എങ്കിലും അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ പതറിപ്പോകുന്നുണ്ടായിരുന്നു ഞാൻ. കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു…

രചന : തൂലിക

::::::::::::::::::::

മാസങ്ങൾക്ക് ശേഷം ഇന്ന് ഞങ്ങൾ തമ്മിൽ കാണുകയാണ്. കാണാൻ ഏറെ ആഗ്രഹിച്ച മുഖം നേരിൽ കാണാൻ പോകുന്നതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു.

“ഇന്നെങ്കിലും നീ നിന്റെ ഇഷ്ടം തുറന്നു പറയണം കേട്ടല്ലോ”

“ആഗ്രഹമുണ്ടെടി പക്ഷെ…എന്തോ ഒരു പേടി. അവനെന്നെ അങ്ങനെ കണ്ടിട്ടില്ല എന്നൊരു തോന്നൽ.”

“എന്നാ പറയണ്ടാ…ഒടുവിൽ വേറെ പെൺകുട്ടികൾ കെട്ടിക്കൊണ്ട് പോകുമ്പോൾ പഠിച്ചോളും”

“നീ ടെൻഷൻ ആക്കല്ലേ ഞാൻ പറഞ്ഞോളാം. എന്നാലും…ആദ്യായിട്ട് കാണുമ്പോൾ തന്നെ ഇങ്ങനെ പറഞ്ഞാൽ പുള്ളി എന്താ വിചാരിക്കുക?”

“കാണുന്നത് ആദ്യമായിട്ടാണെങ്കിലും നിങ്ങൾ നേരത്തെ സംസാരിച്ചിട്ടുള്ളതല്ലേ അതുകൊണ്ട് കുഴപ്പമില്ല.” ഏറ്റവുമടുത്ത കൂട്ടുകാരി തന്ന ധൈര്യത്തിൽ ഞാനവനെ കാണാനായി പുറപ്പെട്ടു.

യാത്രയിലുടനീളം അവനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.

എബിൻ സാം…എന്റെ എബി. മുഖപുസ്തകത്തിലെ അവന്റെ വരികളാണ് ഞങ്ങളെ അടുപ്പിച്ചത്. വിരഹവും ഒറ്റപ്പെടലിന്റെ വേദനയും നിറഞ്ഞു നിന്നിരുന്നു അവന്റെ വരികളിൽ. എന്തുകൊണ്ടാണ് എല്ലായ്പോഴും വരികൾക്ക് ഒരേ ഭാവം എന്നറിയാനുള്ളൊരു ആകാംക്ഷ കൊണ്ടാണ് അങ്ങോട്ട് മെസ്സേജ് അയച്ചത്. ചോദിക്കുന്നതിനെല്ലാം മിതമായ മറുപടി കണ്ടപ്പോൾ തന്നെ മനസിലായി, അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് അവന്റേതെന്ന്. അധികം വൈകാതെ തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. അവന് സൗഹൃദങ്ങൾ കുറവായിരുന്നു. അതുകൊണ്ടാവണം വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അടുത്തത്. അവനെല്ലാം എന്നോട് പറയുമായിരുന്നു. എന്നോട് സംസാരിച്ച പോലെ വേറെ ആരോടും സംസാരിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ ഉള്ളു നിറയെ സന്തോഷമായിരുന്നു.

എപ്പോഴാണ് അവനോട് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്നറിയില്ല. ഇത്രയും അടുത്ത് സംസാരിച്ചിട്ടും ഒരിക്കൽ പോലും പരിധി വിട്ട് അവൻ പെരുമാറിയിട്ടില്ല. എന്റെ സ്വരം ഒന്നിടറിയാൽ അവന് മനസ്സിലാകുമായിരുന്നു. അവനോളം വേറെ ആരും എന്നെ മനസിലാക്കിയിരുന്നില്ല.

ഓർമകൾക്ക് പുറകെ പായവേ സ്ഥലം എത്തിയത് അറിഞ്ഞില്ല. വേഗം ബസിൽ നിന്നിറങ്ങി കാണാമെന്നു പറഞ്ഞ കോഫി ഷോപ്പിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.

