രചന: റിയ അജാസ്
ഒരു അച്ഛനും അമ്മയും ആറും നാലും വയസ്സ് തോന്നിക്കുന്ന രണ്ടു ചെറിയ കുട്ടികളും എൻറെ വീടിന് തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കാൻ വന്നിട്ട് ആറുമാസം ആവുന്നതേയൊള്ളൂ …..
ആ ചേച്ചിയും കുഞ്ഞുങ്ങളും അവിടെ വന്നതിൽ പിന്നെ വീടിന് വെളിയിലിറങ്ങി കാണാറില്ല …..
ഏറെ താമസിക്കാതെ അതിന്റ കാരണം മനസ്സിലായി ഭർത്താവ് ഒരു മുഴുകുടിയനും സംശയ രോഗിയുമാണ് …..
പുറത്തിറങ്ങാനുo ആരോടും മിണ്ടാനൊന്നും അനുവാദമില്ല ….
അയാൾ അവിടെയുള്ള സമയങ്ങളിൽ എല്ലാം കേട്ടാലറയ്ക്കുന്ന തെറിയാണ്…..മിക്കപ്പോഴും ആ ചേച്ചിയെയും മക്കളെയും ഉപദ്രവിക്കുന്നതും കാണാം ….
ആ പെണ്ണിന് അന്വേഷിക്കുവാനും പറയാനും ആരുമില്ല ….പ്രണയത്തിൽ അകപ്പെട്ട് നാടും വീടും ഉപേക്ഷിച്ച് പോന്നതാണ് …. എന്നൊക്കെ അമ്മച്ചിയും അപ്പച്ഛനും പറയുന്നത് കേട്ടു ……
ആ കുഞ്ഞുങ്ങളെ ഇടയ്ക്കെപ്പോഴെങ്കിലുo പുറത്തു കാണുമ്പോൾ ഞാൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട് …..ബാല്യത്തിന്റെതായ ഒരു വാശികളും കുറുമ്പുകളും ഇല്ലാത്ത കുട്ടികൾ ……
ഞാൻ എനിക്ക് താഴെയുള്ള എൻറെ അനിയനെയും അനിയത്തിയെയും ഓർക്കും …..ആ കുട്ടികളെക്കാൾ മുതിർന്നവരാണവർ …..
എന്നാലും അപ്പച്ഛൻ വരുമ്പോഴെക്കും കയ്യിലെ മിഠായിക്കുo പലഹാര പൊതിക്കും അടി കൂടുo…..അപ്പച്ഛൻറെ മടിയിൽ കയറി ഇരിക്കും ….അപ്പച്ഛൻറെ കൂടെ ആന കളിക്കും …. ….. അപ്പച്ഛൻ ഞങ്ങൾക്ക് ഒരുമിച്ചിരുത്തി ഭക്ഷണം വാരി തരും ….
എന്നാൽ അവരുടെ അച്ഛനോ …. അച്ഛനെ കണ്ടാൽ ആ മക്കൾ കിടു കിടാ വിറക്കും …..ഓടി അമ്മയ്ക്ക് പിറകിൽ ഒളിക്കും …..അയാൾ അവർക്ക് കഴിക്കാനുള്ള ചോറ് കൊണ്ടുപോയി പുറകുവശത്തെ തെങ്ങിചുവട്ടിൽ കമ്മിഴ്ത്തികളയും …..
അവരുടെ അച്ഛൻ എന്തായിരിക്കും ഇങ്ങനെ ….പലവട്ടം ആ ചോദ്യം അമ്മച്ചിയോട് ചോദിക്കാൻ മനസ്സ് വെമ്പി….പക്ഷേ ആ ചോദ്യത്തോടൊപ്പം അയാളുടെ മുഖവും എൻറെ മനസ്സിലേക്ക് കടന്ന് വരുമ്പോൾ ആ ചോദ്യം മാത്രം പുറത്തേക്ക് വന്നില്ല …..
എൻറെ നോട്ടം അയാൾ അവിടെ ഇല്ലാത്ത സമയങ്ങളിൽ മിക്കപ്പോഴും അങ്ങോട്ട് ആയിരിക്കും ….ഒരിക്കൽ പോലും അവരെ പുറത്തു കാണാറില്ല …..അപ്രതീക്ഷിതമായി കണ്ടാലും അവർ കണ്ടഭാവം നടിക്കാറില്ല …..
