാലങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു
പറക്കമുറ്റാത്ത മക്കളെ അമ്മയെ ഏല്പിച്ച് അച്ഛൻ കാലഗതി പ്രാപിച്ചപ്പോൾ ഇനി എന്ത് എന്നൊരു ചോദ്യമായിരുന്നു ആ അമ്മയുടെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നത്
മീനച്ചൂടിൽ മുണ്ടു മുറുക്കി ഉടുത്ത് പാടത്തും വരമ്പിലും ആയി ബാക്കിയുണ്ടായിരുന്ന യൗവനം അവർ ചിലവഴിച്ചു, മക്കളെ പഠിപ്പിച്ച് പറക്കമുറ്റുന്നവണ്ണം എത്തിച്ചു
ജീവിതത്തിന്റെ നല്ലകാലമെല്ലാം പിന്നിലേക്ക് തള്ളിയിട്ട് വാർദ്ധക്യം കടന്നു വന്നപ്പോൾ മാധവിക്ക് ഒരാഗ്രഹം കൂടി ബാക്കി, മക്കൾ, അവരുടെ കുടുംബം,കണ്ണടയും മുന്നേ അതൊന്നു കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ! ഹാ…സുകൃതം.
രാധയുടെ പഠിപ്പിനായി പഠനം പാതി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ജന്മനാ കൈമുതലായുള്ള ചിത്ര രചനാ വൈഭവം ആ കുടുംബത്തിന്റെ ദൈനം ദിന കാര്യങ്ങൾ നടത്തുവാനായി രാജേഷിനെ സഹായിച്ചിരുന്നു..
രാധ ഡിഗ്രി കഴിഞ്ഞിരിക്കുന്നു, ഡിഗ്രി കഴിഞ്ഞ കുട്ടികൾക്ക് ടൗണിൽ ഒക്കെ നല്ല ജോലി കിട്ടുമത്രേ, അവളെ വിവാഹം ആലോചിച്ച് വന്ന പയ്യനും അത് തന്നെയാണ് പറഞ്ഞത് … രാജേഷ് ഓർത്തു
അച്ഛന്റെ മരണത്തോടെ വിളവിറക്കാത്ത നിലവും, കായ്ക്കാത്ത മണ്ഡരി പേറുന്ന തെങ്ങിൻ തോപ്പും രാധയുടെ വിവാഹത്തോടെ കൈമോശം വന്നുവെങ്കിലും അച്ഛന് നിത്യത്തിരി തെളിക്കുന്ന ആ ചെറു പുരയിടവും ആ കുഞ്ഞു വീടും തനിക്കും അമ്മയ്ക്കും വേണ്ടി രാജേഷ് ചേർത്ത് പിടിച്ചിരുന്നു
മനസില്ലാ മനസോടെയായിരുന്നു അമ്മയെ രാധയോടൊപ്പം വിട്ടു ജോലി തേടാനായി മുംബൈയിലേക്ക് അയാൾ വണ്ടി കയറിയത്, മനസ്സ് നിറയെ അമ്മയായിരുന്നു, ശ്വാസം മുട്ടൽ ഈയിടെയായി കലശലായിരിക്കുന്നു , മരുന്ന് മുടങ്ങാതെ കഴിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്
രാധ ഏറെ മാറിയത് പോലെ, അമ്മയെ ഒപ്പം കൂട്ടിക്കൂടെ എന്നവളുടെ ചോദ്യം തീവണ്ടിയുടെ ചൂളം വിളിക്കിടയിലും കാതിൽ മുഴങ്ങി, ആദ്യം ഒരു ജോലി, പിന്നെ ഒരു വീട്, അമ്മയെ കൂട്ടി ആ നഗരത്തിലേക്ക് ഒരു മടക്കം ഇതൊക്കെ ആയിരുന്നു ആ യാത്രയിലുടനീളം രാജേഷിന്റെ മനസ്സിൽ
ബോംബേ നഗരത്തിന്റെ തിരക്കുകളിൽ പരസ്പരമറിയാതെ ജീവിതം അലഞ്ഞു തീർക്കുന്ന അനേകായിരങ്ങൾക്കിടയിലേക്ക് അയാളും ഊളിയിട്ടു, ഒരു ജീവനോപാധി തേടി
പോസ്റ്ററുകളും ബാനറുകളും തയാറാക്കുന്ന ഒരു പരസ്യ കമ്പനിയിൽ ജോലി തരപ്പെടുത്തി, കമ്പനി മേൽവിലാസത്തിൽ നാട്ടിലേക്ക് കത്തയച്ചതിന്റെ ഏഴാം പൊക്കമായിരുന്നു അമ്മയുടെ വിയോഗവാർത്ത ടെലഗ്രാം ആയി രാജേഷിനെ തേടി എത്തിയത്
ഈറനണിഞ്ഞ കണ്ണുകളുമായി തൂശനിലയിൽ വെള്ള പുതച്ചു കിടന്ന അമ്മയെ നോക്കി നേരം വെളുപ്പിച്ച രാവ് വേദനയോടെ അല്ലാതെ അയാൾക്ക് ഓർത്തെടുക്കാനാവുമായിരുന്നില്ല
“പെട്ടെന്ന് രോഗം കലശലായി ‘അമ്മ പോയി ” എന്ന് പറഞ്ഞ രാധയുടെ മറുപടി കേട്ട് അയാളുടെ നോട്ടം പാഞ്ഞത് സ്ഫടിക കുപ്പികളിൽ ഒന്നുപോലും എണ്ണത്തിൽ കുറയാതിരുന്ന അമ്മയുടെ മരുന്നുകളായിരുന്നു…
ജീവിത തിരക്കിനിടയിൽ അവൾ അതും മറന്നു കാണണം !
