രണ്ടാം ബാല്യം ~ രചന: അനഘ “പാർവ്വതി”
എത്ര വേഗം ദിവസങ്ങൾ ഓടി മറയുന്നു. മഴക്കാറ് മാറി മാനം തെളിഞ്ഞു.
മം.വേനൽ കാലത്ത് മഴപൊഴിച്ചും മഴക്കാലത്ത് വരാതെയും പ്രകൃതിയും കബളിപ്പിക്കാൻ തുടങ്ങി.
നമ്മുടെ കിണറു കഴിഞ്ഞ വേനലിന് വറ്റി. സുമ ആകെ വലഞ്ഞു. ഇത്ര വർഷത്തിൽ ആദ്യമായി. ഇനി ഈ വർഷം മുൻസിപ്പലിറ്റിയിൽ നിന്ന് എന്തോ ഏർപ്പാട് ചെയ്യണമെന്ന്. വീടിൻ്റെ ചുറ്റും ഇപ്പോ കട്ടയിട്ടെക്കുവല്ലെ. അതാവും.അതിനും ഒത്തിരി പണമായിന്ന്. അതാത്രെ ഇപ്പൊ എല്ലാരും ചെയ്യുന്നേ.
രണ്ടു ദിവസത്തിനു ശേഷം പനി മാറി കുഞ്ഞൂട്ടൻ ഇന്നാണ് ഇസ്കൂളിൽ പോയേ.എന്നും കുഞ്ഞുങ്ങൾക്ക് അസുഖമാന്ന്.വിഷം അല്ലേ കഴിക്കണെ. അല്ല. ഒന്നോർത്തെ നമ്മുടെ വീടിന് മുന്നിലെ പാടം ഒക്കെ ആ മേലെടത്തെ ഇളയ കുട്ടി വിറ്റു.എന്തോ വല്യ കെട്ടിടം പണിയാൻ.
പിന്നേ….ലത ഇന്നും വിളിച്ചു. അവിടേക്ക് ചെല്ലാൻ. എന്തോ പോവാൻ തോന്നിയില്ല. അത്രേം യാത്ര ചെയ്യാൻ വയ്യ. അവിടെയൊക്കെ എന്തോരം മാറ്റങ്ങളാണെന്നോ. ഇപ്പൊ റോഡിന് മുകളിലൂടെ തീവണ്ടി പോകും. നമ്മൾ ബോംബയ്ക്ക് ചന്ദ്രൻ്റെ വീട്ടിൽ പോയപ്പോൾ അവൻ നമ്മളെ കൊണ്ടുപോയില്ലേ. അതുപോലെ. അതുകൊണ്ട് ഇപ്പൊ കൃഷ്ണന് ജോലിക്ക് പോവാൻ എളുപ്പമാണെന്ന് ലത പറഞ്ഞു.
കൃഷ്ണൻ്റെ അനിയത്തിടെ മോൾടെ കല്യാണമായിത്രെ. ആ തിരക്കിൽ ഞാനൂടെ ചെന്നാൽ കുട്ടികൾക്ക് എങ്ങോട്ടെങ്കിലും ഇറങ്ങണമെങ്കിൽ ബുദ്ധിമുട്ടാവും. അവര് സ്നേഹം കൊണ്ട് വിളിക്കുമെങ്കിലും ഞാൻ വേണ്ടേ ഇതൊക്കെ ആലോചിക്കാൻ.ഇവിടുന്ന് രവി പോകും. സുമയും കുഞ്ഞുങ്ങളും പോകുന്നുണ്ടാവില്ല. അതും ഞാൻ കാരണം.
മം…ലേശം ലേശമായി ഓർമ കുറയുന്നു. നമ്മുടെ ചന്ദ്രൻ്റെ ഇളയ കുട്ടിയെ കണ്ടിട്ട് എനിക്ക് ഓർമകിട്ടുന്നില്ല. ചിലപ്പോ ഒട്ടും ഓർമയില്ല.ഇനി ഞാനെൻ്റെ മക്കളെം മറക്കുമോ രാമേട്ടാ.
എന്നും രാവിലെ കുട്ടികളെല്ലാം കൂടെ വിളിക്കും. അവരെ കാണാനും പറ്റും. കാലം പോയ പോക്കെ. ബോംബയിൽ നിന്ന് ചന്ദ്രനും അവൻ്റെ പെണ്ണും, എറണാകുളത്ത് നിന്ന് ലത,കൃഷ്ണനും ഇടക്ക് ലതേടെ അടുത്ത് വന്നു നിൽക്കും. ഇവരൊക്കെ രവീടെ ഫോണിലേക്ക് വിളിക്കും.നമ്മുടെ പഴയ കറക്കുന്ന ഫോണല്ല. ഇതില് തൊട്ടാമതി.