ഒരു ദിവസം നേരം പുലരുമ്പോൾ അയാൾ മരിച്ചെന്ന വാർത്തയാണ് ഞങ്ങൾ അറിയുന്നത് …..ശാന്തമായ ഒരു കാറ്റ് പോലെ ആരിലും ഭാവ വ്യത്യാസങ്ങളൊന്നും സൃഷ്ടിക്കാത്ത ഒരു മരണ വാർത്ത…
കേട്ടപ്പോൾ എൻറെ മനസ്സ് ഒന്ന് പിടഞ്ഞു ……അച്ഛൻ ഇല്ലാതെ എങ്ങനെയാ രാത്രി അവർ ഒറ്റയ്ക്ക് ഉറങ്ങാനാവുന്നത് …..
അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ആര് പൈസ കൊടുക്കുo……
വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇനി ആര വാങ്ങി വരിക ……
എന്റെ മനസ്സിൽ അങ്ങനെ കുറെ ചോദ്യങ്ങൾ മിന്നി മറിഞ്ഞു ……
എന്റെ അപ്പച്ഛനെങ്ങാനും മരിച്ചാൽ ….. ഈശോയെ….. ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു …. കൈയ്യും കാലും വിറക്കുന്നു …..
അയാളുടെ മൃതദേഹത്തിനരികിൽ കരയാതെ ചിരിക്കതെ ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ …..എന്തോ ചിന്തയിൽ എന്ന പോലെ ചേച്ചി ഇരിക്കുന്നുണ്ട് …..
അടുത്ത് തന്നെ അച്ഛനെ ഭയന്നിരുന്ന മക്കൾ …. തെല്ലും ഭയമില്ലാതെ അച്ഛന്റെ ജീവനില്ലാത്ത ശരീരത്തിനോട് ചേർന്നിരിക്കുന്നുണ്ട് ….
കുറെ കഴിഞ്ഞ് അയാളുടെ നാട്ടിൽ നിന്ന് കുറച്ച് പേർ വന്ന് ബോഡി കൊണ്ട് പോയി…… പതിയെ അയൽക്കാരും നാട്ടുകാരും തിരികെ പോയി …..
ആ അമ്മയും മക്കളും ആ വീട്ടിൽ തനിച്ചായി …..
സന്ധ്യായവാറയപ്പോ എന്റെ അമ്മച്ചി അവർക്ക് അത്താഴത്തിനുള്ള കുറച്ച് ചോറ് കറിയും കൊണ്ട് കൊടക്കാനായി അങ്ങോട്ട് പോയി …..
അതിന്റെ ഒപ്പം ഞാനും അപ്പച്ചൻ കൊണ്ട് വന്ന ഒരു പാക്കറ്റും ഉണ്ണിയപ്പവും കാവറുത്തതുമായി അമ്മച്ചിയുടെ പുറകെ ഓടി ….
അത് ആ മക്കളുടെ കയ്യിൽ കൊടുത്തു ….. നിഷ്കളങ്കമായ ചിരിയോടെ അവർ അത് വാങ്ങി കൗതുകത്തോടെ ആ പായ്ക്കറ്റ് തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു ……
ഇടയ്ക്കിടയ്ക്ക് അവരുടെ അമ്മയുടെ മുഖത്തേക്കും നോക്കുന്നുണ്ട് …..
പിറ്റേ ദിവസം രാവിലെ ഞാൻ പല്ലുതേച്ച് കൊണ്ടിരിക്കുമ്പോഴാണ് ആ ചേച്ചി ഞങ്ങളുടെ വീട്ടിലേക്ക് കയറിവരുന്നത് കാണുന്നത് ……ബ്രഷ് അവിടെ വെച്ച് വായും കഴുകി വേഗം അടുക്കളയിലേക്ക് ഓടി …..
അടുക്കളയിൽ പൂരിക്കുള്ള മാവ് കുഴച്ചുകൊണ്ടിരുന്ന അമ്മച്ചിയെ പിടിച്ച് വലിച്ച് മുൻവശത്തെ തിണയിൽ നിർത്തി….അപ്പോഴേക്കും ചേച്ചി മുൻവശത്ത് എത്തിയിരുന്നു ……
അമ്മച്ചിയെ കണ്ട ചേച്ചി മടിച്ച് മടിച്ച് ചോദിച്ചു….. ചേച്ചി എനിക്കൊരു സഹായം ചെയ്യാമോ….
എന്താണ് മീരാ പറഞ്ഞോളൂ . .ഞങ്ങൾക്ക് പറ്റുന്നതാണെങ്കിൽ ചെയ്യാം….
വേറൊന്നുമല്ല ചേച്ചി…. എനിക്കും മക്കൾക്കും കഴിയണമെങ്കിൽ എന്തെങ്കിലും ഒരു ചെറിയ ജോലി വേണ്ടേ….