” അപ്പോൾ വീട്ടിൽ ഉത്തരവാദിത്തപ്പെട്ടവരായി ആരും ഇല്ലേ, പെങ്ങളും അളിയനും ഉണ്ടാവും എന്ന് പറഞ്ഞിരുന്നല്ലോ ” ആ ചോദ്യം കേട്ടാണ് രാജേഷ് ചിന്തകളിൽ നിന്നും ഉണർന്നത്
അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക് അയാൾക്ക് മുഖം കൊടുക്കേണ്ടി വന്നിട്ടുണ്ട്, പെൺകുട്ടിയെ വിവാഹം കഴിച്ചയക്കുന്ന വീട്ടിൽ അങ്ങനെ ആരെങ്കിലുമൊക്കെ വേണ്ടേ എന്നുള്ള കാരണവന്മാരുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾ എന്നും ചൂളി പോയിരുന്നു
“അവർക്ക് വരാൻ സാധിച്ചില്ല, ചില തിരക്കുകൾ ” രാജേഷ് എങ്ങനെയോ പറഞ്ഞൊപ്പിച്ചു
അയാളുടെ ആ മറുപടിയിൽ തൃപ്തരാവാതെ പടികടന്നു പോയി മടങ്ങി വരാത്ത എത്രയോ വിവാഹാലോചനകൾ
ഇപ്പോൾ അതൊക്കെയും അയാൾക്ക് ഒരു തമാശയായി മാറിയിരിക്കുന്നു
പെണ്ണ് കെട്ടുന്നില്ലേ എന്നുള്ള നാട്ടുകാരുടെ അന്വേഷണങ്ങൾ
ഇഷ്ടപ്പെടാത്ത പെണ്ണിനെ കിട്ടാത്തൊണ്ട് ആവുമല്ലേ എന്ന് കുശലം ചോദിക്കുന്ന അയൽക്കാർ
എല്ലാം ശെരിയാവും എന്ന് സമാധാനിപ്പിക്കുന്ന സുഹൃത്തുക്കൾ
രാജേഷിന് എല്ലാം ഒരു തമാശയായി തോന്നി തുടങ്ങിയിരുന്നു.
കർക്കിടകവാവിന് തലേന്ന് രാധയും ഭർത്താവും വരുന്നെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി
അമ്മയുടെ ആഗ്രഹമായിരുന്നു മരണശേഷം മക്കൾ ഇരുവരും നൽകുന്ന ഒരു പിടി ചോറ്
അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ഇൻഷുറൻസ് തുക വാങ്ങിയെടുക്കാൻ ഉള്ള വ്യഗ്രതയായിരുന്നു ആ വരവിനു പിന്നിൽ എന്നറിഞ്ഞിട്ടും നാളെ ബലിയിട്ടിട്ട് പൊയ്ക്കൂടേ എന്ന് ചോദിക്കണമെന്നോർത്ത് രാധയുടെ മുറിയുടെ വാതിലിൽ മുട്ടാനൊരുങ്ങി നിന്നപ്പോളായിരുന്നു അടക്കി പിടിച്ച അവളുടെ സംസാരം കേട്ടത്
” ആരുമില്ലാത്തവർക്ക് ആര് പെണ്ണ് കൊടുക്കാൻ, ഈ വീടും പുരയിടവും നമുക്ക് തന്നെ വരും “
ഒരു വാക്ക് പോലും അവളോട് ചോദിയ്ക്കാൻ തോന്നാതെ അയാൾ നിശബ്ദനായി തിരിഞ്ഞു നടന്നു
അത്താഴം കഴിഞ്ഞു എണീറ്റ നേരത്ത് രാധയാണത് പറഞ്ഞത്
” ഇത്തവണത്തെ ആലോചനയും മാറി പോയല്ലേ, ഞങ്ങൾക്ക് വരാൻ സാധിച്ചില്ല, ചില തിരക്കുകൾ…. എല്ലാം വിധി ആവും “
വായിലേക്ക് വെള്ളം ഒഴിച്ച് കുലുക്കുഴിഞ്ഞു തുപ്പുമ്പോൾ നിലക്കണ്ണാടിയിൽ പതിഞ്ഞ രാധയുടെ മുഖം നോക്കി രാജേഷ് മന്ത്രിച്ചു
“എന്റെ വിധി “
എല്ലാവര്ക്കും വേണ്ടി ജീവിച്ചു ഒന്നുമല്ലാതായി പോയവർക്കുവേണ്ടി

