അവളുടെ കണ്ണിൽ നിന്നടർന്ന് വീണ കണ്ണുനീർ തടയാൻ പോലുമുളള ശേഷി പോലും അവൾക്കപ്പോളുണ്ടായിരുന്നില്ല…

_upscale

ശ വം…

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::::::::

കിടപ്പറയിലെ ദീർഘനിശ്വാസങ്ങൾക്കിടയിൽ നിന്ന് കിതപ്പോടെ അവളെ തളളിമാറ്റി അയാൾ പിറുപിറുത്തു…

“ശ വം”

അവളുടെ കണ്ണിൽ നിന്നടർന്ന് വീണ കണ്ണുനീർ തടയാൻ പോലുമുളള ശേഷി പോലും അവൾക്കപ്പോളുണ്ടായിരുന്നില്ല…

രാവിലെമുതൽക്കുളള പണിത്തിരക്കിനൊടു വിൽ അവൾ കൊതിച്ചത് അവന്റെ ഒരു തലോടൽ മാത്രം..

മേനിനുറുങ്ങുന്ന വേദനയുണ്ടെന്നറിയിച്ചിട്ടും അയാളുടെ ഇംഗി തത്തിനവൾ വഴങ്ങി ക്കൊടുത്തത് അയാളോട് അവൾക്കുളള അഗാധമായ സ്നേഹമായിരുന്നെന്ന് അയാൾക്കറിയില്ലല്ലോ..

പിന്നീട് ആ ” ശ വം” വിളി അവൾക്ക്മേൽ നാൾക്ക് നാൾ പതിഞ്ഞുകൊണ്ടിരുന്നു..

തീൻമേശയിൽ നിന്നും കിടപ്പറവരെ ആ വിളി മുഴങ്ങിക്കൊണ്ടിരുന്നു..

ആ വിളിയുടെ കുത്തൊഴുക്കിൽ അവരുടെ ജീവിതത്തിലെ പലവിശേഷ ദിനങ്ങളും ഒലിച്ചുപോയിക്കൊണ്ടിരുന്നു..

അവളുടെ വിയർപ്പിന് ശ വത്തിന്റെ നാറ്റമുണ്ടെന്ന് പറഞ്ഞ് അവളെ അയാൾ വീണ്ടും കുത്തിനോവിച്ചു..

കുടുംബം നോക്കാൻ വേണ്ടിയുളള അയാളുടെ പാച്ചിലിനെ കുറിച്ച് വീമ്പ് പറയുമ്പോഴും അയാളൊരിക്കലും അവൾ ചുമക്കുന്ന ഭാരം കണ്ടതേയില്ല…

അപ്പോഴും അവൾക്കാ വിളി കേൾക്കേണ്ടി വന്നു..

എല്ലാത്തിനും മേലെ പായൽ കണക്കെ ആ വിളി പൊന്തിക്കിടന്നു…

ഒന്നിനും അവൾ പ്രതികരിച്ചില്ല…

കാലം കടന്നുപോയ്ക്കൊണ്ടിരുന്നു..

ഒരു വീഴ്ച്ചയിൽ നടു തളർന്ന് കിടപ്പിലായപ്പോൾ ആദ്യമായി അയാളറിഞ്ഞു..

ആഗ്രഹങ്ങൾ അടക്കിവയ്ക്കാൻ ശേഷിയുളള അവളെ…

അറപ്പുകൂടാതെ അയാളുടെ മ ല വി സ ർ ജ്ജ്യങ്ങൾ വൃത്തിയാക്കുന്ന അവളെ…

കൊതിയൂറുന്ന ഭക്ഷണം സ്നേഹത്തോടെ വായിൽ വച്ചു തരുന്ന അവളെ…

പകലന്തിയോളം ജോലി ചെയ്ത് കുടുംബം പോറ്റുന്ന അവളെ…

അന്ന് ആദ്യമായി അയാൾ ആ സ്നേഹത്തിന് മുന്നിൽ തലകുനിച്ചു…

അവളുടെ ആഗ്രഹങ്ങളൊന്നും സാധിച്ചുകൊ ടുക്കാൻ കഴിവില്ലെന്നറിഞ്ഞിട്ടും അവളൊരി ക്കലും അയാളെ “ശ വം” എന്ന് വിളിച്ചില്ല….

പക്ഷെ മനസ്സിൽ ആയിരം തവണ അയാൾ സ്വയം ആ പേരു വിളിച്ചുകഴിഞ്ഞിരുന്നു..