ടൗണിൽ പോയി അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടിയേക്കും…. ഞാൻ പോയി വരുന്നതുവരെ എൻറെ മക്കളെ ഒന്ന് ഇവിടെ നിർത്താൻ പറ്റുമോ….അവര് വികൃതി ഒന്നും കാണിക്കില്ല ….
അതിനെന്താ മീര…. ഇവിടെ ആക്കിയിട്ട് ധൈര്യമായിട്ട് പൊയ്ക്കോ…. എൻറെ മക്കൾടെ കൂടെ ഇവിടെ ഇരുന്ന് കളിച്ചോളൂo …..
അമ്മച്ചിയുടെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ടിട്ടാണെന്ന് തോന്നുന്നു ….ആ ചേച്ചിക്ക് വലിയ സന്തോഷമായി ……
അമ്മച്ചി ചോദിച്ചു ……മീര ഇതിനുമുമ്പ് എന്തെലും ജോലിക്ക് പോയിട്ടുണ്ടോ ……എത്ര വരെ പഠിച്ചിട്ടുണ്ട് …..
ഡിഗ്രി വരെ പഠിച്ചിട്ടുണ്ട് ……കുറച്ചുനാൾ കമ്പ്യൂട്ടറും പഠിക്കാൻ പോയി …കല്യാണത്തിനു മുമ്പ് ഒരു ഫാർമസിയിൽ അക്കൗണ്ടന്റ് ആയിട്ട് പോകുന്നുണ്ടായിരുന്നു ……
കല്യാണം കഴിഞ്ഞ് പിന്നെ ഒന്നിനും പോയിട്ടില്ല …..ചെറിയ എന്തെങ്കിലും ഒരു ജോലി മതിയായിരുന്നു….. എനിക്കും മക്കൾക്കും കഴിയാൻ…..
കിട്ടും ….. മീര …..അന്വേഷിച്ചിട്ട് വാ …..
ചേച്ചി പോയി കഴിഞ്ഞ് അമ്മച്ചി അകത്തേക്ക് പോകുമ്പോൾ പറയുന്നത് കേട്ടു……
ഇത്രയും നാൾ പട്ടിണിയും പരിവട്ടവുമായി കൂട്ടിലടച്ച കിളിയെപ്പോലെ ഒരു കള്ളുകുടിയന്റെ ഭാര്യയായി ജീവിച്ചു …..
കർത്താവേ നീ നല്ലൊരു ജോലി ആ പെൺകൊച്ചിന് കൊടുത്തേക്കണേ ….ആ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പട്ടിണി അറിയിക്കാതെ വളർത്താനെങ്കിലും …..
കുറച്ചുസമയം കഴിഞ്ഞ് ചേച്ചി മക്കളെ വീട്ടിലാക്കി പോയി …..
മുൻവശത്തെ തിണ്ണയിൽ നിന്നും ആ കുഞ്ഞുങ്ങൾ മുറ്റത്തേക്ക് ഇറങ്ങുകയോ…..അകത്തേക്ക് കയറുകയോ ചെയ്തില്ല …..അവിടെ തന്നെ ഇരുന്നു …..
എൻറെ അനുജനും അനുജത്തിയും കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടങ്ങളിലേക്ക് കൗതുകത്തോടെ നോക്കിയതല്ലാതെ ഒന്നിലും തൊട്ട് പോലും നോക്കിയില്ല ….
കുറച്ച് സമയം കഴിഞ്ഞ് അപ്പച്ചൻ വന്നപ്പോൾ …..അപ്പച്ചനെ കണ്ടപ്പോൾ അവരുടെ അച്ഛനെ ഓർമ്മ വന്നിട്ട് ആയിരിക്കാം ….ഒന്ന് ഭയന്നിട്ട് എന്നപോലെ പോലെ പരസ്പരം രണ്ടുപേരും കുറച്ചുകൂടി അടുത്തിരുന്നു …..
അപ്പച്ചൻറെ കയ്യിലെ മിഠായിപ്പൊതി അനിയനും അനുജത്തിയും പോയി തട്ടിപ്പറിച്ച് വാങ്ങി പങ്കെടുത്തപ്പോൾ അമ്മച്ചി അത് വാങ്ങി ആ കുട്ടികൾക്കും ഈരണ്ടെണ്ണം കൊടുത്തു ….