“അനൂ…” ശബ്ദം വന്ന ഭാഗത്തേക്ക്‌ നോക്കി. ഒരറ്റത്ത് ഇട്ടിരിക്കുന്ന ടേബിളിൽ അവൻ ഇരിപ്പുണ്ടായിരുന്നു. അവന്റെ അടുത്തേക്ക് കാലുകൾ ചലിച്ചു.

“ഹലോ” കൈ നീട്ടിക്കൊണ്ടവൻ പറഞ്ഞു.

“ഹായ്” അവന് കൈ കൊടുത്തുകൊണ്ട് ഞാനും പറഞ്ഞു.

അവന് നേരെ എതിർവശത്തായിട്ട് ഞാനിരുന്നു. ഞാൻ അവനെ നോക്കി, ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരൻ ആയിരുന്നു അവൻ. അല്പം വണ്ണം വെച്ചിട്ടുണ്ട്, താടി ട്രിം ചെയ്തിട്ടുണ്ട്.

“ഏയ്…നീയെന്താ ഇങ്ങനെ നോക്കുന്നെ”

അവന്റെ ചോദ്യം കേട്ടാണ് ഞാൻ ഇത്ര നേരവും അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു എന്ന് മനസിലായത്.

“ഒന്നുമില്ലടാ… ഞാൻ വേറെ എന്തോ ഓർത്ത്…”
എന്ത് പറയണം എങ്ങനെ തുടങ്ങണം എന്നെനിക്ക് അറിയില്ലായിരുന്നു.

കാപ്പിയോടുള്ള എന്റെ പ്രിയം അറിയാവുന്നത് കൊണ്ട് അവൻ ഒരു ചായയും കാപ്പിയും ഓർഡർ ചെയ്തു.

“പിന്നെ, പറ വിശേഷങ്ങൾ. ഇപ്പൊ എന്ത് പറ്റി മിണ്ടാട്ടം ഇല്ലാത്തത്. ചാറ്റ് ചെയ്യുമ്പോ ഇങ്ങനൊന്നും അല്ലാരുന്നല്ലോ” ചെറുചിരിയോടെ അവൻ പറഞ്ഞു.

അവനറിയില്ലല്ലോ എന്റെ മനസിലുള്ളത് എങ്ങനെ അവനെ അറിയിക്കണം എന്നറിയാതെ കുഴങ്ങി ഇരിക്കുകയാണ് ഞാനെന്ന്.

പണ്ടത്തെ പോലെ അവനോട് സംസാരിക്കാൻ ഞാൻ ശ്രമിച്ചു, എങ്കിലും അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ പതറിപ്പോകുന്നുണ്ടായിരുന്നു ഞാൻ. കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു.
ഇനിയും പിടിച്ചുനിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. എന്റെ ഇഷ്ടം ഞാൻ അവനെ അറിയിച്ചു.

പെട്ടന്ന് അവന്റെ മുഖത്തെ ചിരി മാഞ്ഞു. അവൻ ഞെട്ടി എന്നത് വ്യക്തം.

“താൻ… താനെന്താ അനു പറഞ്ഞത്?”

“സത്യമാണ് എബി. എനിക്കറിയില്ല എപ്പോഴാ ഇഷ്ടം തോന്നിത്തുടങ്ങിയതെന്ന്. പറയാതെ പറ്റില്ല എന്ന് തോന്നി.”

“എന്റെ എല്ലാ കാര്യവും തനിക്കറിയാവുന്നതല്ലേ? എന്നിട്ടും…”

“അതൊന്നും എനിക്കൊരു പ്രശ്നമേ അല്ലെങ്കിലോ”

“എടൊ… താൻ എന്തൊക്കെയാ പറയുന്നേ. അച്ഛനും അമ്മയും കളഞ്ഞിട്ട് പോയ, ആരുമില്ലാത്ത ഒരുത്തന് മോളെ കെട്ടിച്ചുകൊടുക്കാൻ തന്റെ അപ്പനും അമ്മയും സമ്മതിക്കുമോ?”