മക്കളും മരുമക്കളും ഇപ്പോഴും ഈ കിഴവിയെ സ്നേഹിക്കുന്നു. ഭാഗ്യമാണ്. പക്ഷേ അവർക്ക് ഒരു ബാധ്യതയാകുന്നു എന്ന് തോന്നുവാ. ജാതകത്തിൽ ഉണ്ടാവും.
കുട്ടികൾ പഠിപ്പ് കഴിഞ്ഞു വന്നൂന്ന് തോന്നുന്നു.എന്നും നേരെ ഇവിടേക്ക് വരും. ഇന്ന് കണ്ടില്ല.
എന്തോ നനവ് തോന്നുന്നല്ലോ. ഇതിപ്പോ എന്ത് ചെയ്യും. വിളിക്കണോ. സുമ തിരക്കിലാവും.
നിങ്ങൾക്കെന്നെ കൊണ്ടുപോകാൻ പറ്റില്ലേ രാമേട്ടാ. ഈ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കാതെ.
😕😕😕😕😕😕😕😕😕😕
“അമ്മേ. അമ്മ ആരോടാ ഈ സംസാരിക്കുന്നത്. ആഹാ അച്ഛൻ്റെ ഫോട്ടോ. ഇതെവിടുന്നാ. ഓഹോ.അപ്പോ ഞങ്ങൾ മക്കളുടെ കുറ്റം പറയുവാരിക്കും”
പോടാ. ഇത് കുഞ്ഞോൾ എടുത്തു തന്നതാ. അവര് പഠിക്കാൻ പോയിട്ട് വരുന്ന വരെ എനിക്ക് മിണ്ടാൻ. സമയം പോകണ്ടേ. നീ ഇന്ന് നേരത്തെ എത്തിയോ. മക്കളെയും സുമേം ഇന്ന് കണ്ടില്ല.
അവള് അടുക്കളയിലുണ്ട്. എന്തോ സ്പെഷ്യൽ ഉണ്ടാകുന്നു. അമ്മ എന്തേലും കൊതി പറഞ്ഞോ. അമ്മക്ക് തന്നിട്ട് എടുത്താൽ മതീന്ന് പറഞ്ഞതിന് പിള്ളാരുമായി ഗുസ്തിയാ.
ഈ പെണ്ണിൻ്റെ കാര്യം.ഞാൻ രാവിലെ തമാശക്ക് പറഞ്ഞതാ. എന്നും ഇവിടെ പണ്ട് കപ്പ പുഴുക്ക് ഉണ്ടാക്കുമെന്ന്. മം. നീ കേറി വാ. എന്തിനാ വാതിക്കൽ നിക്കുന്നെ.
കുളിച്ചിട്ട് വരാമെന്ന് കരുതി. ഇനി പിന്നെ കുളിക്കാം.
മടിയൻ.
അല്ല അമ്മേ എന്താ ഒരു സ്മെൽ. ഇതെന്താ മെത്ത നനഞ്ഞ്. സുമേ….. സുമേ.
ഏട്ടാ…എന്തിനാ നിലവിളിക്കുന്നത്.
നീ ഇന്ന് അമ്മക്ക് ഡയപ്പർ വെച്ചില്ലെ. അമ്മ ഇത്ര നേരം ഇങ്ങനെ നനഞ്ഞ്.
അയ്യോ രവിയേട്ട അമ്മ വിളിച്ചില്ല. ഞാനും തിരക്കിലായി. ഡയപ്പർ എപ്പോഴും വെച്ചാൽ ബുദ്ധിമുട്ടായാലോ എന്നോർത്ത് വച്ചില്ല. ഞാൻ ഇവിടിന്ന് ഉണ്ടല്ലോ.
അവളെ വഴക്ക് പറയാതെ രവി. ഞാനാ വിളിക്കാതിരുന്നത്. നിങ്ങളെ ഇങ്ങനെ ഇടക്കിടക്ക് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി. സുമക്ക് ഒന്നാമത് , തന്നെ നടക്കാൻ വയ്യ. എന്നിട്ടും അവളെൻ്റെ കാര്യങ്ങള് ഒരു മുടക്കം വരാതെ നോക്കുമ്പോൾ ഞാനും അവളെ ബുദ്ധിമുട്ടിക്കാതെ നോക്കണ്ടെ.