അതിന് പരിഭവിച്ച രണ്ടുപേർക്കും അമ്മച്ചി നല്ല വഴക്കുo പറഞ്ഞു …
എൻറെ വീതം മിഠായി ഓരോന്ന് കൂടി ആ കുഞ്ഞു കൈകളിലേക്ക് വെച്ചു കൊടുക്കുമ്പോഴും ആദ്യം കൊടുത്ത മിഠായിയും അവരുടെ കയ്യിലുണ്ടായിരുന്നു. :
എന്തേ കഴിക്കാത്തെ എന്ന എൻറെ ചോദ്യത്തിന് …..അമ്മ വരുമ്പോൾ അമ്മയ്ക്കും കൊടുത്ത് കഴിച്ചോളാമെന്ന് മറുപടി പറഞ്ഞു …..
കുറച്ച് സമയം കഴിഞ്ഞ് അവരുടെ അമ്മ വന്നു …..ചെറിയ ഒരു ജോലി ആയിട്ടുണ്ട്…..
ടൗണിലെ സൂപ്പർ മാർക്കറ്റിൽ ബിൽഗിoങ്ങിലാണെന്ന് അമ്മച്ചിയോട് പറഞ്ഞു …..
വൈകിട്ട് അപ്പച്ചൻ ടൗണിലേക്ക് ഇറങ്ങിയപ്പോൾ ….അമ്മച്ചി വലിയൊരു ലിസ്റ്റ് അപ്പച്ചന്റെ കയ്യിൽ കൊടുത്തു…..അത് പതിവുള്ളതാണ് …..ഒരു മാസത്തേക്ക് വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ടൗണിൽ നിന്ന് ഒരുമിച്ചാണ് വാങ്ങിക്കുന്നത് …..
അപ്പച്ചൻ വന്നപ്പോൾ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു …..അതു കണ്ട് ഞങ്ങൾ മൂന്നു പേരും വേഗം ചുറ്റുംകൂടി…..ഞങ്ങൾക്ക് ആയിട്ട് എന്തേലും സ്പെഷ്യലായി അമ്മച്ചി വാങ്ങിപ്പിക്കും …..
ഇത് കണ്ട് അമ്മച്ചി പറഞ്ഞു …..അതിൽ നിന്നും ഒന്നും എടുക്കണ്ട …..അത് നമുക്കുള്ളതല്ല …..
അപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി അത് അപ്പുറത്തേക്ക് ഉള്ളതാണെന്ന് …..
വൈകിട്ട് അമ്മച്ചി സാധനങ്ങളുമായി അവരുടെ വീട്ടിലേക്ക് പോയപ്പോൾ ….വാലു പോലെ ഞാനും പോയി …..
അമ്മച്ചി അടുക്കളയിൽ കൊണ്ടുപോയി സാധനങ്ങളെല്ലാം ചേച്ചിയെ ഏൽപ്പിക്കുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…..ഇതൊന്നും വേണ്ടായിരുന്നു ചേച്ചി …..ഒരുപാട് പൈസയായില്ലേ …..ഞങ്ങൾക്ക് വേണ്ടി എന്തിനാ വെറുതെ …..
അങ്ങനെയൊന്നും കരുതണ്ട മീരാ …..ഒരു കൂടപ്പിറപ്പിനെ പോലെ കരുതിയാൽ മതി …..
മടിക്കേണ്ട …..
എന്ത് സഹായം വേണമെങ്കിലും ചോദിച്ചോളൂ ….. ഞങ്ങളെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ചെയ്തുതരാം ……
തിരികെ വീട്ടിലേക്ക് ഞങ്ങൾ പോരാൻ ഇറങ്ങിയപ്പോൾ ചേച്ചി അമ്മച്ചിയോട് ചോദിച്ചു …..
ചേച്ചി ഇവിടെ ഡാൻസ് ക്ലാസ് തുടങ്ങിയാൽ പഠിക്കാൻ കുട്ടികളെ കിട്ടുമോയെന്ന്….
എന്തിനാ മീര ….. മീരയ്ക്ക് തുടങ്ങുവാനാണോ …. ഡാൻസ് ഒക്കെ അറിയുമോ മീരയ്ക്ക് ……അമ്മച്ചി ആകാംക്ഷയോടെ ചോദിച്ചു …..
കുഞ്ഞുനാൾ മുതൽ ഡാൻസ് പഠിച്ചതാ …..സ്കൂളിലും കോളേജിലുമോക്കെ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു…..ചെറിയ ചെറിയ സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട് …..
ഒഴിവ് ദിവസങ്ങളിലും രാവിലെയുള്ള സമയത്തും കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു……ചേച്ചി പ്രതിക്ഷയോടെ പറഞ്ഞു ::
അതിനെന്താ മീരാ നല്ല കാര്യമല്ലേ ……അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുന്നത് ….. മീരക്ക് അതൊരു ചെറിയ വരുമാനവും ആവുമല്ലോ…..