“ഇല്ലായിരിക്കാം. പക്ഷെ… എനിക്ക് എബിയെ അത്രക്കിഷ്ടമാണ്. അവരെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കും. സമ്മതിച്ചില്ലെൽ… ഞാൻ നിന്റെ കൂടെ ഇറങ്ങി വരും”

“പാടില്ല. എനിക്കോ ആരുമില്ല. എന്നെ കെട്ടിയതിന്റെ പേരിൽ നിനക്കും ആരുമില്ലാതാവാൻ ഞാൻ സമ്മതിക്കില്ല. നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടാൻ പാടില്ല. നഷ്ടപ്പെടുത്തില്ല ഞാൻ.”

“എബിക്കെന്നെ ഇഷ്ടമാണോ? എനിക്കത് അറിഞ്ഞാൽ മതി”

“ഇഷ്ടമാണ് ഒരുപാട്. പക്ഷെ നല്ലൊരു സുഹൃത്തെന്ന നിലയിൽ മാത്രം.”

“അതിനപ്പുറം ഒന്നുമില്ല?” ഈറൻ കണ്ണുകളോടെ ഞാൻ ചോദിച്ചു.

“കിട്ടില്ല എന്നുറപ്പുള്ളത് ആഗ്രഹിക്കുന്നത് എന്തിനാ അനു.” ഒരു വിഷാദ ചിരിയോടെ അവൻ പറഞ്ഞു.

“തനിക്കറിയോ… എന്റെ പപ്പക്കും മമ്മിക്കും എന്നെ ഒട്ടും ഇഷ്ടമല്ലാരുന്നു. എന്നെ മാത്രമല്ല ചേച്ചിയേയും. അവരെ ഞാൻ ശപിച്ചിട്ടുണ്ട് ചില സമയങ്ങളിൽ. വേണ്ടായിരുന്നെങ്കിൽ എന്തിനവരെന്നെ ജനിപ്പിച്ചു? അതുകൊണ്ടല്ലേ ചെറുപ്പം തൊട്ടേ കൂടെ പഠിച്ചവരുടെയും നാട്ടുകാരുടേയുമൊക്കെ കളിയാക്കലുകളും കുത്തുവാക്കുകളും കേൾക്കേണ്ടി വന്നത്. എന്നോട് എന്റെ മമ്മി…സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല…” അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

“വേണ്ട എബി… വീണ്ടും എന്തിനാ ഇതൊക്കെ പറയുന്നേ”

“നീ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്. എന്നെ വേദനിപ്പിക്കണ്ട എന്ന് വെച്ച് നീ കൂടുതലൊന്നും ചോദിച്ചിട്ടില്ലല്ലോ. പപ്പക്കും മമ്മിക്കും അടിച്ചുപൊളിച്ചു നടക്കാൻ ആയിരുന്നെടോ ഇഷ്ടം. ഒരു കുഞ്ഞിനെ അവർ ആഗ്രഹിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞാലുടൻ സമൂഹം ചോദിക്കുന്ന സ്ഥിരം ചോദ്യം ഉണ്ടല്ലോ. വിശേഷം ആയില്ലേ എന്ന്. ആ ചോദ്യവും കുറ്റപ്പെടുത്തലും കേട്ട് മടുത്തിട്ടാവും അവർ ചേച്ചിക്ക് ജന്മം നൽകിയത്. പിന്നെയും വന്നു അടുത്ത ചോദ്യം, മൂത്ത കുട്ടിക്ക് കൂട്ടിന് ആള് വേണ്ടേ. അങ്ങനെ ഞാൻ ജനിച്ചു. പക്ഷെ ഒരമ്മയുടെ വാത്സല്യവും സ്നേഹവും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കുഞ്ഞിലേ നോക്കിയത് വല്യമ്മച്ചിയാ… വല്യമ്മച്ചി പോയപ്പോൾ ഒറ്റക്കായി. എനിക്കോർമ്മയുണ്ട് ചെറുപ്പത്തിലേ ഞങ്ങൾ മക്കളാണ് എന്ന് പറയാൻ പപ്പക്ക് മടിയായിരുന്നു. പപ്പയുടെയും മമ്മിയുടെയും കൂടെ എവിടെയും പോയിട്ടില്ല; കൊണ്ടുപോയിട്ടില്ല. പഠിച്ചതൊക്കെ ബോർഡിങ്‌ സ്കൂളിൽ. കുറേ പേര് സഹായിച്ചിട്ടുണ്ട്. ദൈവത്തിന്റെ കൃപ കൊണ്ട് ഇതുവരെയെത്തി. ഏറ്റവും കൂടുതൽ സഹായിച്ചത് ഞങ്ങടെ പള്ളിയിലെ ജോസഫ് അച്ഛനായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ വരെ മാത്രമേ പപ്പയും മമ്മിയും ഫീസ് തന്നിരുന്നുള്ളു.”

