മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്…

രചന: Jishnu Ramesan

:::::::::::::::::::

ഭാര്യ ഇറങ്ങി പോയി നാലാം വർഷത്തിന് ശേഷം അയാള്  ഒരിക്കൽ തൻ്റെ ഭാര്യയെ കണ്ടിരുന്നു…

അന്ന് രാത്രി അയാള് വെറുതെ നാല് വർഷം പുറകിലേക്ക് ചികഞ്ഞു…

“രാത്രി വൈകി വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഉറക്കം തടഞ്ഞ് വെച്ച് അവളുണ്ടായിരുന്നു ആ വീട്ടില്…

മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്…

വയറു പൊത്തി കമഴ്ന്നു കിടക്കണ അവളെ കണ്ടിട്ട് ദേഷ്യത്തോടെ മുറിയില് നിന്ന് ഇറങ്ങി പോയിട്ടുണ്ട് ആ മനുഷ്യൻ…

കറിക്ക് ഉപ്പില്ലാത്ത നാട്ടുനടപ്പ് പറഞ്ഞ് അവളോട് കയർത്തിട്ടുണ്ട് അയാള്…

ടൗണിലേക്ക് പോകുമ്പോ ‘ ഞാനും കൂടി വന്നോട്ടെ ‘  എന്ന് ചോദിച്ചിരുന്ന അവളോട് ” തുണി മാറാൻ നേരം കൊറേയെടുക്കും” എന്ന് പറഞ്ഞ് അവളെ കൂട്ടാതെ പോയിട്ടുണ്ട് അയാള്…

‘വീട്ടിലേക്കൊന്ന് പൊയ്ക്കോട്ടേ ‘ എന്ന് ചോദിച്ചിട്ട് മുഖം താഴ്ത്തി നിൽക്കുമ്പോ ഒന്നും മിണ്ടാതെ ഇറങ്ങി പോയിട്ടുണ്ട് അയാള്…

‘കല്യാണം കഴിഞ്ഞപ്പോ നിർത്തിയ പഠിത്തം വീണ്ടും പഠിച്ചോട്ടെ ‘ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോ സർട്ടിഫിക്കറ്റുകൾ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു അവളെ…

മീൻ വാങ്ങിയ പൈസ കൊടുത്തപ്പോ അയാളുടെ വിരലിലൊന്ന് മുട്ടിയ നയം പറഞ്ഞ് പൊതിരെ തല്ലിയിരുന്നു അവളെ…

രാത്രി ഏഴ് കഴിഞ്ഞ് അവളുടെ ഫോണിലൊരു കോൾ വന്നാൽ അയാളുടെ നോട്ടം വിറപ്പിച്ചിരുന്നു…

അവൾക്ക് ഇഷ്ടമുള്ളതൊന്നും പാകം ചെയ്യാൻ സമ്മതിച്ചിരുന്നില്ല ആ മനുഷ്യൻ…

പുറത്തൊരു കല്യാണത്തിന് ഒന്നിച്ച് പോയാൽ ആരോടും മിണ്ടാനും പറയാനും സമ്മതിക്കാതെ അയാളുടെ ചൊല്പഠിക്ക് നിർത്തിയിരുന്നു അവളെ…”

അവളെ വരിഞ്ഞു മുറുക്കുന്ന ദ്രവിച്ച ഹൃദയമുള്ള ഒരാളായിരുന്നു ആ മനുഷ്യൻ…കഴിഞ്ഞ നാല് വർഷം അയാള് അവളെയോർത്ത് വിങ്ങി…അയാള് നരകിച്ച കഴിഞ്ഞ നാലു വർഷം…

ഒരിക്കൽ ഇരുന്നൂറു രൂപ വായ്പ വാങ്ങാനായി അകന്ന ബന്ധുവിൻ്റെ വീട്ടുപടിക്കൽ നിന്നപ്പോ അവിടുത്തെ കാർന്നോരു പറയുകയുണ്ടായി…

“ഇറങ്ങി പോയ നിൻ്റെ ഭാര്യ ഇപ്പൊ ഏതോ ഉയർന്ന കമ്പനിയില് തലപ്പത്താണെന്ന് കേട്ടല്ലോ…!”

അയാള് അതിനുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി…തല താഴ്ത്തി വെറുതെ അങ്ങനെ വിങ്ങി, നീറി…

കഴിഞ്ഞ നാല് വർഷം സുന്ദരമായി ജീവിക്കുന്ന അവളും, ദ്രവിച്ച മനസ്സുമായി നീറി ജീവിക്കുന്ന അയാളും ചെല നാട്ടാർക്കും ബന്ധുക്കൾക്കും കെട്ടുകഥ പോലെയാണിപ്പോ..