ആദ്യം ഞാൻ എൻറെ രണ്ടു മക്കളെ വിടാം …..പിന്നെ ഞാൻ അറിയുന്നവരോട് പറയാം മീര ഡാൻസ് പഠിപ്പിക്കുന്ന കാര്യം …..അറിയുമ്പോൾ കുട്ടികളൊക്കെ വരുന്നേ …. അമ്മച്ചി ചേച്ചിയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു…..
അമ്മച്ചിയുടെ വർത്തമാനം കേട്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ …..
രണ്ട് ദിവസം മുമ്പ് സ്കൂളിലെ ഡാൻസ് ക്ലാസ്സിന് ചേരാൻ വാശിപിടിച്ച് നിരാഹാരം കിടന്നപ്പോ …..അത് കണ്ടില്ലെന്ന് നടിച്ച് …..എന്നിലെ കലാകാരിയെ പട്ടിണിക്കിട്ടു…..അത് പോരാത്തതിന് ഒരു ഡാൻസുകാരിയവാനുള്ള എൻറെ മോഹത്തെ ഒറ്റ ഡയലോഗിന് അപ്പുറത്തെ പറമ്പിലേക്ക് തൊഴിച്ചിട്ടായാളാണ് ഈ പറയുന്നത് ….
അല്ലെങ്കിൽ തന്നെ ഒരക്ഷരം പഠിക്കില്ല …..എന്നിട്ട് ഇനി അവൾക്ക് തുള്ളാൻ പഠിക്കാൻ പോണം ….പോയിരുന്ന് രണ്ടക്ഷരം പഠിക്ക് പെണ്ണേ ….എൻറെ കയ്യിൽ നിന്നും നല്ല പെട കിട്ടാണ്ട് എന്ന് പറഞ്ഞു തുള്ളിയ ആളാണ് ….ഇപ്പൊ
കലയെയും കലാകാരിയെയും പ്രോത്സാഹിപ്പിക്കുന്നത് …..
എന്തായാലും സംഭവം കലക്കി …..എന്റെ ഡാൻസ് പഠിക്കാനുള്ള ആഗ്രഹം സഫലമായിലോ …..ഞാൻ തുള്ളിച്ചാടി…..സന്തോഷo കൊണ്ട് മാനത്ത് വലിഞ്ഞ് കേറിയാലോ എന്നു വരെ ഞാൻ ആലോചിച്ചു …..പക്ഷേ കേറിയില്ല അതിനുമുമ്പ് അമ്മച്ചി ഒരു നോട്ടം ……
പിന്നെയും ദിവസങ്ങൾ കടന്നു പോയി ……ആ ചേച്ചിയുടെയും കുട്ടികളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വന്നു …..
ഇപ്പോൾ ആ വീട്ടിൽനിന്നും ആളനക്കം കേൾക്കാം ……കുട്ടികളുടെ കളിയും ചിരിയും കരച്ചിലും കേൾക്കാം ……
മക്കളെ ചേച്ചി ശകാരിക്കുന്നത് കേൾക്കാം ……
ആ അടുക്കളയിൽ നിന്ന് ഇടയ്ക്ക് ഒക്കെ കൊതിയൂറുന്ന വിഭവങ്ങളുടെ മണം അന്തരീക്ഷത്തിലെങ്ങുo പരക്കാറുണ്ട് ::..
എനിക്കും അനിയത്തിക്കും ചേച്ചി മറി ഞങ്ങളുടെ ഡാൻസ് ടീച്ചറായി…..ഞങ്ങൾക്ക് മാത്രം അല്ലാട്ടോ….അവധിദിവസങ്ങളിൽ 35 കുട്ടികളുടെ അടുക്കെ ഡാൻസ് പഠിക്കാൻ വരുന്നുണ്ട് അവിടെ….
ജീവിക്കാനുള്ള ഓട്ടവും മക്കളെ വളർത്തുവാനുള്ള പെടാപ്പാടുo നല്ല പോലെയുണ്ട്……
എന്നാലും അയാളുടെ മരണം ആ മൂന്ന് ജീവിതങ്ങൾക്ക് നൽകിയ കാറ്റും വെളിച്ചവും വാക്കുകളിൽ തീരില്ല …..
ചില മരണങ്ങൾ ……ചിലപ്പോഴൊക്കെ അനുഗ്രഹമാണ് ….ചിലരുടെയൊക്കെ ജീവിതത്തിൽ …..