“അവരിപ്പോഴും അമേരിക്കയിൽ തന്നെ ആണോ?”

“അതേ. ഇങ്ങനൊരു മകൻ അവർക്കില്ലത്രേ. എന്റെ ചേച്ചി മിടുക്കിയാണ്. അവഗണന ഏറ്റു വാങ്ങിയെങ്കിലും പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി വാങ്ങി. ഇഷ്ടപ്പെട്ട ആളെത്തന്നെ കല്യാണം കഴിച്ചു ദുബായിൽ സെറ്റിൽ ചെയ്തു. രണ്ട് മക്കളുണ്ട് എന്നറിയാം പക്ഷെ ഞാനവരെ കണ്ടിട്ടില്ല. ചേച്ചിയെ കണ്ടിട്ട് തന്നെ വർഷങ്ങളായി. ഞങ്ങൾ തമ്മിൽ അങ്ങനെ അടുപ്പം ഒന്നുമില്ലായിരുന്നു. ഒന്നാലോചിച്ചു നോക്കിക്കേ, എല്ലാവരും ഉണ്ടായിട്ടും അനാഥനെപ്പോലെ ജീവിക്കേണ്ടി വരുന്നവന്റെ അവസ്ഥ.” ഉള്ളിൽ സങ്കടങ്ങൾ ഒളിപ്പിച്ച് പുറമെ ചിരിച്ചുകൊണ്ടത് പറയുന്ന അവനോട് എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.

“ഇത്രയൊക്കെ ചെയ്തിട്ടും പപ്പയോടും മമ്മിയോടും ദേഷ്യമില്ലേ?”

“എന്തിന്? അവർക്ക് എന്നെ വേണ്ടാ എന്ന സത്യം ഞാൻ അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് അവരുടേതായ തീരുമാനങ്ങൾ കാണില്ലേ. പണ്ട് വെറുപ്പായിരുന്നു, പക്ഷെ ഇന്ന് അങ്ങനെയൊന്നുമില്ല. അവർക്കിഷ്ടപ്പെട്ട പോലെ അവർ ജീവിക്കട്ടെ ന്നേ.”

ഞാനിപ്പോ താമസിക്കുന്നത് അങ്കിളിന്റെ വീട്ടിലാ. അങ്കിളും ഫാമിലിയും നാട്ടിലില്ല. എന്നോടുള്ള സഹതാപത്തിന്റെ പേരിലാ വാടകയൊന്നും തരാതെ അവിടെ താമസിച്ചോളാൻ പറഞ്ഞത്. പക്ഷെ അവർ തിരികെ വന്നാൽ എനിക്ക് പോവേണ്ടി വരും. അടുത്ത മാസം വരുന്നു എന്ന് അറിയിപ്പ് കിട്ടി. ഇനി വാടകക്കൊരു വീട് കണ്ടുപിടിക്കണം. എന്റെ ഇപ്പോഴത്തെ ജോലി കൊണ്ട് എനിക്ക് സുഖമായി കഴിഞ്ഞുപോകാം പക്ഷെ ഒരു പെണ്ണിനെ നല്ലപോലെ നോക്കാനൊന്നും അത് പോരടോ. ആരുമില്ല എന്ന ഒറ്റ കാരണത്താൽ ആണ് ഞാൻ സ്നേഹിച്ച പെൺകുട്ടികൾ എന്നെ ഇട്ടിട്ട് പോയത്. എന്നെക്കുറിച്ചെല്ലാം അറിഞ്ഞിട്ട്, ഇങ്ങോട്ട് വന്ന് ഇഷ്ടപ്പെട്ടിട്ട് അവസാനം കല്യാണം വരെ എത്തിയപ്പോൾ വേണ്ട എന്ന് പറഞ്ഞു. എനിക്ക് വേണ്ടി പെണ്ണ് ചോദിക്കാൻ പോലും ആരുമില്ലല്ലോ”