നിങ്ങളെയൊക്കെ ഇങ്ങനെ പാടുപെടുത്താതെ എന്നേ അങ്ങ് വിളിച്ചിരുന്നെങ്കിൽ. എത്ര കാലമായി ഇതേ കിടപ്പ്. രാമേട്ടൻ ഭാഗ്യവാനാണ്. ആരേം കഷ്ടപ്പെടുത്താതെ പോയില്ലേ. ഞാൻ എന്തോ പാപം ചെയ്തിട്ടുണ്ടാകും.
“അങ്ങനെയാണോ. ഞാൻ കുഞ്ഞിലെ ഇങ്ങനെ മൂത്രമൊഴിക്കുന്നതും മെത്ത നനയിക്കുന്നതും അമ്മക്ക് ബുദ്ധിമുട്ടായിരുന്നോ. രാത്രി മുഴുവൻ കരയുന്നത് , ആഹാരം കഴിക്കാൻ സമ്മതിക്കാതിരുന്നത് , എപ്പോഴും എടുത്തു കൊണ്ട് നടക്കാൻ വാശിപിടിക്കുന്നത്. ഇതൊക്കെ അമ്മക്ക് സന്തോഷമായിരുന്നു. അപ്പോ ഞങ്ങടെ അമ്മയെ നോക്കുന്നത് എനിക്കും ഇവൾക്കും എങ്ങനെ ബുദ്ധിമുട്ടാവും.
മോനെ..അമ്മ അങ്ങനെയല്ല പറഞ്ഞത്.
വേണ്ട. ഒന്നും പറയണ്ട. എനിക്ക് മനസ്സിലാകും അമ്മയെ. വീടിന്ചുറ്റും ഓടി നടന്നിട്ട് ഇങ്ങനെ കിടക്കുന്നെൻ്റെ വിഷമം. ഞാനില്ലെ അമ്മാ..നമുക്ക് പുറത്തൊക്കെ പോയി കാറ്റുകൊള്ളാം. അതോ പ്രാണനാഥനെ ഓർത്തിട്ടാണോ.
ഈ ചെക്കൻ. വയസ്സ് അമ്പതായി. എന്നിട്ടാ കുഞ്ഞുകളി.
പിന്നല്ലാതേ. ഒരു നേരം ഞങ്ങളെ കാണാതിരിക്കാൻ പറ്റാത്ത ആളാണ് മരിക്കുന്നത് പറയുന്നത്. ഏഴാം മാസം ഈ നിൽക്കുന്ന മരുമോൾ വീട്ടിൽ പോയേന് പിറ്റേന്ന് എന്നെ കൊണ്ട് തിരിച്ചുവിളിപ്പിച്ച ആളാ. ഇവളും മോശമല്ല.
നീ പോടാ. അവളെൻ്റെ കുഞ്ഞാ.
ഓഹോ ഇപ്പൊ നിങ്ങള് ഒറ്റ. ഞാൻ പുറമ്പോക്ക്. നടക്കട്ടെ. ഇപ്പൊ നമുക്ക് കുളിക്കാം. അമ്മ വാ. എന്നെ പിടിക്ക്.
വേണ്ട. ഇന്ന് രാവിലെ കുളിച്ചതാ. ഇന്നിനി വേണ്ട.
അയ്യാ… പണ്ട് രണ്ടു നേരം കുളിച്ചില്ലേൽ വീടിന് ചുറ്റും ഓടിച്ച ആളാ. പ്രതികാരം എനിക്ക് വീട്ടണം. സുമേ നീ കസേര എടുത്തിട്. ഹീറ്റർ ഓണാക്ക്.
😊😊😊😊😊😊😊😊😊😊
എന്താ അമ്മേ നോക്കുന്നേ.
പണ്ട് ഞാൻ നിന്നെ ഇങ്ങനെ കയ്യിൽ കോരി കൊണ്ടുപോകും കുളിപ്പിക്കാൻ. ഇന്ന് നീ എന്നേ എടുക്കുന്നു.
അതല്ലേ എൻ്റെ പദ്മിനികുട്ടി വാർദ്ധക്യം രണ്ടാം ബാല്യമാണെന്ന് പറയുന്നത്.
ഹഹഹ…..
ശുഭം