“ഞാൻ അങ്ങനെ ഇട്ടിട്ട് പോവില്ല” നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“എന്നല്ല ഞാൻ പറഞ്ഞത്. നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. തനിക്ക് ഒരു വലിയ കുടുംബം ഉണ്ട്. എനിക്ക് കുടുംബം ഇല്ല. മാത്രമല്ല മതം, പണം, ജോലി ഇതൊക്കെ ഒരു ഫാക്ടർ ആണ്. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അപ്പനും അമ്മയും ഉപേക്ഷിച്ച് പോയ, ഒരു കുടുംബം ഇല്ലാത്ത ഒരുത്തന് സമൂഹത്തിൽ ഒരു വിലയും കാണില്ലടോ. ഇപ്പഴും ഞാൻ എവിടെയും എത്തിയിട്ടില്ല. കാനഡയിൽ പോയി പഠിച്ച് ജോലി ചെയ്യണമെന്നൊക്ക ആഗ്രഹം ഉണ്ട്…പക്ഷെ പണം വേണ്ടേ. അതുകൊണ്ടാ ഞാൻ പറഞ്ഞത് താൻ എന്നെ അങ്ങനെ കാണരുത്.”

“എനിക്ക് പറ്റുന്നില്ല എബി നിന്നെ മറക്കാൻ… ഞാൻ…ഞാനെന്താ ചെയ്യുക”

“മറന്നേ പറ്റു അനു. തന്റെ സൗഹൃദം കിട്ടിയത് മുതലാണടോ ഒറ്റപ്പെടലിന്റെ വേദന ഞാൻ മറക്കാൻ തുടങ്ങിയത്. തന്നോട് സംസാരിച്ചിരുന്നപ്പോൾ എന്റെ മനസ്സിൽ ഇതൊന്നും വന്നിരുന്നില്ല. എന്റെ സങ്കടങ്ങളെ ഇല്ലാതാക്കാൻ തനിക്ക് കഴിയുമെന്ന് എനിക്ക് തോന്നിട്ടുണ്ട്. പക്ഷെ…നിന്നെ എന്റെ കൂടെ കൂട്ടിയാൽ ശരിയാവില്ല. നീ ഇതുവരെ ജീവിച്ചത് പോലെയുള്ള ഒരു ചുറ്റുപാട് നൽകാൻ എനിക്കാവില്ല. നമുക്ക്…നമുക്കാ സൗഹൃദം മതിയെടോ.”

“മ്മ്…ഞാൻ… ഞാൻ പോവാ എബി” നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് ഞാൻ പറഞ്ഞു.

“ഡോ… താനെന്നോട് പിണങ്ങരുത്. തന്റെ വീട്ടുകാർ സമ്മതിക്കില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാ. അവർക്കും കാണില്ലേ മകളെക്കുറിച്ച് കുറെ സ്വപ്‌നങ്ങൾ. ഞാൻ കാരണം അത് തകരാൻ പാടില്ല.”

ഒരു മങ്ങിയ പുഞ്ചിരി അവനായി നൽകി ഞാനെഴുന്നേറ്റു.

“എബി വിഷമിക്കണ്ട പപ്പയും മമ്മിയും ഒരു നാൾ തന്നെ അംഗീകരിക്കും.”

“എവിടുന്ന്… ഇപ്പൊ ആ പ്രതീക്ഷയൊക്കെ പോയെടോ. സാരമില്ല എനിക്ക് വിഷമം ഒന്നുമില്ലെന്നേ. നേരം ഒരുപാടായില്ലേ വന്നിട്ട് താൻ പൊക്കോ. ഞാൻ ഡ്രോപ്പ് ചെയ്യണോ?”

“വേ…വേണ്ട. ഞാൻ പൊക്കോളാം”

പിന്നീടൊന്നും മിണ്ടാതെ ഞാൻ നടന്നു നീങ്ങി.  തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് നിറകണ്ണുകൾ അമർത്തി തുടക്കുന്ന എബിയെയാണ്.

(അവസാനിച്ചു)